Connect with us

National

നിലംപരിശായി ജെ ഡി എസും കോണ്‍ഗ്രസും; കസേരയുടെ ബലംകൂട്ടി യെദ്യൂരപ്പ

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയില്‍ നാല് മാസം പ്രായമായ യെദ്യൂരപ്പ സര്‍ക്കാറിന്റെ ഭാവി നിര്‍ണയിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ നിലംപരിശമാക്കി ബി ജെ പി. കോണ്‍ഗ്രസിന്റേയും ജെ ഡി എസിന്റേയും വിമതന്‍മാരെ കളത്തിലിറക്കി തിരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പിക്ക് വലിയ വിജയമാണുണ്ടായത്. ഉപതിരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളില്‍ 12 സീറ്റിലും ബി ജെ പി കാവിക്കൊടി പാറിച്ചു. വിമതര്‍ക്ക് എതിരെ ജനവിധിയുണ്ടാകുമെന്ന പ്രതീക്ഷയോടെ തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റുകളില്‍ കടപുഴുകി വീണു. രണ്ട് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. ശിവാജി നഗറിലും ഹുനസുരുവിലുമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. ശിവാജി നഗര്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റും ഹുനസുരു ജെ ഡി എസിന്റെ സിറ്റിംഗ് സീറ്റുമായിരുന്നു.

പാര്‍ട്ടി കോട്ടകളടക്കം നഷ്ടപ്പെട്ട ജെ ഡി എസിന് ഒരു സീറ്റ് പോലും നേടാനായില്ല. എന്നാല്‍ ബി ജെ പി വിമതനായി മത്സരിച്ച ശരത്കുമാര്‍ ബച്ചെഗൗഡ ഹൊസകോട്ടയില്‍ അപ്രതീക്ഷിത വിജയം നേടി. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിബി ജെ പിയിലെത്തിയ എം ടി ബി നാഗരാജിനെയണ് അദ്ദേഹം തോല്‍പ്പിച്ചത്.

ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച ബി ജെ പിയുടെ 11 സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസില്‍ നിന്നും ജെ ഡി എസില്‍ നിന്നും കൂറുമാറി വന്നവരായിരുന്നു. 12 എം എല്‍ എമാര്‍കൂടി എത്തിയതോടെ സഭയില്‍ ബി ജെ പിയുടെ അംഗബലം 118 ആയി. നേരത്തെ 106 എം എല്‍ എമാരായിരുന്നു ബി ജെ പിക്കുണ്ടായത്. തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന്റെ അംഗബലം 68 ആയും ജെ ഡി എസിന്റെ അംഗബലം 34 ആയും ചുരുങ്ങി. ഇപ്പോഴത്തെ വിജയത്തോടെ കര്‍ണാടക നിയമസഭയുടെ അംഗബലം 222 ആയി. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 112 എം എല്‍ എമാരുടെ പിന്തുണയാണ്. വിജയിച്ച ബി ജെ പി എം എല്‍ എമാരെല്ലാം മന്ത്രിമാരാകുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബി ജെ പി ഇത് സംബന്ധിച്ച വാഗ്ദാനം നല്‍കിയിരുന്നു.

സഖ്യസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് 17 കോണ്‍ഗ്രസ്, ജെ ഡി എസ് എം എല്‍ എമാര്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 15 ഇടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. അതിന്റെ ഫലം എതിരായാലും യെദ്യൂരപ്പ സര്‍ക്കാറിനെ ബാധിക്കില്ല.

 

 

Latest