Connect with us

National

പൗരത്വ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍; ശക്തമായ പ്രതിഷേധത്തിന് പ്രതിപക്ഷം

Published

|

Last Updated

ന്യൂഡല്‍ഹി |  മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍വചിക്കാന്‍ സഹായിക്കുന്ന, രാജ്യത്തിന്റെ മതനിരപേക്ഷ കാഴ്ചപ്പാടിനെ വെല്ലുവിളിക്കുന്ന പൗരത്വ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ആറ് പതിറ്റാണ്ട് പഴക്കമുള്ള പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തുന്ന ബില്‍ ഇന്ന് ഉച്ചകഴിഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സഭയില്‍ അവതരിപ്പിക്കുക. നേരത്തെ കേന്ദ്ര ക്യാബിനറ്റ് അംഗീകരിച്ച ശേഷമാണ് ബില്‍ സഭയില്‍ അവതരിപ്പിക്കുന്നത്.

ബില്ലിനെ എതിര്‍ക്കുമെന്ന് യു പി എ കക്ഷികളും സി പി എമ്മും തൃണമൂല്‍ കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് ബില്ലെന്നാണ് പൊതുവിമര്‍ശനം. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാനുള്ള സര്‍ക്കാറിന്റെ നീക്കമാണിതെന്നും പ്രതിപക്ഷം പറയുന്നു.
ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരം സ്വയംഭരണാധികാരമുള്ള വടക്കുകിഴക്കന്‍ മേഖലകളെയും മറ്റ് സംസ്ഥാനക്കാര്‍ സന്ദര്‍ശിക്കുന്നതിന് പെര്‍മിറ്റ് ആവശ്യമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ബില്ലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതി ബില്‍ ഇത്തവണ പാര്‍ലിമെന്റില്‍ പാസാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. 238 അംഗങ്ങളുള്ള രാജ്യസഭയില്‍ 122 അംഗങ്ങള്‍ ബില്ലിനെ പിന്തുണക്കും എന്നാണ് ബി ജെ പി അവകാശപ്പെടുന്നത്.