Connect with us

National

ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ മുസ്ലിം സംസ്‌കൃത പ്രഫസര്‍ രാജിവെച്ചു

Published

|

Last Updated

ജയ്പൂര്‍ |ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ സംസ്‌കൃത വിദ്യാധര്‍മ് വിജ്ഞാന്‍ (എസ് വി ഡി വി) അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ഫിറോസ് ഖാന്‍ രാജിവെച്ചു. സംസ്‌കൃത വിദ്യാധര്‍മ് വിജ്ഞാനില്‍ അസിസ്റ്റന്റ് പ്രഫസറായി മുസ്‌ലിമിനെ നിയമിച്ചതിനെതിരെ വിദ്യാര്‍ഥികള്‍ നടത്തി വന്ന സമരത്തെ തുടര്‍ന്നാണ് രാജി.സംസ്‌കൃത വിദ്യാധര്‍മ് വിജ്ഞാനിലെ ഫാക്കല്‍റ്റി പദവിയാണ് ഫിറോസ് ഖാന്‍ രാജിവെച്ചത്. അതേസമയം, സര്‍വകലാശാലയിലെ മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഫിറോസ് ഖാന്‍ സംസ്‌കൃത അധ്യാപകനായി തുടരും.

ഡോ. ഫിറോസ് ഖാനെ നവംബര്‍ ഏഴിനാണ് മാനദണ്ഡങ്ങള്‍ പാലിച്ച് അസിസ്റ്റന്റ് പ്രഫസറായി നിയമിച്ചത്. ഇതിന് പിന്നാലെയാണ് സംസ്‌കൃത വിഭാഗത്തില്‍ മുസ് ലിം പ്രഫസറെ നിയമിച്ചതിനെതിരെ എ വി ബി പിയുടെ പിന്തുണയോടെ മുപ്പതോളം വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയത്.
സംസ്‌കൃതത്തിലെ ബിരുദ-ബി.എഡ്-പി.ജി കോഴ്‌സുകളായ ശാസ്ത്രി-ശിക്ഷ ശാസ്ത്രി-ആചാര്യ എന്നിവ പൂര്‍ത്തിയാക്കിയ ശേഷം ഡോ. ഫിറോസ് ഖാന്‍ 2018ല്‍ ജയ്പുരിലെ ഡീംഡ് സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രീയ സന്‍സ്‌കൃതി സന്‍സ്താനില്‍ പി എച്ച് ഡിയും നേടിയിരുന്നു. ഇതിന് പുറമെ, നെറ്റും ജെ ആര്‍ എഫുമുണ്ട്. ഫിറോസ് ഖാന്റെ പിതാവ് റംസാന്‍ ഖാനും സംസ്‌കൃത ബിരുദധാരിയാണ്.അസിസ്റ്റന്റ് പ്രഫസറായി മുസ്‌ലിമിനെ നിയമിച്ചതിനെതിരായ വിദ്യാര്‍ഥികളുടെ സമരം ഒരു മാസം പിന്നിട്ടിരുന്നു.

Latest