Connect with us

Gulf

സഊദിയില്‍ മലയാളി എന്‍ജിനീയര്‍ വാഹനാപകടത്തില്‍ മരിച്ചു

Published

|

Last Updated

ദമാം | സഊദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ അബ്ഖൈക്കിലുണ്ടായ വാഹനാപകടത്തില്‍ മലയാളി എന്‍ജിനീയര്‍ മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണകുമാര്‍ (49 ) ആണ് മരിച്ചത്. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി അബ്‌ഖൈഖിലെ എം എസ് കെ കമ്പനിയില്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അബ്ഖൈഖ് ഐന്‍ദാരില്‍ കൃഷ്ണകുമാര്‍ തന്റെ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ വാഹനമിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ കൃഷ്ണകുമാറിനെ ആദ്യം അബ്ഖൈഖ് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി ദമാം സെന്‍ട്രല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും പുലര്‍ച്ചെ ഒന്നരയോടെ മരിച്ചു. അബ്ഖൈഖില്‍ നവോദയ സാംസ്‌കാരിക കുടുംബവേദിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി നവോദയ സാമൂഹ്യക്ഷേമ വിഭാഗം അറിയിച്ചു. ഭാര്യ: സജിത. മക്കള്‍: നന്ദന, ധ്രുവ്, ദേവ്.