Connect with us

Ongoing News

രാഹുല്‍-രോഹിത്-കോലി വെടിക്കെട്ട്; വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ഉജ്ജ്വല വിജയം, പരമ്പര

Published

|

Last Updated

മുംബൈ | വെസ്റ്റിന്‍ഡീസിനെതിരായ ടി ട്വന്റി പരമ്പര ഇന്ത്യക്ക്. മൂന്നാം മത്സരത്തില്‍ 67 റണ്‍സിന്റെ ഉജ്ജ്വല ജയം നേടിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 240 റണ്‍സ് അടിച്ചുകൂട്ടി. കൂറ്റന്‍ സ്‌കോര്‍ മറികടക്കാനായി ബാറ്റേന്തിയ വിന്‍ഡീസിന് 20 ഓവറില്‍ എട്ട് വിക്കറ്റ് അടിയറ വച്ച് 173 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

33 പന്തില്‍ അഞ്ച് സിക്‌സും മൂന്നു ബൗണ്ടറിയും പറത്തി 68 റണ്‍സെടുത്ത പൊള്ളാര്‍ഡ് ആണ് വിന്‍ഡീസിന്റെ ടോപ്പ് സ്‌കോറര്‍. ഹെറ്റ്മയര്‍ 41 റണ്‍സ് നേടി. 24 പന്ത് നേരിട്ട ഹെറ്റ്മയറിന്റെ ഇന്നിംഗ്‌സില്‍ അഞ്ചു സിക്സും ഒരു ബൗണ്ടറിയും പിറന്നു. മറ്റു ബാറ്റ്‌സ്മാന്മാര്‍ക്കൊന്നും തിളങ്ങാനായില്ല. സിമ്മണ്‍സ് (ഏഴ്), ബ്രണ്ടന്‍ കിങ് ( അഞ്ച്), നിക്കോളാസ് പൂരന്‍ (0), ജെസണ്‍ ഹോള്‍ഡര്‍ ( 8) വാല്‍ഷ് ( 11), പിയറി ( 6), വില്യംസണ്‍ (പുറത്താകാതെ 13), കോര്‍ട്ടല്‍ (പുറത്താകാതെ നാല്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍.

നാലാം വിക്കറ്റില്‍ ഒന്നിച്ച പൊള്ളാര്‍ഡ്-ഹെറ്റ്മയര്‍ സഖ്യമാണ് സന്ദര്‍ശകരുടെ പരാജയ ഭാരം കുറച്ചത്. 17 റണ്‍സ് എടുക്കുന്നതിനിടയില്‍ മൂന്നു വിക്കറ്റ് കളഞ്ഞുകുളിച്ച തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്ന ടീമിനെ ഈ താരങ്ങള്‍ ചേര്‍ന്ന് കരകയറ്റുകയായിരുന്നു.
ഇന്ത്യക്കു വേണ്ടി കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തി. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ചാഹര്‍ രണ്ടു വിക്കറ്റെടുത്തത്.

നേരത്തെ ലോകേഷ് രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ കത്തിക്കയറിയതാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. രോഹിത്തും ലോകേഷ് രാഹുലും ചേര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട് കിടിലന്‍ റണ്‍വേട്ട നടത്തിയപ്പോള്‍ ഇന്ത്യ 300 റണ്‍സ് വരെ സ്‌കോര്‍ ചെയ്യുമെന്ന് തോന്നിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 135 റണ്‍സെടുത്തു. പിന്നീട് ക്രീസിലെത്തിയ നായകന്‍ വിരാട് കോലിയും ഈ പ്രതീക്ഷയെ വാനോളമുയര്‍ത്തി. എന്നാല്‍, ചില പന്തുകള്‍ അതിര്‍ത്തി കടത്തുന്നതില്‍ പരാജയപ്പെട്ടതു കൊണ്ടു മാത്രമാണ് സ്‌കോര്‍ 240ല്‍ നിന്നത്. ലോകേഷ് രാഹുല്‍ 56 പന്തില്‍ 91ഉം രോഹിത് ശര്‍മ 34ല്‍ 71ഉം നേടി. കോലി പുറത്താകാതെ നിന്നു. 29 പന്തില്‍ 70 റണ്‍സാണ് നായകന്റെ ബാറ്റില്‍ നിന്ന് ഒഴുകിയത്.