Connect with us

National

ഉന്നാവ്: രണ്ട് ഇന്‍സ്‌പെക്ടര്‍മാരടക്കം ആറ് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

ലഖ്‌നോ |  ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പീഡന പ്രതികള്‍ ചുട്ടുകൊന്ന സംഭവത്തില്‍ രണ്ട് എസ് ഐമാരടക്കം ആറ് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. യുവതി കൊല്ലപ്പെട്ട സ്ഥലം ഉള്‍കൊള്ളുന്ന സ്റ്റേഷന്‍ പരിധിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരാണ് നടപടി. സ്റ്റേഷന്‍ ഇന്‍ചാര്‍ജായ അജയ് ത്രിപാഠി, അരവിന്ദ് സിംഗ് രഖു വൈശി, എസ് ഐ ശ്രീറാം തിവാരി, പോലീസുകാരായ പങ്കജ് യാദവ്, മനോജ്, സന്ദീപ് കുമാര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

അതിനിടെ തന്റെ മകളെ കൊല്ലുമെന്ന് പ്രതികള്‍ നേരത്തേയും ഭീഷണി മുഴക്കിയതായി യുവതിയുടെ പിതാവ് പറഞ്ഞു. ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും പോലീസ് ഗൗരവത്തിലെടുത്തില്ല. പ്രതികളായ ശിവം ത്രിവേദി, അച്ഛന്‍ ഹരിശങ്കര്‍ ത്രിവേദി, ബന്ധുക്കളായ ശുഭം ത്രിവേദി, റാം കിഷോര്‍, ഉമേഷ് എന്നിവര്‍ വീട്ടിലെത്തിയാണ് കൊല്ലുമെന്ന് ഭീഷണി മുഴക്കിയതെന്നും പിതാവ് പറഞ്ഞു.

എന്നാല്‍ പോലീസും യുവതിയുടെ കുടുംബവും കള്ളം പറയുകയാണെന്നും സി ബി ഐ അന്വേഷണം വേണമെന്നും പ്രതികളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. പോലീസില്‍ വിശ്വാസം ഇല്ലെന്നും സി ബി ഐ അന്വേഷണം വേണമെന്നുമാണ് ശുഭം ത്രിവേദിയുടെ അമ്മയും സഹോദരിയും ആവശ്യപ്പെടുന്നത്. വിചാരണക്കായി റായ്ബറേലി കോടതിയില്‍ പോയ ഇരയായ യുവതിയെ പ്രതികള്‍ തീ കൊളുത്തി എന്നാണ് കേസ്. ഭാട്ടന്‍ ഖേഡായിലെ ഉയര്‍ന്ന സമുദായ അംഗങ്ങളാണ് പ്രതികള്‍.

Latest