Connect with us

National

രണ്ട് രാജ്യം എന്ന സിദ്ധാന്തം സവര്‍കറുടേത്; പൗരത്വ ബില്‍ ഇന്ത്യയുടെ ആത്മാവിനെ മുറിവേല്‍പ്പിക്കുന്നത്: ആനന്ദ് ശര്‍മ

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് പാര്‍ട്ടി വിഭജനത്തെ അനുകൂലിച്ചിട്ടില്ലെന്നും രണ്ട് രാജ്യം എന്ന സിദ്ധാന്തം മുന്നോട്ടു വെച്ചത് ഹിന്ദുമഹാസഭ നേതാവ് വി ഡി സവര്‍കര്‍ ആണെന്ന് കോണ്‍ഗ്രസ് എം പി ആനന്ദ് ശര്‍മ. കോണ്‍ഗ്രസ് വിഭജനത്തിന് കൂട്ടുനിന്നുവെന്ന് ആരോപിക്കുക വഴി കേന്ദ്ര മന്ത്രി അമിത് ഷാ സ്വാതന്ത്ര സമരസേനാനികളെ അപമാനിക്കുകയാണെന്നും ആനന്ദ് ശര്‍മ പറഞ്ഞു. എന്‍ ഡി എ സര്‍ക്കാറിന് അനുസരിച്ച് ചരിത്രം മാറില്ലെന്നും രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകവെ അദ്ദേഹം പറഞ്ഞു.

രണ്ട് രാജ്യമെന്ന വാദം മുഹമ്മദലി ജിന്നയുടേതല്ല. ദ്വിരാഷ്ട്രവാദം മുന്നോട്ടുവെച്ചത് ഹിന്ദു മഹാസഭയാണ്. 1937ല്‍ ഗുജറാത്തിലാണ് ഹിന്ദു മഹാസഭ ഈ വാദം അവതരിപ്പിച്ചത്. വിഭജനത്തില്‍ ബ്രിട്ടീഷുകാരുടെ പങ്ക് നിങ്ങള്‍ എന്തു കൊണ്ട് പറയുന്നില്ലെന്നും ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ആത്മാവിനെ മുറിവേല്‍പ്പിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. ബില്‍ ജനാധിപത്യ ആശയങ്ങളെ അട്ടിമറിക്കുന്നു. ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശങ്ങളെ റദ്ദാക്കുന്നു. വിഭജനത്തിന് ശേഷം ഇന്ത്യയിലേക്ക് വന്നവരെയെല്ലാം സ്വീകരിച്ച നാടാണ് നമ്മളുടേത്. അവരില്‍ നിന്ന് നമുക്ക് പ്രധാനമന്ത്രിമാരുണ്ടായെന്നും ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടി.മന്‍മോഹന്‍ സിങ്ങും ഐ കെ ഗുജ്‌റാളും നമ്മുടെ പ്രധാനമന്ത്രിമാരായിരുന്നു. മതം നോക്കി അഭയാര്‍ഥികളെ സ്വീകരിച്ച പാരമ്പര്യമല്ല ഇന്ത്യയുടേത്. പൗരത്വം രാഷ്ട്രീയവല്‍കരിക്കരുതെന്നും ആനന്ദ് ശര്‍മ വ്യക്തമാക്കി.

---- facebook comment plugin here -----

Latest