Connect with us

National

തിരഞ്ഞെടുപ്പ് തിരിച്ചടി: സിദ്ധാരാമയ്യയും ദിനേഷ് ഗുണ്ടുറാവുവും പാര്‍ട്ടി പദവികള്‍ ഒഴിഞ്ഞു

Published

|

Last Updated

ബെംഗളൂരു: കര്‍ണാടക ഉപ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ രണ്ട് വന്‍ തോക്കുകള്‍ തങ്ങളുടെ പാര്‍ട്ടി പദവികള്‍ ഒഴിഞ്ഞു. മുതിര്‍ന്ന നേതാവ് സിദ്ധാരാമയ്യ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതൃ സ്ഥാനവും ദിനേഷ് ഗുണ്ടു റാവു കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ പി സി സി) അധ്യക്ഷ പദവിയുമാണ് രാജിവച്ചത്. തിരഞ്ഞെടുപ്പ് നടന്ന 15 സീറ്റില്‍ 12 എണ്ണത്തിലും ബി ജെ പി വിജയിച്ചിരുന്നു.

ജനാധിപത്യ സംവിധാനത്തില്‍ ജനവിധി അംഗീകരിക്കേണ്ടതായിട്ടുണ്ട്. ജനങ്ങള്‍ പറഞ്ഞു കഴിഞ്ഞു. അതിനെ ആദരിക്കേണ്ടതുണ്ട്. അയോഗ്യരാക്കപ്പെട്ട എം എല്‍ എമാരെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ആ പ്രതീക്ഷക്ക് ഫലമുണ്ടായില്ല. തിരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തുവന്ന ശേഷം സിദ്ധാരാമയ്യ പറഞ്ഞു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും അതിന്റെ പകര്‍പ്പ് എ ഐ സി സി ചുമതലയുള്ള കെ സി വേണുഗോപാലിനും കെ പി സി സി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവിനും അയച്ചു കൊടുത്തതായി അദ്ദേഹം അറിയിച്ചു.

ഇതിനു പിന്നാലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുകയാണെന്ന് ഗുണ്ടുറാവുവും പ്രഖ്യാപിച്ചു. കര്‍ണാടകയില്‍ അധികാരത്തിലുണ്ടായിരുന്ന എച്ച് ഡി കുമാരസ്വാമി സര്‍ക്കാറിനെ അട്ടിമറിച്ചാണ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ അധികാരമേറ്റത്. കൂറുമാറിയ 17 കോണ്‍ഗ്രസ്, ജനതാദള്‍ സെക്കുലര്‍ എം എല്‍ എമാര്‍ കൂറുമാറ്റ വിരുദ്ധ നിയമ പ്രകാരം അയോഗ്യരാക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. ജൂലൈയിലായിരുന്നു യെദ്യൂരപ്പ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 15 സീറ്റുകളില്‍ ആറെണ്ണത്തിലെ ജയമാണ് അധികാരം നിലനിര്‍ത്താന്‍ ബി ജെ പി സര്‍ക്കാറിന് വേണ്ടിയിരുന്നത്. എന്നാല്‍, 12 എണ്ണം നേടാന്‍ ബി ജെ പിക്കായി.