Connect with us

National

പൗരത്വ നിയമ ഭേദഗതി: കേരളത്തില്‍ സംയുക്ത പ്രക്ഷോഭത്തിന് തീരുമാനം: തിങ്കളാഴ്ച പ്രതിഷേധ സത്യഗ്രഹം

Published

|

Last Updated

തിരുവനന്തപുരം | പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരുമിച്ചു സമരം നടത്താന്‍ കേരള സര്‍ക്കാറിന്റെയും പ്രതിപക്ഷത്തിന്റെയും തീരുമാനം. ഇതിന്റെ ഭാഗമായി ഡിസംബര്‍ 16ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ സത്യഗ്രഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംബന്ധിക്കും. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത സമര പരിപാടി തീരുമാനിച്ചത്. മന്ത്രിമാരും എല്‍ ഡി എഫ്, യു ഡി എഫ് നേതാക്കളും സത്യഗ്രഹത്തില്‍ പങ്കെടുക്കും.

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയുള്ള സത്യഗ്രഹത്തില്‍
സാംസ്‌കാരിക-കലാ-സാഹിത്യ മേഖലകളിലെ പ്രമുഖര്‍ പ്രസംഗിക്കും. നവോഥാന സമിതി പ്രവര്‍ത്തകരും സമരത്തിനുണ്ടാകും. പ്രക്ഷോഭത്തിന് മുഴുവന്‍ ജനവിഭാഗങ്ങളുടെയും സഹകരണം മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.