Connect with us

National

പൗരത്വ ബില്ലിനെതിരെ പ്രതിഷേധം കത്തുന്നു; അസമില്‍ പോലീസ് വെടിവെപ്പില്‍ രണ്ട് മരണം

Published

|

Last Updated

ഗുവാഹാട്ടി |പൗരത്വബില്ലിനെതിരായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കത്തിപ്പടരുന്നു.അസമില്‍  പോലീസ് നടത്തിയ വെടിവെപ്പില്‍ തലസ്ഥാനമായ ഗുവാഹാട്ടിയില്‍ രണ്ട് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരുക്കേറ്റു.

ഗുവാഹാട്ടിയില്‍ വ്യാഴാഴ്ച രാവിലെ കര്‍ഫ്യു ലംഘിച്ച് ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങി. ഇവരെ പിരിച്ചുവിടാന്‍ ലുവാങ് ഗാവോങ്ങില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. വെടിയേറ്റ് ഗുവാഹാട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടുപേരാണ് മരിച്ചത്.

സര്‍ക്കാര്‍ വാഹനങ്ങളും പോലീസ് വാഹനങ്ങളും പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി. ധാക്കുഖന്ന, ലാഖിംപുര്‍ ജില്ലകളിലെ ബിജെപി, ആസാം ഗണപരിഷത് ഓഫീസുകള്‍ പ്രതിഷേധക്കാര്‍ തീവച്ച് നശിപ്പിച്ചു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആസാമില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടുത്ത പത്ത് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.രണ്ടായിരത്തോളം കേന്ദ്ര സേനാംഗങ്ങളെയാണ് അസമില്‍ വിന്യസിച്ചിരിക്കുന്നത്.

അതേ സമയം അനിശ്ചിതകാല കര്‍ഫ്യൂ നിലനില്‍ക്കുന്ന അസമിലെ 10 ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്ക് 48 മണിക്കൂര്‍കൂടി നീട്ടി. അസമിലും അയല്‍സംസ്ഥാനമായ ത്രിപുരയിലും ട്രെയിന്‍, വിമാന ഗതാഗതം താത്കാലികമായി നിര്‍ത്തി. റോഡുഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.മേഘാലയായിലും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. നൂറുകണക്കിന് പ്രതിഷേധക്കാരാണ് മേഘാലയായിലും തെരുവിലറങ്ങിയത്

Latest