Connect with us

National

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ മൃഗ ഡോക്ടറായ യുവതിയെ ബലാത്സംഗം ചെയ്യുകയും തീവച്ചു കൊല്ലുകയും ചെയ്ത കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് വി എസ് സിര്‍പുര്‍കര്‍ തലവനായ മൂന്നംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് രേഖ ബല്‍ദോത്ത, മുന്‍ സി ബി ഐ ഡയറക്ടര്‍ കാര്‍ത്തികേയന്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്. ഏറ്റുമുട്ടലില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് ജി എസ് മണി, പ്രദീപ് കുമാര്‍ എന്നിവര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്. കേസില്‍ സുപ്രീം കോടതി മറ്റൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ മറ്റൊരു കോടതിയും ഇക്കാര്യം പരിഗണിക്കുകയോ അന്വേഷിക്കുകയോ ചെയ്യേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ദെ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട കേസ് തെലങ്കാന ഹൈക്കോടതിയിലും ദേശീയ മനുഷ്യാവകാശ കമ്മീഷനിലും ഉള്ള സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ഏറ്റുമുട്ടല്‍ കൊലയെ കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി തെലങ്കാന സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായി കാര്യങ്ങള്‍ വിശദീകരിച്ചു. പ്രതികള്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പോലീസില്‍ നിന്ന് തോക്ക് തട്ടിയെടുത്ത് വെടിയുതിര്‍ക്കുകയും കല്ലേറ് നടത്തുകയും ചെയ്തതായി റോഹ്തഗി പറഞ്ഞു.

കൊല്ലപ്പെട്ട പ്രതികള്‍ പോലീസില്‍ നിന്ന് തോക്ക് തട്ടിയെടുക്കുകയും പോലീസുകാര്‍ക്കെതിരെ കല്ലേറ് നടത്തുകയും ചെയ്തു. ഇതോടെ സ്വയം രക്ഷക്ക് വേണ്ടി പോലീസ് വെടിവെപ്പ് നടത്തുകയായിരുന്നു. സ്വതന്ത്രമായ അന്വേഷണത്തെ തെലങ്കാന സര്‍ക്കാര്‍ എതിര്‍ക്കുന്നില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.