Connect with us

National

മെയ്ക് ഇന്‍ ഇന്ത്യയല്ല ,റേപ് ഇന്‍ ഇന്ത്യ; രാഹുലിന്റെ പ്രസ്താവനയില്‍ ലോക്‌സഭയില്‍ പ്രതിഷേധം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെയുള്ളഅതിക്രമങ്ങള്‍ പരാമര്‍ശിച്ച് നടത്തിയ പ്രസ്താവനക്കെതിരെ രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭയില്‍ബിജെപി എംപിമാരുടെ പ്രതിഷേധം. “മെയ്ക് ഇന്‍ ഇന്ത്യ” അല്ല “റേപ് ഇന്‍ ഇന്ത്യ”യാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് പ്രതിഷേധത്തിനിടയാക്കിയത്. കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ്പൊതുയോഗത്തിലാണ് രാഹുല്‍ പ്രസ്താവന നടത്തിയത്. ബഹളത്തെ തുടര്‍ന്ന് 15 മിനുട്ടോളം സഭ നിര്‍ത്തിവെച്ചു.

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഇന്ത്യയിലെ മുഴുവന്‍ സ്ത്രീകളെയും അപമാനിക്കലാണെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രാഹുല്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന സാഹചര്യം സൂചിപ്പിച്ചാണ് രാഹുല്‍ ഗാന്ധി പരാമര്‍ശം നടത്തിയത്. നരേന്ദ്ര മോദി പറയുന്നത് മെയ്ക് ഇന്‍ ഇന്ത്യ എന്നാണ്. എന്നാല്‍, എവിടെ നോക്കിയാലും റേപ് ഇന്‍ ഇന്ത്യ എന്നതാണ് ഇന്ന് കാണാന്‍ കഴിയുന്നത്. ഉത്തര്‍പ്രദേശില്‍ മോദിയുടെ എംഎല്‍എയാണ് ബലാത്സംഗം ചെയ്തത്. പിന്നീട് ഇവര്‍ക്ക് വാഹനാപകടമുണ്ടായി. എന്നാല്‍, നരേന്ദ്ര മോദി ഇക്കാര്യത്തില്‍ ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.
അതേ സമയം പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തെങ്ങും കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് രാഹുലിന്റെ പ്രസ്താവനയെ ബിജെപി ഉപയോഗിച്ചതെന്ന് കരുതേണ്ടിവരും. ലോക്‌സഭയില്‍ ബഹളം തുടര്‍ന്നപ്പോഴും ഏറെനേരം സ്പീക്കര്‍ ഇടപെടാതിരുന്നതും ശ്രദ്ധേയമായി.

Latest