Connect with us

National

കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാറിന്റെ ഭാവി ഇന്നറിയാം

Published

|

Last Updated

ബെംഗളൂരു |  യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാറിന്റെ ഭാവി നിര്‍ണയിക്കുന്ന നിര്‍ണായക ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്. ജെ ഡി എസ്, കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിക്ക് അനുകൂലമായി കൂറുമാറിയതിനെ തുടര്‍ന്ന് ഒഴിവുന്ന 15 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലമാണ് രാവിലെ ഒമ്പത് മുതല്‍ പുറത്തുവരുക. ഉച്ചയോടെ ഫലം പൂര്‍ണമായി അറിയും. മാഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ കഴിയാത്തതിലുള്ള നാണക്കേടുമായാണ് ബി ജെ പി കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്. കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്തുമെന്ന ഉറച്ച പ്രതീക്ഷ ബി ജെ പി നേതാക്കള്‍ പങ്കുവെക്കുന്നുണ്ട്. ഇതിന് സാധിച്ചില്ലെങ്കില്‍ ദേശീയ രാഷ്ട്രീയത്തിലേക്കും ഇതിന്റെ അലയൊലികള്‍ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

15 മണ്ഡലങ്ങളില്‍ ആറിടത്തെങ്കിലും ജയിച്ചാല്‍ യെദ്യൂരപ്പക്ക് ഭരണം നിലനിര്‍ത്താന്‍ കഴിയും. അഭിപ്രായ സര്‍വ്വേകളെല്ലാം ബി ജെ പി അനുകൂലമായാണ് പുറത്തുവന്നത്. തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രമിരിക്കെ ജെ ഡി എസ് നേതാവായ ബസവരാജ് ഹൊറാട്ടി നടത്തിയ പ്രസ്താവനയും ബി ജെ പിക്ക് പ്രതീക്ഷയേകുന്നു. ഏഴ്, എട്ട് സീറ്റുകള്‍ നേടിയാലും ബി ജെ പി ഓപ്പറേഷന്‍ കമലക്ക് മുതിരില്ലെന്നാണ് കരുതുന്നതെന്നും ഇങ്ങനെ അവര്‍ ചെയ്യാതിരുന്നാല്‍ ജെ ഡി എസ് അവരെ പിന്തുണക്കുമെന്നും ബസവരാജ് പറഞ്ഞു. ബി ജെ പി ആറ് സീറ്റില്‍ താഴെ നേടിയാല്‍ വീണ്ടും ജെ ഡി എസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ കോണ്‍ഗ്രസ് നീക്കമുണ്ടാകുമെന്ന് ഇതിനകം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജെ ഡി എസ് നേതാവിന്റെ ബി ജെ പി അനുകൂല പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

225 അംഗ നിയമസഭയില്‍ 113 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. 105 പേരുടെ പിന്തുണയോടെയാണ് യെദിയൂരപ്പ മുഖ്യമന്ത്രിയായത്. 17 എം എല്‍ എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. ഇതില്‍ രണ്ട് പേരുടെ കേസില്‍ തീര്‍പ്പായിട്ടില്ല. അതുകൊണ്ട് തന്നെ 223 അംഗ നിയമസഭയില്‍ 112 പേരുടെ പിന്തുണ ആവശ്യമാണ്.