Connect with us

Editorial

കോടതി വ്യവഹാരങ്ങള്‍ സാധാരണക്കാരന് അപ്രാപ്യമാകരുത്

Published

|

Last Updated

കഴിഞ്ഞ ദിവസം ജോധ്പൂരില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ കെട്ടിടോദ്ഘാടന കര്‍മം നിര്‍വഹിക്കവെ, കോടതി വ്യവഹാരങ്ങളുടെ ചെലവില്‍ അനുഭവപ്പെടുന്ന ക്രമാതീതമായ വര്‍ധനവില്‍ ആശങ്ക രേഖപ്പെടുത്തുകയുണ്ടായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. നീതിന്യായ നടത്തിപ്പ് ഇന്ന് ഏറെ ചെലവേറിയതാണ്. വിശിഷ്യാ ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും വ്യവഹാരമെന്നത് സാധാരണക്കാരായ ഹരജിക്കാര്‍ക്ക് കൈയെത്താത്തവിധം ദൂരത്തും അപ്രാപ്യവുമാണ്. ഉയര്‍ന്ന കോടതികളില്‍ പാവപ്പെട്ട ഒരാള്‍ക്ക് ഇന്ന് പരാതിയുമായി വരാന്‍ കഴിയില്ല. നീതി കിട്ടുന്നതിനായി ചെലവഴിക്കേണ്ട വലിയ തുകയെ കുറിച്ച് മഹാത്മാ ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. പാവപ്പെട്ടവരുടെ ക്ഷേമമായിരുന്നു ഗാന്ധിജിക്ക് പരമ പ്രധാനം.

അദ്ദേഹത്തിന്റെ ആ പ്രമാണം മനസ്സില്‍ വെക്കുകയാണെങ്കില്‍ നീതിന്യായ മേഖലയിലെ ചെലവ് വര്‍ധന നിയന്ത്രിക്കാന്‍ നാം നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് രാഷ്ട്രപതി ഉണര്‍ത്തി. കോടതി ചെലവുകളില്‍ വരുന്ന ഉയര്‍ന്ന വര്‍ധന സാധാരണക്കാര്‍ക്ക് നീതി നിഷേധിക്കപ്പെടാന്‍ ഇടയാക്കുന്നതായി 2013 ഒക്‌ടോബറില്‍ അഭിഭാഷകരുടെ എന്റോള്‍മെന്റ് ചടങ്ങില്‍ സംസാരിക്കവെ അന്നത്തെ വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി മനീഷ് തിവാരിയും ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രിയായ തന്റെ ശമ്പളം സുഹൃത്തും മുതിര്‍ന്ന അഭിഭാഷകനുമായ രത്തന്‍ സിദ്ദുവിന് നല്‍കാന്‍ തികയില്ലെന്നും ഉയര്‍ന്ന ചെലവുകള്‍ നീതിന്യായ വ്യവസ്ഥകള്‍ക്ക് വെല്ലുവിളിയാണെന്നും തിവാരി പറഞ്ഞിരുന്നു.

ഭരണഘടന എല്ലാവര്‍ക്കും തുല്യനീതി ഉറപ്പ് നല്‍കുന്നുണ്ട്. പക്ഷേ, ഏട്ടിലെ പശു പുല്ലു തിന്നുകയില്ലല്ലോ. രാഷ്ട്രപതി അഭിപ്രായപ്പെട്ടതു പോലെ സാധാരണക്കാര്‍ക്ക് അവലംബിക്കാന്‍ പറ്റാത്ത വിധം ഉയര്‍ന്നു കഴിഞ്ഞു ഉന്നത കോടതികളിലെ വ്യവഹാരച്ചെലവുകള്‍. ദശലക്ഷങ്ങളാണ് ഒറ്റത്തവണ കോടതിയില്‍ ഹാജരാകാന്‍ ഉയര്‍ന്ന അഭിഭാഷകര്‍ വാങ്ങുന്നത്. സോളാര്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹരജിക്കെതിരെ വാദിക്കാന്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാറിന് പിണറായി സര്‍ക്കാര്‍ ഫീസായി നല്‍കിയത് 1.20 കോടി രൂപയായിരുന്നു. ശുഐബ് വധക്കേസ് സി ബി ഐക്കു വിടുന്നതിനെതിരെ വാദിക്കാന്‍ നല്‍കിയ ഫീസ് 34 ലക്ഷം രൂപയും. കേന്ദ്ര ക്യാബിനറ്റില്‍ പ്രധാനമന്ത്രിയുടെ വലംകൈയായ ഒരു മന്ത്രി സുപ്രീം കോടതിയില്‍ അഭിഭാഷകനായിരിക്കെ ഫീസ് നിശ്ചയിച്ചിരുന്നത് കോടികളുടെ കണക്കിലായിരുന്നു. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകന്‍ പറന്നെത്തിയത് ദശലക്ഷങ്ങള്‍ ഫീസ് വാങ്ങിയാണ്.

ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിക്കാനാകാത്ത കേസുകളില്‍ കക്ഷികള്‍ക്ക് സുപ്രീം കോടതിയെ സമീപിക്കാന്‍ നിയമോപദേശം ലഭിക്കാറുണ്ട്. എന്നാല്‍ ദശലക്ഷങ്ങള്‍ വക്കീല്‍ ഫീസ് നല്‍കി കേസ് നടത്താന്‍ സര്‍ക്കാറിനോ കോര്‍പറേറ്റുകള്‍ക്കോ അല്ലാതെ സാധാരണക്കാര്‍ക്കെങ്ങനെ സാധിക്കും? അഭിഭാഷകവൃത്തി വ്യവസായമാക്കുന്ന പ്രവണതക്കെതിരെ 2017 ഡിസംബറില്‍ സുപ്രീം കോടതി ശക്തമായി പ്രതികരിച്ചതാണ്. “നീതിന്യായ വ്യവസ്ഥയുടെ സുപ്രധാന ഘടകമാണ് അഭിഭാഷകര്‍ എന്നതില്‍ സംശയമില്ല. എന്നാല്‍ കേസ് നടത്താന്‍ കക്ഷികളില്‍ നിന്ന് ആകാശം മുട്ടുന്ന ഫീസാണ് ചില അഭിഭാഷകര്‍ ചോദിക്കുന്നത്. ഇത് പാവങ്ങള്‍ക്കു നീതി കിട്ടാന്‍ പ്രയാസമുണ്ടാക്കുന്നു. അഭിഭാഷക തൊഴിലിന്റെ ധാര്‍മികത നിലനിര്‍ത്താന്‍ കേന്ദ്രം ഇടപെടേണ്ട സമയമായെന്നാ”ണ് അന്ന് ജസ്റ്റിസുമാരായ ആദര്‍ശ് കെ ഗോയല്‍, യു യു ലളിത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചത്. അഭിഭാഷകര്‍ ഫീസിന് നിയന്ത്രണം കൊണ്ടുവരണമെന്നും അവര്‍ നിര്‍ദേശിച്ചു. ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരു യുവതി ഫീസായി നല്‍കിയ 10 ലക്ഷം രൂപ പോരാതെ മൂന്ന് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട ഒരു അഭിഭാഷകനെതിരെയായിരുന്നു ഉന്നത നീതിപീഠത്തിന്റെ പരാമര്‍ശങ്ങള്‍. ചില കേസുകളില്‍ കക്ഷികള്‍ക്കു കോടതി നല്‍കുന്ന ധനസഹായത്തിന്റെ വിഹിതം അഭിഭാഷകര്‍ ആവശ്യപ്പെടാറുണ്ട്. ഇത് കോടതിയലക്ഷ്യമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

പരിസ്ഥിതി സംഘടനകളോ പ്രവര്‍ത്തകരോ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കേസുകള്‍ നടത്താറുണ്ട്. റിലയന്‍സ്, അദാനി പോലുള്ള കോര്‍പറേറ്റുകളോ മാഫിയകളോ ആയിരിക്കും മറുപക്ഷത്ത്. അവര്‍ക്ക് പണത്തിന് പഞ്ഞമില്ല, അഭിഭാഷകന് ദശലക്ഷങ്ങളോ കോടികളോ ഫീസ് നല്‍കാന്‍ പ്രയാസമില്ല. അതേസമയം, പരിസ്ഥിതി പ്രവര്‍ത്തകര്‍ നാട്ടുകാരില്‍ നിന്ന് പിരിവെടുത്തായിരിക്കും കേസ് നടത്തുന്നത്. ബക്കറ്റ് പിരിവിനെ ആശ്രയിച്ചു അവര്‍ക്ക് എത്ര കാലം വ്യവഹാരവുമായി പിടിച്ചു നില്‍ക്കാനാകും? പൊതു സമൂഹത്തെയും ജനവിരുദ്ധ ശക്തികളെ ചെറുക്കാന്‍ ശേഷിയില്ലാത്ത വിധം പരിസ്ഥിതി പ്രവര്‍ത്തകരെയും തളര്‍ത്തുകയാണ് നീതിനിര്‍വഹണ രംഗത്തെ വാണിജ്യവത്കരണം. നീതി നിര്‍വഹണരംഗം സാധാരണക്കാരന് അപ്രാപ്യമായാല്‍ നിയമവാഴ്ച മാത്രമല്ല, ജനാധിപത്യ സംവിധാനമാകെയാണ് താളം തെറ്റുക.
പാവപ്പെട്ടവന് കുറഞ്ഞ ചെലവില്‍ നീതി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ലീഗല്‍ എയ്ഡ് ക്ലിനിക്കുകള്‍ പോലുള്ള സംവിധാനങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ അവയുടെ പ്രവര്‍ത്തനം ഒട്ടും കാര്യക്ഷമമല്ലെന്നാണ് അനുഭവ സാക്ഷ്യം. ലീഗല്‍ എയ്ഡിന്റെ പാനലില്‍ പ്രഗത്ഭരടക്കം ഒട്ടനവധി അഭിഭാഷകര്‍ ഉണ്ടാകുമെങ്കിലും ദരിദ്ര കക്ഷികള്‍ക്ക് പലപ്പോഴും ലഭിക്കുക ജൂനിയറായ അഭിഭാഷകരെയാകും.
വന്‍തുക ഫീസ് വാങ്ങി വാദിക്കുന്ന പ്രഗത്ഭ വക്കീലിനെയാണ്, സര്‍ക്കാറോ കോടതിയോ കനിഞ്ഞു നല്‍കുന്ന, കുറഞ്ഞ ഫീസ് വാങ്ങുന്ന നിയമസഹായ കേന്ദ്രത്തിലെ വക്കീല്‍ കോടതി മുറിയില്‍ നേരിടേണ്ടത്. നിയമ നിര്‍മാണമുള്‍പ്പെടെ നീതിനിര്‍വഹണ രംഗത്തെ വര്‍ധിത ചെലവ് നിയന്ത്രിക്കാനുള്ള നടപടികള്‍ നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.