Connect with us

Editorial

ജി എസ് ടി പരിഷ്‌കാരം: അതിബുദ്ധി അപകടമാകുമോ?

Published

|

Last Updated

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുവെന്നാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറയുന്നത്. ഈ പദ്ധതികള്‍ക്കൊന്നും യഥാര്‍ഥ ഫലം സൃഷ്ടിക്കാനാകാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് റിസര്‍വ് ബേങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ നല്‍കുന്ന മറുപടിയുണ്ട്. നയരൂപവത്കരണം തന്നെയാണ് പ്രശ്‌നം. പ്രധാനമന്ത്രിക്ക് ചുറ്റുമുള്ള ഏതാനും പേരാണ് സാമ്പത്തിക തീരുമാനങ്ങള്‍ രൂപപ്പെടുത്തുന്നത്. അവര്‍ക്കാകട്ടെ രാജ്യത്തെ മൊത്തത്തില്‍ കണ്ടുള്ള ആശയങ്ങള്‍ മുന്നോട്ട് വെക്കാന്‍ സാധിക്കുന്നുമില്ലെന്ന് രഘുറാം ചൂണ്ടിക്കാട്ടുന്നു. ചരക്ക് സേവന നികുതി (ജി എസ് ടി) നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതും കൂടുതല്‍ ഇനങ്ങളിലേക്ക് ജി എസ് ടി കൊണ്ടുവരാന്‍ നോക്കുന്നതും നയരാഹിത്യത്തിന്റെ ഗണത്തിലേ ഉള്‍പ്പെടുത്താനാകൂ. വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് ജി എസ് ടി വര്‍ധനവിലൂടെ സര്‍ക്കാര്‍ നടത്തുന്നത്. അത് അനിവാര്യമാണ് താനും. കടുത്ത ധന കമ്മി നിലനില്‍ക്കുമ്പോള്‍ പരോക്ഷ നികുതിയെ കൂടുതലായി ആശ്രയിക്കുകയല്ലാതെ പോംവഴിയില്ല. മറ്റൊരു വഴിയുള്ളത് പൊതു സ്ഥാപനങ്ങള്‍ വിറ്റഴിക്കുകയെന്നതാണ്. അത് മോദി സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ബി പി സി എല്ലും എയര്‍ ഇന്ത്യയുമൊക്കെ വില്‍പ്പനക്ക് വെച്ചിരിക്കുകയാണല്ലോ. കോര്‍പറേറ്റ് നികുതി ഇളവ് വഴി സര്‍ക്കാറിന് നഷ്ടപ്പെട്ട തുക നികത്താന്‍ പോലും ഈ വിറ്റഴിക്കല്‍ കൊണ്ട് സാധിക്കില്ലെന്നാണ് ധനകാര്യ വിദഗ്ധര്‍ പറയുന്നത്. രാജ്യത്തിന്റെ നട്ടെല്ലായ പൊതുമേഖല വല്ലാതെ ഉലഞ്ഞ് പോകുകയും ചെയ്യും. അപ്പോള്‍ പിന്നെ നികുതി വര്‍ധിപ്പിക്കുകയല്ലാതെ എന്ത് ചെയ്യും? വരുമാനം ഉയരുന്നതോടെ പൊതു ചെലവ് കൂട്ടാമെന്നും സമ്പദ്‌വ്യവസ്ഥയില്‍ ഉണര്‍വുണ്ടാക്കുമെന്നുമാണ് സര്‍ക്കാറിന്റെ കണക്കു കൂട്ടല്‍.

നിലവിലെ ഏറ്റവും കുറഞ്ഞ സ്ലാബ് അഞ്ച് ശതമാനത്തില്‍ നിന്ന് ആറ് ശതമാനത്തിലേക്ക് ഉയര്‍ത്താനാണ് പ്രധാനമായും കേന്ദ്രം ആലോചിക്കുന്നത്. ഇതുവഴി പ്രതിമാസം 1,000 കോടിയുടെ അധിക വരുമാനം ലഭിക്കും. അത്യാവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ മിക്കവയും നിലവില്‍ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ച് ശതമാനത്തിലാണ്. ഭക്ഷ്യ വസ്തുക്കള്‍, ചെരുപ്പ്, വസ്ത്രങ്ങള്‍ എന്നീ അവശ്യ വസ്തുക്കള്‍ക്കാണ് അഞ്ച് ശതമാനം നിരക്ക് ഈടാക്കിവരുന്നത്. ഇപ്പോള്‍ നികുതി ഈടാക്കാത്ത ഏതാനും ഉത്പന്നങ്ങളെ ജി എസ് ടിക്കു കീഴില്‍ കൊണ്ടുവരുന്നതിനാണ് മറ്റൊരു ആലോചന. നിലവില്‍ 12 ശതമാനം നിരക്കുള്ള 243 ഉത്പന്നങ്ങളെ 18 ശതമാനത്തിന്റെ സ്ലാബിലേക്ക് കൊണ്ടുവരാനാണ് സാധ്യത. ജി എസ് ടി കൗണ്‍സില്‍ വിളിക്കാതെ, ലോക്‌സഭയില്‍ മണി ബില്‍ അവതരിപ്പിച്ച് സ്ലാബ് മാറ്റം വരുത്തുന്നതിന് കേന്ദ്രം ആലോചിക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന ജി എസ് ടി നഷ്ടപരിഹാരത്തുക വെട്ടിക്കുറക്കുന്നതിനായി ഇതുമായി ബന്ധപ്പെട്ട ഭേദഗതി ലോക്‌സഭയില്‍ അവതരിപ്പിക്കാനിടയുണ്ടെന്നും കേള്‍ക്കുന്നു.

ഈ നീക്കങ്ങളില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. ഒന്നാമത്തെ വിഷയം, പരോക്ഷ നികുതി വര്‍ധന വിലക്കയറ്റം ഉണ്ടാക്കുമെന്നതാണ്. ഉത്പാദകരില്‍ നിന്നും വില്‍പ്പനക്കാരില്‍ നിന്നും സര്‍ക്കാര്‍ ഈടാക്കുന്ന നികുതി വിലയിലേക്ക് ചേര്‍ത്ത് തോള്‍ മാറ്റുന്ന പരിപാടിയാണല്ലോ പരോക്ഷ നികുതി. അടക്കുന്നത് ഒരാള്‍, ഫലം അനുഭവിക്കുന്നത് മറ്റൊരാള്‍. വാങ്ങാന്‍ വിധിക്കപ്പെട്ടയാള്‍ നികുതി ഭാരം വഹിക്കണം. സാമ്പത്തിക മാന്ദ്യത്തിന്റെ കെടുതിയെ രൂക്ഷമാക്കുകയാകും വിലക്കയറ്റം ചെയ്യുക. ബിസിനസ്സ് രംഗത്ത് ആത്മവിശ്വാസ നഷ്ടമുണ്ടാക്കുമെന്നതാണ് മറ്റൊരു പ്രശ്‌നം. കോര്‍പറേറ്റ് നികുതിയില്‍ ഇളവ് നല്‍കിയത് വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കുമിടയില്‍ ഉണര്‍വുണ്ടാക്കുന്നതിന് വേണ്ടിയായിരുന്നുവല്ലോ. ആ നയം ഉണ്ടാക്കിയ സാമ്പത്തിക നഷ്ടം നികത്താന്‍ ജി എസ് ടി നികുതി ഘടനയില്‍ കൈവെക്കുമ്പോള്‍ കൂടുതല്‍ നിരാശയിലേക്ക് സംരംഭകര്‍ കൂപ്പു കുത്തുകയാണ് ചെയ്യുന്നത്. സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ഈ നയത്തിന്റെ മറ്റൊരു പ്രധാന പോരായ്മ ചൂണ്ടിക്കാട്ടുന്നു. ആഡംബര വസ്തുക്കള്‍ക്ക് നികുതി ഇളവ് നല്‍കിയ സര്‍ക്കാര്‍ അവശ്യ വസ്തുക്കള്‍ക്ക് നികുതി കൂട്ടി നഷ്ടം നികത്തുകയാണെന്ന് ഐസക് പറയുന്നു. കുറഞ്ഞ നിരക്കായ അഞ്ച് ശതമാനം എട്ട് ശതമാനത്തിലേക്ക് ഉയരുമ്പോള്‍ അവശ്യ വസ്തുക്കളിലാകും നികുതി വര്‍ധനവ് ഉണ്ടാകുക.

സര്‍ക്കാറിന്റെ വരുമാനം കൂടുന്ന മുറക്ക് ചെലവ് കൂടുമോയെന്നും ആ ചെലവ് ക്രയശേഷി കുറഞ്ഞ ഗ്രാമീണ മേഖലയിലും കാര്‍ഷിക മേഖലയിലും എത്തുമോയെന്നതുമാണ് അടുത്ത ചോദ്യം. ഈ സര്‍ക്കാറിന്റെ മുന്‍ഗണന വന്‍കിട പദ്ധതികളിലാണ്. അതാകട്ടെ പൊതു- സ്വകാര്യ സംരംഭങ്ങളാണ് താനും. ഇത്തരം പദ്ധതി പ്രവര്‍ത്തനങ്ങള്‍ യന്ത്രവത്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വന്‍ തോതിലുള്ള തൊഴില്‍ സൃഷ്ടിക്ക് ഇവ ഉപകരിക്കുമെന്ന് പറയാനാകില്ല.
ജി എസ് ടി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് വരുന്ന നഷ്ടം നികത്താനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാറിനുണ്ട്. ജി എസ് ടി കൗണ്‍സിലിന്റെ തീരുമാനമാണ് അത്. റിസര്‍വ് ബേങ്കിന്റെ നിര്‍ദേശവും ഇക്കാര്യത്തിലുണ്ട്. പല സംസ്ഥാനങ്ങളുടെയും 50 ശതമാനത്തിലധികം നികുതി വരുമാനമാണ് ജി എസ് ടി പരിഷ്‌കാരം കൊണ്ടുപോയത്. ജി എസ് ടി നഷ്ടപരിഹാരം ഉടന്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറുമെന്നാണ് നിര്‍മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇനിയും തുക കൈമാറുന്നത് വൈകിയാല്‍ സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണ് കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങള്‍.

ഇതിനിടെയാണ് സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം വെട്ടിക്കുറക്കാന്‍ പാര്‍ലിമെന്റില്‍ ബില്‍ കൊണ്ടുവരുമെന്ന് കേള്‍ക്കുന്നത്. അത്തരം നീക്കങ്ങള്‍ ഫെഡറല്‍ മൂല്യത്തിന് എതിരാണ്. മാന്ദ്യം പരിഹരിക്കേണ്ടത് ഇങ്ങനെയാണോ? ജി എസ് ടി കൗണ്‍സിലിനെ ബൈപാസ് ചെയ്ത് ധന ബില്ലിലൂടെ ജി എസ് ടി പരിഷ്‌കരണത്തിന് മുതിരുന്നതും അംഗീകരിക്കാനാകില്ല.