Connect with us

Editorial

രാജ്യസഭയും കടന്നു; ഇനി പ്രതീക്ഷ ജുഡീഷ്യറിയിൽ

Published

|

Last Updated

പ്രതീക്ഷിച്ച പോലെ വിവാദ പൗരത്വ ഭേദഗതി ബിൽ രാജ്യസഭയുടെ അംഗീകാരവും നേടി. സഭയിൽ നടന്ന വോട്ടെടുപ്പിൽ 125 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 105 പേരാണ് എതിർത്തു വോട്ട് ചെയ്തത്. ലോക്‌സഭയിൽ ബില്ലിനെ അംഗീകരിച്ച ശിവസേന വോട്ടിംഗിൽ പങ്കെടുക്കാതെ ഇറങ്ങിപ്പോയെങ്കിലും എ ഐ ഡി എം കെ ഉൾപ്പെടെ ചില കക്ഷികൾ ബില്ലിനെ തുണക്കുകയായിരുന്നു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് സി പി എം അംഗം കെ കെ രാഗേഷ് പ്രമേയം അവതരിപ്പിച്ചിരുന്നെങ്കിലും 99-നെതിരെ 124 വോട്ടുകൾക്ക് അത് തള്ളി. തൃണമൂൽ കോൺഗ്രസിന്റെ പതിനാല് ഭേദഗതികളടക്കം പ്രതിപക്ഷ കക്ഷികൾ കൊണ്ടു വന്ന ഭേദഗതികളും സഭ അംഗീകരിച്ചില്ല. 80-നെതിരെ 311 വോട്ടുകൾക്കാണ് ലോക്‌സഭ നേരത്തേ ബില്ലിന് അംഗീകാരം നൽകിയത്.

ഇനി സുപ്രീംകോടതിയിലാണ് മതേതര വിശ്വാസികളുടെ പ്രതീക്ഷ. ബിൽ രാജ്യസഭയും അംഗീകരിക്കുകയാണെങ്കിൽ പരമോന്നത കോടതിയെ സമീപിക്കുമെന്നു വിവിധ രാഷ്ട്രീയ കക്ഷികളും കേരളമുസ്‌ലിം ജമാഅത്ത് ഉൾപ്പെടെ വ്യത്യസ്ത സംഘടനകളും പ്രഖ്യാപിച്ചിട്ടുണ്ട്. അയൽ രാഷ്ട്രങ്ങളിൽ നിന്ന് അഭയാർഥികളായി എത്തിയവരിൽ മുസ്‌ലികളെ മാത്രം മാറ്റിനിർത്തുക വഴി, മതാധിഷ്ഠിത വിഭജനം നിരോധിച്ച ഭരണഘടനയുടെ അന്തസ്സത്ത ലംഘിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നതിനാൽ കോടതി ബില്ലിനു തടയിട്ടേക്കുമെന്നാണ് നിയമവിദഗ്ധരുടെ നിരീക്ഷണം. പാർലിമെന്റും അനുബന്ധ സംവിധാനങ്ങളും ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ അതിനെ തടയിടാൻ ബാധ്യസ്ഥമാണല്ലോ ജുഡീഷ്വറി.
ഇന്നലെ കാലത്ത് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഡൽഹിയിൽ നടന്ന ബി ജെ പി പാർലിമെന്ററി പാർട്ടി യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശവിരുദ്ധത ആരോപിച്ചു ബില്ലിനെ എതിർക്കുന്നവരെ വിരട്ടുകയുണ്ടായി. പാകിസ്ഥാന്റെ അതേ ഭാഷയിലാണ് പൗരത്വ ബില്ലിന്റെ കാര്യത്തിൽ ചില പാർട്ടികൾ സംസാരിക്കുന്നതെന്നായിരുന്നു മോദിയുടെ പരാമർശം. എന്നാൽ മോദിയോ അമിത്ഷായോ അല്ലല്ലോ പാർട്ടികൾക്കും ,പൗരന്മാർക്കും രാജ്യസ്‌നേഹത്തിന്റെ സർട്ടിഫിക്കറ്റ് നൽകേണ്ടത്. എന്താണ് രാജ്യസ്‌നേഹമെന്ന് ഭരണഘടന വ്യക്തമായി പറയുന്നുണ്ട്. സുപ്രീംകോടതി പലപ്പോഴും ഇത് വിശദീകരിച്ചിട്ടുമുണ്ട്. അതിലൊന്നും മതാധിഷ്ഠിതമായ വർഗീകരണത്തെ അനുകൂലിക്കുന്നില്ല. യഥാർഥത്തിൽ ബില്ലിനെ എതിരിക്കുന്നവരല്ല, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വർഗീയമായ തുടച്ചു നീക്കലിന് വഴിയൊരുക്കുന്ന ബിൽ അവതരിപ്പിച്ച അമിത്ഷായും അതിനെ പിന്തുണക്കുന്നവരുമാണ് മതേതരത്വം അടിസ്ഥാനശിലയായ ഒരുരാജ്യത്തെ സംബന്ധിച്ചിടത്തോളം ദേശവിരുദ്ധർ.
ഭരണഘടന ഉറപ്പു നൽകുന്ന സമത്വ മൗലിക അവകാശങ്ങളുടെ ലംഘനവും മാനുഷികതയുടെ നിഷേധവുമാണ് ബില്ലെന്ന് രാജ്യത്തെ പ്രതിപക്ഷപാർട്ടികൾ മാത്രമല്ല, ആഗോള സമൂഹം തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. മതം മാനദണ്ഡമാക്കി പൗരത്വം നിഷേധിക്കുന്നതിനെതിരെ വളരൈ ശക്തമായ ഭാഷയിലാണ് യു എസ് ഫെഡറൽ കമ്മീഷൻ പ്രതികരിച്ചത്. “ഇന്ത്യൻ സർക്കാർ പൗരത്വത്തിന് ഒരു മത പരീക്ഷണം സൃഷ്ടിക്കുകയാണ്. അത് ദശലക്ഷക്കണക്കിന് മുസ്‌ലിംകളുടെ പൗരത്വം ഇല്ലാതാക്കുമെന്ന് ഞങ്ങൾ ഭയക്കുന്നു. നിയമത്തിന് മുന്നിൽ എല്ലാ വിശ്വാസികൾക്കും തുല്യത ഉറപ്പു നൽകുന്ന ഇന്ത്യയുടെ സമ്പന്നമായ മതേതര ബഹുസ്വരതയെ തകർക്കുന്നതാണ് ബിൽ. ഇത് ലോക്‌സഭഭ പാസാക്കിയതിൽ അത്യധികം ആശങ്ക പ്രകടിപ്പിക്കുന്നു” വെന്ന് വ്യക്തമാക്കിയ യു എസ് ഫെഡറൽ കമ്മീഷൻ ബിൽ രാജ്യസഭയും പാസാക്കുകയാണെങ്കിൽ ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ ഉപരോധമേർപ്പെടുത്തുന്ന കാര്യം അമേരിക്കൻ ഭരണകൂടം പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആഗോള മാധ്യമങ്ങളും വിമർശനാത്മകമായാണ് ബില്ലിന് അംഗീകാരം നൽകിയ പാർലിമെന്റ് നടപടിയെ വിലയിരുത്തിയത്.

രാജ്യസഭയിൽ തൃണമൂൽ അംഗം ഡെറിക് ഒബ്രെയിൻ അഭിപ്രായപ്പെട്ടതു പോലെ ആധുനിക ചരിത്രം കണ്ട ഏറ്റവും ക്രൂരനായ ഭരണാധികാരി അഡോൾഫ് ഹിറ്റ്‌ലർ നാസി ജർമനിയിൽ പാസാക്കിയ നിയമത്തിനു സമാനമാണ് പൗരത്വ ഭേദഗതി ബിൽ. കടുത്ത ജൂത വിരോധിയായിരുന്ന ഹിറ്റ്‌ലർ പതിനൊന്ന് ലക്ഷം യഹുദരെയാണ് ജർമൻ കോൺസൻടേഷൻ ക്യാമ്പിൽ കൊന്നൊടുക്കിയത്.
ഇസ്റാഈലിന്റെ ക്രൂരതക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ഫലസ്തീൻകാരും പല പ്രദേശങ്ങളിലേക്കും ജീവനും കൊണ്ടോടിപ്പോയ റോഹിൻഗ്യൻ മുസ്‌ലിംകളും ഗുജറാത്തിൽ വംശഹത്യക്ക് വിധേയരായ മുസ്‌ലിംകളും ഹിറ്റ്‌ലറുടെ പുതിയ ജന്മങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇതിന്റെയെല്ലാം ബാക്കിപത്രം തന്നെയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്ന് കുടിയേറിയവരിൽ നിന്ന് മുസ്‌ലിംകളെ മാത്രം തിരഞ്ഞു പിടിച്ചു പുറത്താക്കാൻ നടത്തുന്ന കേന്ദ്രനീക്കവും.
അതേസമയം പൗരത്വ ബില്ലിനെതിരായ പ്രതിഷേധം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആളിക്കത്തുകയാണ്്. പ്രക്ഷോഭകർ നിരവധി വാഹനങ്ങൾ തകർക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തിനെ തുടർന്ന് വിവിധയിടങ്ങളിൽ പോലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ കുട്ടികളും സ്ത്രീകളും മാധ്യമ പ്രവർത്തകരുമടക്കം നൂറുകണക്കിനാളുകൾക്ക് പരുക്കേറ്റു.
പ്രക്ഷോഭം നിയന്ത്രിക്കാൻ അസമിൽ സർക്കാർ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തുകയും ഇന്റർ സേവനങ്ങൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. അസം, ത്രിപുര, മിസോറാം, മേഘാലയ സംസ്ഥാനങ്ങളിൽ സ്‌കൂൾ, കോളജ് പരീക്ഷകൾ മാറ്റിവെച്ചു.

ബി എസ് എഫ്, സി ആർ പി എഫ് തുടങ്ങിയ അർധസൈനിക വിഭാഗങ്ങളിൽ നിന്നു 5,000 ഭടന്മാരെയും പുതുതായി വിന്യസിച്ചിട്ടുണ്ട്. കശ്മീരിന്റെ പ്രത്യേകാവകാശം റദ്ദാക്കിയതിനെ തുടർന്ന് അവിടെ വിന്യസിച്ചിരുന്ന അർധസൈനികരെയാണ് ഇന്നലെ കേന്ദ്രം വ്യോമമാർഗം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് നീക്കിയത്. സർക്കാർ പ്രതിരോധങ്ങളെ മറികടന്ന് വരുംദിവസങ്ങളിൽ പ്രക്ഷോഭം കൂടുതൽ ശക്തമാകുമെന്നാണ് സൂചന.

Latest