Connect with us

National

റേപ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് വര്‍ധിച്ച് വരുന്ന ബലാത്സംഗ കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടി നടത്തിയ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. താന്‍ ഉദ്ദേശിച്ചത് തനിക്ക് വ്യക്തമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പാര്‍ലിമെന്റിന് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ അഗ്നിക്കിരയാക്കിയതിനും ഇന്ത്യയുടെ സമ്പദ് ഘടന തകര്‍ത്തതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മാപ്പ് പറയേണ്ടതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.

പ്രധാനമന്ത്രി “മെയ്ക്ക് ഇന്‍ ഇന്ത്യ”യെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രതീക്ഷിച്ച് ഒരാള്‍ പത്രം തുറക്കുമ്പോള്‍ കാണുന്നത് നിരവധി ബലാത്സംഗ കേസുകളാണ് – രാഹുല്‍ പറഞ്ഞു. പൗരത്വ നിയമത്തെച്ചൊല്ലി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

ഝാര്‍ഖണ്ഡില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഇത് മെയ്ക്ക് ഇന്‍ ഇന്ത്യയല്ല, റെയ്പ് ഇന്‍ ഇന്ത്യയാണ് എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഭരണകക്ഷിയായ ബിജെപി പ്രസ്താവനക്കെതിരെ ശക്തമായി രംഗത്ത് വന്നതോടെ പാര്‍ലിമെന്റ് ഇന്ന് ശബ്ദമുഖരിതമായി. ചരിത്രത്തില്‍ ആദ്യമായി ഒരു നേതാവ് ഇന്ത്യന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് വ്യക്തമായ സന്ദേശം നല്‍കുകയാണെന്നും രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം ഇതാണെങ്കില്‍ അദ്ദേഹത്തെ ശിക്ഷിക്കണമെന്നുമായിരന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ലോക്‌സഭയിലെ പ്രതികരണം. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന ആളുകള്‍ക്ക് പാര്‍ലിമെന്റില്‍ അംഗമാകാന്‍ ധാര്‍മ്മിക അവകാശമില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

അതേസമയം, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനെതിരെ സര്‍ക്കാരിനെ ചോദ്യം ചെയ്തുകൊണ്ട് രാഹുല്‍ നടത്തിയ പരാമര്‍ശത്തെ ഡിഎംകെയുടെ കനിമോഴി ന്യായീകരിച്ചു. പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തെ ഞങ്ങള്‍ മാനിക്കുന്നു. സമ്പദ്‌വ്യവസ്ഥ വളരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? അതാണ് രാഹുല്‍ ഗാന്ധി ഉദ്ദേശിച്ചത്. നിര്‍ഭാഗ്യവശാല്‍, മെയ്ക്ക് ഇന്‍ ഇന്ത്യ നടക്കുന്നില്ല, രാജ്യത്ത് സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നു. ഇതൊരു ആശങ്കയാണെന്നും കനിമൊഴി പറഞ്ഞു.