Connect with us

Gulf

ദമാമില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിനൊരുങ്ങി 'ഗോ എയര്‍'

Published

|

Last Updated

ദമാം | കണ്ണൂരില്‍ നിന്നും ദമാമിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറിന് അനുമതി. നേരിട്ടുള്ള സര്‍വ്വീസ് ഡിസംബര്‍ 19 മുതല്‍ ആരംഭിക്കുമെന്ന് “ഗോ എയര്‍” ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് സീനിയര്‍ ജനറല്‍ മാനേജര്‍ ജലീല്‍ ഖാലിദ് അറിയിച്ചു.

ചില ഗള്‍ഫ് സെക്ടറുകളിലേക്ക് ഗോ എയര്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ഇത് ആദ്യമായാണ് ദമാമിലേക്കുള്ള സര്‍വീസിന് അനുമതി ലഭിക്കുന്നത്. തുടക്കത്തില്‍ ആഴ്ചയില്‍ നാല് സര്‍വ്വീസുകള്‍ വീതമാണുണ്ടാകുക. രാവിലെ 9.55 ന് ദമ്മാമില്‍ നിന്ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം വൈകിട്ട് 5 ന് കണ്ണുരിലെത്തും. കണ്ണുരില്‍ നിന്ന് രാവിലെ 6.55 ന് പുറപ്പെടുന്ന വിമാനം രാവിലെ 8.55 ന് ദമ്മാമിലെത്തും. പ്രവൃത്തി ദിനങ്ങള്‍ ലാഭിക്കാന്‍ കഴിയുമെന്ന സാധ്യതകൂടി കണക്കിലെടുത്താണ് പുതിയ വിമാന സമയം ക്രമീകരിച്ചിരിക്കുന്നത്.

തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് ദമ്മാമില്‍ നിന്ന് വിമാനം പുറപ്പെടുക. ക്രിസ്മസ്, പുതുവല്‍സര സീസനുകള്‍ മുതലെടുത്ത് വിമാനക്കമ്പനികള്‍ പ്രവാസികളെ വന്‍ നിരക്ക് ഈടാക്കി പിഴിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരു ഭാഗത്തേക്ക് കേവലം 499 റിയാലും ഇരുവശത്തേക്കുമായി കേവം 999 റിയാലും മാത്രമാണ് ഗോ എയറിന്റ നിരക്ക്. 30 കിലോ ബാഗേജും 7 കിലോ ഹാന്റ് ബാേഗജും ഇതിനൊടൊപ്പം കൊണ്ടുപോകാന്‍ കഴിയും. ടാക്‌സുകള്‍ ഉള്‍പെടെയുള്ളതാണ് ടിക്കറ്റ് നിരക്കെന്നും സലീംഖാലിദ് പറഞ്ഞു. അധിക ബാഗേജ് വേണ്ടവര്‍ക്ക് 5 കിലോ വീതം 30 കിലോ വരെ നേരത്തെ പണമടച്ച് കൊണ്ടുപോകാനുള്ള സംവിധാനവുമുണ്ട്.

പുതിയ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് റിയാദിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നേരിട്ടുള്ള സര്‍വ്വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ ദമാമില്‍ നിന്നും കണ്ണൂരിലേക്കുള്ള വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ കണ്ണൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്ന പ്രവിശ്യയിലെ യാത്രക്കാര്‍ നിരാശയിലായിരുന്നു.

കാസര്‍കോട്, കോഴിക്കോട് , വയനാട്, മംഗലാപുരം തുടങ്ങി വിവിധ ജില്ലക്കാര്‍ക്കും സമീപ സംസ്ഥാനക്കാര്‍ക്കും പ്രയോജനകരമാകും എന്നതിനാലാണ് ദമ്മാമില്‍ നിന്നുള്ള ആദ്യ സര്‍വ്വീസിന് കണ്ണുര്‍ തെരഞ്ഞെടുത്തന്ന് ജലീല്‍ ഖാലിദ് പറഞ്ഞു. സര്‍വ്വീസുകളെല്ലാം വിജയകരമാണെന്നും, കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്ന് കൂടി കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന് നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണന്നും ഡിസംബര്‍ 18 ന് പ്രമുഖരുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ഉദ്ഘാടന പരിപാടികള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു .

ദമാം – കണ്ണൂര്‍ കന്നി യാത്ര ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് പ്രവാസിമലയാളികള്‍.

മുഹമ്മദ് റഫീഖ് ചെമ്പോത്തറ

സിറാജ് പ്രതിനിധി, ദമാം