Connect with us

Kerala

സദാചാര ഗുണ്ടായിസം: തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

തിരുവനന്തപുരം: സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം നടത്തുകയും സദാചാര ഗുണ്ടായിസം നടത്തുകയും ചെയ്‌തെന്ന പരാതിയില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തു. സെക്രട്ടറി പദവിയില്‍ നിന്നു മാത്രമല്ല, പ്രാഥമികാംഗത്വത്തില്‍ നിന്നു കൂടിയാണ് സസ്‌പെന്‍ഷന്‍.
സംഭവത്തില്‍ പോലീസ് കേസെടുത്തതിനെ പിന്തുടര്‍ന്നാണ് നടപടി. രാധാകൃഷ്ണനെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് നടപടി. രാധാകൃഷ്ണനെതിരായ തുടര്‍ നടപടികള്‍ സംബന്ധിച്ച് ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ച ചെയ്യും. രാധാകൃഷ്ണന്‍ ജോലി ചെയ്യുന്ന സ്ഥാപനം ഇയാളെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ആണ്‍സുഹൃത്ത് വീട്ടിലെത്തിയത് ചോദ്യം ചെയ്ത് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വീട്ടില്‍ അതിക്രമിച്ച് കയറി ഗുണ്ടായിസം കാണിച്ചെന്നും കുട്ടികളുടെ മുന്നില്‍വെച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നുമാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതി. പരാതി അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെ പ്രസ് ക്ലബ് രൂപവത്കരിച്ചിരുന്നു. രാധാകൃഷ്ണനെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തി വനിതാ മാധ്യമ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിന്ന് പ്രസ് ക്ലബിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. നെറ്റ് വര്‍ക്ക് ഓഫ് വ്യുമണ്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്.

Latest