Connect with us

Gulf

പ്രഥമ ആഗോള യൂത്ത് ഫോറം സമാപിച്ചു; സാമൂഹിക സാമ്പത്തിക ഉന്നമനത്തിനായി പന്ത്രണ്ട് ശിപാര്‍ശകള്‍ അംഗീകരിച്ചു

അബൂദബി: രണ്ട് ദിവസമായി അബൂദബിയില്‍ നടക്കുന്ന പ്രഥമ ആഗോള യൂത്ത് ഫോറം സഹിഷ്ണുത വളര്‍ത്തുന്നതിനും യുവജന ശാക്തീകരണത്തിനുള്ള പരിവര്‍ത്തനങ്ങള്‍ നല്‍കുന്ന വേദിയായി. നവീകരണം, സംരംഭകത്വം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവക്കൊപ്പം സാമൂഹിക സേവനം ഉള്‍പ്പെടെയുള്ള അടിസ്ഥാന മൂല്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പന്ത്രണ്ട് ശിപാര്‍ശകള്‍ സമ്മേളനം അംഗീകരിച്ചു.

സമുദായങ്ങളിലെ സുരക്ഷയും സ്ഥിരതയും, മനുഷ്യര്‍ തമ്മിലുള്ള സഹവര്‍ത്തിത്വം, സഹകരണം, കുടുംബ മൂല്യങ്ങളും പരിസ്ഥിതി സംരക്ഷണവും, മുസ്‌ലിം സമുദായങ്ങളുടെ വെല്ലുവിളികളും അവസരങ്ങളും, സമൂഹത്തെ നയിക്കാനുള്ള യുവാക്കളുടെ കഴിവ്, യഥാര്‍ഥ യുവജന ശാക്തീകരണം കൈവരിക്കുക, സാമൂഹ്യ സ്ഥാപനങ്ങളില്‍ സുസ്ഥിരത സൃഷ്ടിക്കുക, കഴിവുകള്‍ വളര്‍ത്തിയെടുക്കുകയും ശാസ്ത്രീയമായി നേതാക്കളെ തയ്യാറാക്കുകയും ചെയ്യുക, സമൂഹ പങ്കാളികളുമായി സംയുക്തമായി പ്രവര്‍ത്തിക്കാന്‍ ഇടം സൃഷ്ടിക്കുക, സമൂഹത്തിലെ ആവശ്യകതകളുമായി പൊരുത്തപ്പെടുന്നതിന് മത വ്യവഹാരങ്ങള്‍ പരിഷ്‌കരിക്കുക, സമൂഹങ്ങളുടെ സ്വകാര്യതക്ക് പ്രാധാന്യം നല്‍കുക, ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പ്രതിച്ഛായ ശരിയാക്കാന്‍ മാധ്യമങ്ങളെ ഉപയോഗിക്കുക തുടങ്ങിയ ശിപാര്‍ശകളാണ് സമ്മേളനം അംഗീകരിച്ചത്.

“യു എ ഇ സഹിഷ്ണുതാ വര്‍ഷത്തിന്റെ പര്യവസാനത്തിലേക്ക് നീങ്ങുന്ന സമയത്താണ് യൂത്ത് ഫോറം സംഘടിപ്പിച്ചത്. ലോകത്തെ സഹിഷ്ണുതക്കും സമാധാനത്തിനുമായി നിലകൊള്ളുന്ന രാജ്യങ്ങളിലെ മുസ്ലിം യുവാക്കളെ അവരുടെ സമൂഹങ്ങളില്‍ നേതൃത്വപരമായ ചുമതലകള്‍ ഏറ്റെടുക്കാന്‍ പ്രാപ്തരാക്കുകയെന്നതാണ് സമ്മേളനം ലക്ഷ്യം വെച്ചത്.”- ടി ഡബ്ല്യു എം സി സി ചെയര്‍മാന്‍ ഡോ. അലി റാഷിദ് അല്‍ നുഐമി പറഞ്ഞു. ഫോറം യുവാക്കളുടെ ശബ്ദം, കാഴ്ച, അഭിലാഷങ്ങള്‍, സ്വപ്നങ്ങള്‍ എന്നിവ കേള്‍ക്കുകയും അവരെ സമൂഹങ്ങളെ നയിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്തു. യൂവാക്കള്‍ ഏറ്റവും കഴിവുള്ളവരും ഏറ്റവും യോഗ്യരുമാണ്, അവരുടെ ഭാവി ഉണ്ടാക്കുന്നതിനുള്ള ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കണം. അതിനാല്‍, അവരുടെ കുടുംബങ്ങളുടെയും കുട്ടികളുടെയും ഭാവി അവര്‍ നയിക്കണം. സമൂഹത്തില്‍ നേതൃത്വത്തിന്റെ ഭാഗമാകാന്‍ യൂവാക്കള്‍ക്ക് പൂര്‍ണ അവകാശമുണ്ട്. നന്നായി മനസ്സിലാക്കാന്‍ കഴിയാത്ത മറ്റുള്ളവരെ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കുന്നത് ന്യായമല്ല. അലി റാഷിദ് കൂട്ടിച്ചേര്‍ത്തു.

ആഗോള യൂത്ത് ഫോറത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അമുസ്ലിം രാജ്യങ്ങളിലെ നിരവധി നേതാക്കള്‍ തലസ്ഥാന നഗരമായ അബൂദബിയിലെ വേദിയിലെത്തി. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം സമുദായങ്ങള്‍ക്ക് സമൃദ്ധമായ ഭാവി സൃഷ്ടിക്കുന്നതിന് മുസ്‌ലിം യുവാക്കള്‍ക്കായി ഒരു ജനറല്‍ സെക്രട്ടേറിയറ്റ് സ്ഥാപിക്കണമെന്ന് യുവാക്കള്‍ യൂത്ത് ഫോറത്തില്‍ ആവശ്യപ്പെട്ടു. ഭാവി നേതാക്കളെ കെട്ടിപ്പടുക്കുക: പ്രതിബദ്ധത, സമഗ്രത, പുതുമ എന്ന പ്രമേയത്തില്‍ വേള്‍ഡ് മുസ്ലിം കമ്മ്യൂണിറ്റി കൗണ്‍സില്‍ (ടി ഡബ്ല്യു എം സി സി) ആതിഥേയത്വം വഹിച്ച സമ്മേളനത്തില്‍ ഫിജി ദ്വീപുകള്‍ മുതല്‍ ഉറുഗ്വേ, ബ്രസീല്‍ വരെയും ന്യൂസിലന്‍ഡ് മുതല്‍ എസ്റ്റോണിയ, ലിത്വാനിയ വരെയുമുള്ള ലോകത്തെ അമുസ്ലിം രാജ്യങ്ങളിലെ മുസ്ലിം സമുദായങ്ങളിലെ നേതാക്കളെ പ്രതിനിധീകരിച്ച് 250 ഓളം പേരാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത്.

Latest