Connect with us

National

പി എസ് എല്‍ വിയുടെ അമ്പതാം വിക്ഷേപണം വിജയകരം: ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹം ഭ്രമണപഥത്തില്‍

Published

|

Last Updated

ശ്രീഹരിക്കോട്ട ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹം അടക്കം പത്ത് ഉപഗ്രഹങ്ങളുമായി പി എസ് എല്‍ വിയുടെ അമ്പതാം വിക്ഷേപണം വിജയകരം. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്-2 ബി ആര്‍ ഒന്നിനെയും വിദേശ രാജ്യങ്ങളുടെ ഒന്‍പത് ഉപഗ്രഹങ്ങളെയും വഹിച്ചാണ് പി എസ് എല്‍ വിയുടെ ക്യൂ എല്‍ പതിപ്പ് ഭ്രമണപഥത്തിലേക്കുയര്‍ന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ഉച്ചകഴിഞ്ഞ് 3.25ന് നടന്ന വിക്ഷേപണം വിജയകരമായിരുന്നെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു.

എസ് ആര്‍ ബിജുവാണ് അമ്പതാം ദൗത്യത്തിന്റെ ഡയറക്ടര്‍. അഞ്ചുവര്‍ഷം കാലാവധിയുള്ള, 576 കിലോഗ്രാം ഭാരമുള്ളതാണ് റിസാറ്റ്-2 ബി ആര്‍.-1. കൃഷി, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ, വനനിരീക്ഷണം തുടങ്ങിയവക്ക്് ഉപയോഗിക്കാവുന്നതാണിത്.

ഭൗമോപരിതലത്തില്‍നിന്ന് 576 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിക്കും. ജപ്പാന്‍, ഇറ്റലി, ഇസ്രായേല്‍ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹങ്ങളും അമേരിക്കയുടെ ആറ് ഉപഗ്രഹങ്ങളുമാണ് വാണിജ്യാടിസ്ഥാനത്തില്‍ പി എസ് എല്‍ വി വഹിച്ചത്.

ഇന്ത്യയുടെ ഏറ്റവും വിജയകരമായ വിക്ഷേപണ വാഹനങ്ങളിലൊന്നാണ് പി എസ് എല്‍ വി. ഇതുവരെ 49 ല്‍ രണ്ടെണ്ണം മാത്രമാണ് പരാജയപ്പെട്ടത്. 1993 സെപ്റ്റംബര്‍ 23ന് നടന്ന ആദ്യ വിക്ഷേപണ പരീക്ഷണം പരാജയമായിരുന്നു. 1994 ഒക്ടോബറിലെ ആദ്യത്തെ വിജയകരമായ വിക്ഷേപണത്തിനു ശേഷം പി എസ് എല്‍ വി തുടര്‍ച്ചയായി 39 വിജയകരമായ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കി.