Connect with us

National

പൗരത്വ ബില്‍: മുസ്‌ലിം ലീഗ് സുപ്രീം കോടതിയില്‍ ഹരജി നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി: പൗരത്വ ബില്ലിനെതിരെ മുസ്‌ലിം ലീഗ് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. എം പിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവരുടെ നേൃത്വത്തില്‍ നേരിട്ടെത്തിയാണ് ഹരജി നല്‍കിയത്. മുസ്‌ലിം ലീഗിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ കോടതിയില്‍ ഹാജരാകും.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണ് പൗരത്വ ഭേദഗതി ബില്ലെന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. പൗരത്വത്തില്‍ നിന്ന് ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കി നിയമം കൊണ്ടുവരുന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞത് വളരെ ശരിയാണ്. ഇന്ത്യാ ചരിത്രത്തിലെ കറുത്ത ദിനം തന്നെയായിരുന്നു ബുധനാഴ്ച. മതത്തിന്റെ പേരിലുള്ള വിഭജനം രാജ്യത്തിന് വലിയ ആപത്തുണ്ടാക്കും. നാളെ ഭാഷ, നിറം, പ്രാദേശികത്വം എന്നിവയുടെ പേരിലും വിവേചനമുണ്ടായേക്കാം.

ബില്ലിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളതെന്നും സഭയില്‍ പാസായെന്ന് കരുതി അത് അങ്ങനെയങ്ങ് നടപ്പിലാക്കാമെന്ന് കരുതേണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഹരജിയില്‍ വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.