വിചാരധാരയുടെ വേലിയേറ്റങ്ങള്‍

ഗോള്‍വാള്‍ക്കറുടെ ഹിന്ദു രാഷ്ട്രത്തില്‍ ത്രൈവര്‍ണികര്‍ക്ക് താഴെ ശൂദ്രരും ദളിതരും ന്യൂനപക്ഷ വിഭാഗങ്ങളും പൗരത്വമില്ലാത്തവരോ രണ്ടാംതരം പൗരന്മാരോ ആയി കഴിഞ്ഞുകൊള്ളണമെന്നാണല്ലോ. ആ നിലക്ക് നോക്കുമ്പോള്‍ പൗരത്വ ഭേദഗതി ബില്‍ ഗോള്‍വാള്‍ക്കറുടെ വിചാരധാരയുടെ പ്രയോഗവത്കരണമാണ്.
Posted on: December 11, 2019 11:22 am | Last updated: December 11, 2019 at 11:22 am


അസം, ത്രിപുര സംസ്ഥാനങ്ങളില്‍ അലയടിക്കുന്ന ജനവികാരങ്ങളെയും ജനാധിപത്യ ശക്തികളുടെ പ്രതിഷേധങ്ങളെയും അവഗണിച്ചു കൊണ്ടാണ് അമിത് ഷാ ദേശീയ പൗരത്വ നിയമഭേദഗതി ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചതും പാസ്സാക്കിയെടുത്തതും. ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ കക്ഷികള്‍ ബില്ലിനെതിരെ ഉയര്‍ത്തിയതെങ്കിലും അങ്ങേയറ്റം ഭരണഘടനാ വിരുദ്ധമായ ബില്‍ പാസ്സാക്കപ്പെടുകയായിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന് വിരുദ്ധവും മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്നതുമായ ഈ നീക്കം ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെയാണ് കുഴിച്ചുമൂടുന്നത്. സംഘ്പരിവാറിന്റെ ഹിന്ദുത്വ അജന്‍ഡയുടെ ഹിംസാത്മക രൂപമായ പൗരത്വ ബില്ലിനെ ശിവസേന, ബി ജെ ഡി, ടി ഡി പി, എ ഡി എം കെ എന്നീ കക്ഷികളാണ് അനുകൂലിച്ചത്. ഈ കിരാതമായ നീക്കം ഗോള്‍വാള്‍ക്കറുടെ വിചാരധാരയുടെ പ്രയോഗവത്കരണമാണ്. ഗോള്‍വാള്‍ക്കറുടെ ഹിന്ദു രാഷ്ട്രത്തില്‍ ത്രൈവര്‍ണികര്‍ക്ക് താഴെ ശൂദ്രരും ദളിതരും ന്യൂനപക്ഷ വിഭാഗങ്ങളും പൗരത്വമില്ലാത്തവരോ രണ്ടാംതരം പൗരന്മാരോ ആയി കഴിഞ്ഞുകൊള്ളണമെന്നാണല്ലോ.
വര്‍ഗീയ ലക്ഷ്യത്തോടെ പൗരത്വം നിര്‍ണയിക്കുന്ന ഈ നീക്കം ഭരണഘടനാ വിരുദ്ധമാണ്. ഈ നിയമം നിലനില്‍ക്കില്ലെന്ന് പല നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. നാടിനെ വര്‍ഗീയവത്കരിച്ചും വൈകാരിക വിക്ഷോഭങ്ങള്‍ സൃഷ്ടിച്ചും സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ച് വിടുകയാണ് മോദിയും കൂട്ടരും. വര്‍ഗീയ ധ്രുവീകരണം തീവ്രമാക്കുകയാണ് ബി ജെ പിയുടെ അജന്‍ഡ.

ഒന്നാം മോദി സര്‍ക്കാറിന്റെ കാലത്ത്, 2016ല്‍ അവതരിപ്പിച്ച ബില്‍ ലോക്‌സഭ പാസ്സാക്കി. രാജ്യസഭ ബില്‍ പരിഗണിക്കും മുമ്പ് ലോക്‌സഭയുടെ കാലാവധി കഴിഞ്ഞു. 2016ലെ ബില്ലില്‍ മാറ്റംവരുത്തിയാണ് പുതിയ ബില്‍. ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരം സ്വയംഭരണാധികാരമുള്ള വടക്കുകിഴക്കന്‍ മേഖലകളെയും മറ്റ് സംസ്ഥാനക്കാര്‍ സന്ദര്‍ശിക്കുന്നതിന് പെര്‍മിറ്റ് ആവശ്യമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ബില്ലില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
തുല്യതയെയും മതനിരപേക്ഷ മൂല്യങ്ങളെയും നിരാകരിക്കുന്ന ഈ നിയമത്തെ ചെറുത്തു തോല്‍പ്പിക്കുക തന്നെ വേണം. 2016ല്‍, 1985ലെ അസം കരാര്‍ ലംഘനമാണ് ഈ ബില്ലെന്ന വിമര്‍ശനമുന്നയിച്ചാണല്ലോ അസം ഗണപരിഷത്ത് ബി ജെ പിയുമായുള്ള ബന്ധം തന്നെ ഉപേക്ഷിച്ചത്. കോണ്‍ഗ്രസും ബില്ലിനെ എതിര്‍ത്തു. മേഘാലയ, മിസോറാം സര്‍ക്കാറുകള്‍ ബില്ലിനെതിരെ പ്രമേയം പാസ്സാക്കുകയും ചെയ്തു.

നിലവിലുള്ള നിയമമനുസരിച്ച് ഇന്ത്യയില്‍ 12 വര്‍ഷം സ്ഥിരതാമസമാക്കിയവരാണ് പൗരത്വത്തിന് അപേക്ഷിക്കാന്‍ അര്‍ഹര്‍. എന്നാല്‍, ഭേദഗതി പ്രകാരം മുസ്‌ലിംകള്‍ ഒഴികെയുള്ളവര്‍ക്ക് ആറ് വര്‍ഷ കാലയളവ് മതി. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണെന്ന് വിസ്മരിച്ചു കൊണ്ടാണ് പൗരത്വം പോലുള്ള വിഷയങ്ങളില്‍ നാം നേരത്തേ സ്വീകരിച്ചിരുന്ന എല്ലാ മൂല്യങ്ങളും ബി ജെ പി സര്‍ക്കാര്‍ കാറ്റില്‍ പറത്തിയിരിക്കുന്നത്. ഇപ്പോഴത്തെ ബില്‍ ഭരണഘടനയുടെ ചട്ടക്കൂടിന് എതിരാണ്. പാര്‍ലിമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ബി ജെ പി സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമം ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ്. കുടിയേറ്റക്കാരെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നതും വര്‍ഗീയ ചേരിതിരിവ് രൂക്ഷമാക്കുന്നതും ജനങ്ങളിലൊരുഭാഗത്തെ അഭയാര്‍ഥികളായി തീര്‍ക്കുന്നതുമാണ്.

ഇന്ത്യന്‍ ഭരണഘടനയിലെ രണ്ടാം ഭാഗത്ത്, അഞ്ച് മുതല്‍ 11 വരെയുള്ള അനുഛേദത്തിലാണ് പൗരത്വം പരാമര്‍ശിക്കപ്പെടുന്നത്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട ഏത് തീരുമാനമെടുക്കാനും പാര്‍ലിമെന്റിന് അധികാരമുണ്ട്. ഇന്ത്യയില്‍ ജനിച്ചവര്‍, വിദേശ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ ജനിച്ച മക്കള്‍, ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശത്ത് ജനിക്കുന്ന മക്കള്‍, ഇന്ത്യന്‍ പൗരനെ വിവാഹം ചെയ്യുന്ന വിദേശി, ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കുന്ന ഭാഗങ്ങളിലെ വ്യക്തികള്‍ എന്നിവര്‍ക്ക് പൗരത്വത്തിന് അവകാശമുണ്ട്. 12 വര്‍ഷം ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ വിദേശ പൗരന്മാര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. അനധികൃത കുടിയേറ്റക്കാരെ സംബന്ധിച്ചും നിയമം പരാമര്‍ശിക്കുന്നു. നിയമ സാധുതയുള്ള പാസ്‌പോര്‍ട്ടോ മതിയായ യാത്രാ രേഖകളോ ഇല്ലാത്തവരും പാസ്‌പോര്‍ട്ടും യാത്രാ രേഖകളും അനുവദിക്കുന്ന സമയപരിധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവരും അനധികൃത കുടിയേറ്റക്കാരായിരിക്കും. ഇവരെ ശിക്ഷിക്കാനും നാടുകടത്താനും സര്‍ക്കാറിന് അധികാരമുണ്ട്. ഈ നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള ബില്ലാണ് ഇപ്പോള്‍ ലോക്‌സഭ പാസ്സാക്കിയിരിക്കുന്നത്.
2014 ഡിസംബര്‍ 31ന് മുമ്പ് അനധികൃതമായി കുടിയേറിയ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ജൈന, സിഖ്, പാഴ്‌സി, ബുദ്ധ, ക്രിസ്ത്യന്‍ മതത്തില്‍ പെട്ടവര്‍ക്ക് പൗരത്വം ലഭിക്കും. അനധികൃത കുടിയേറ്റക്കാര്‍ എന്ന നിലയില്‍ അവരെ അറസ്റ്റ് ചെയ്യുകയോ നാടുകടത്തുകയോ ചെയ്യില്ല. അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കുകയും ചെയ്യും. അയല്‍ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ എന്ന നിലയില്‍ പീഡനം അനുഭവിച്ചവരായതു കൊണ്ടാണ് ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതെന്ന ന്യായം പറഞ്ഞു കൊണ്ടാണ് ഈ വര്‍ഗീയമായ വിഭജനം നടത്തുന്നത്. ജനങ്ങളെ മുസ്‌ലിംകളും മുസ്‌ലിം ഇതരരുമായി വേര്‍തിരിക്കുന്നത് ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഭരണഘടനയിലെ അനുഛേദം 14 പ്രകാരം വിദേശി ആയാലും സ്വദേശി ആയാലും തുല്യതക്കുള്ള അവകാശം ഒരുപോലെയാണ്. ഒരാള്‍ പ്രത്യേക സമുദായത്തില്‍പ്പെട്ട ആള്‍ എന്ന നിലയില്‍ തുല്യതക്കുള്ള അവകാശം കുറയുകയോ കൂടുകയോ ചെയ്യുന്നില്ല. നിയമ നിര്‍മാണങ്ങളില്‍ പക്ഷപാതപരമായ രീതി പാടില്ല.
പൗരത്വ നിയമഭേദഗതി അസമില്‍ അടക്കം സ്ഥിതിഗതികള്‍ വഷളാക്കിയിരിക്കുന്നു. പുതുതായി ആര്‍ക്കെങ്കിലും പൗരത്വം നല്‍കുന്നത് തദ്ദേശ ജനതയുടെ അവസരങ്ങളെ ബാധിക്കും എന്നാണ് വാദം. കാലങ്ങള്‍ക്കു മുമ്പേ ബംഗാളി ഭാഷ സംസാരിക്കുന്നവര്‍ അസമിലേക്ക് നടത്തിയ കുടിയേറ്റം തദ്ദേശീയരായ അസം ജനതയെ പ്രകോപിതരാക്കി. ബംഗ്ലാദേശ്, പശ്ചിമബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ആളുകള്‍ എത്തിയത്. ദരിദ്രരായ മുസ്‌ലിംകളും ഹിന്ദുക്കളും ഇതിലുണ്ട്. 1979-85 കാലയളവില്‍ ഇവര്‍ക്കെതിരെ രക്തരൂക്ഷിതമായ കലാപങ്ങള്‍ അരങ്ങേറി. കൂട്ടക്കൊലപാതകങ്ങള്‍ നടന്നു. ഒടുവില്‍ രാജീവ് ഗാന്ധി സര്‍ക്കാറും അസം സ്റ്റുഡന്റ്സ് യൂനിയനും ഒരു കരാറുണ്ടാക്കി. അതുപ്രകാരം 1966ന് മുമ്പ് അസമില്‍ കുടിയേറിയവര്‍ക്ക് പൗരത്വം നല്‍കും. അതിനു ശേഷം 1971 വരെയുള്ള കാലയളവില്‍ കുടിയേറിയവര്‍ക്ക് 10 വര്‍ഷത്തെ സ്ഥിര താമസത്തിനു ശേഷം പൗരത്വം നല്‍കും. 1971ന് ശേഷം കുടിയേറിയവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഒരു പരിധിവരെ പ്രശ്‌നപരിഹാരമുണ്ടായി. എന്നാല്‍, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ ബി ജെ പി വര്‍ഗീയ വികാരം ആളിക്കത്തിക്കുകയും കുടിയേറ്റക്കാരായ മുസ്‌ലിംകളെ നാടുകടത്തുമെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.

സ്വാഭാവികമായി പൗരത്വത്തിന് അര്‍ഹതയുള്ളവരെപ്പോലും പുറത്താക്കാനുള്ള പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങിയത്. സുപ്രീം കോടതി നിര്‍ദേശ പ്രകാരം ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കി വരുന്നു. 2018ലെ കരട് പ്രകാരം ഏതാണ്ട് 40 ലക്ഷം പേര്‍ പൗരത്വ ലിസ്റ്റില്‍ നിന്ന് പുറത്താക്കപ്പെട്ടു. നിശ്ചിത രേഖകള്‍ ഇല്ലാത്തവരും രേഖകള്‍ നഷ്ടപ്പെട്ടവരും പതിറ്റാണ്ടുകളായി ഇന്ത്യയില്‍ ജീവിക്കുന്നവരും അതിലുണ്ട്. അഭയാര്‍ഥികളെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്നത് സാര്‍വദേശീയ പ്രമാണങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും വിരുദ്ധമാണ്. മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങളില്‍ ഉറപ്പിച്ചെടുത്ത ഭരണഘടനയോടുള്ള അനാദരവാണ്. പതിറ്റാണ്ടുകളായി ഇവിടെ കഴിയുന്ന കുടിയേറ്റക്കാര്‍, ഏത് രാജ്യത്തു നിന്ന് വരുന്നവരാണെങ്കിലും മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം പാടില്ല. പൗരത്വത്തിന് അര്‍ഹരാണോ എന്ന കാര്യത്തില്‍ നിയമപരവും നൈതികവും മനുഷ്യത്വപരവുമായ സമീപനമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്.