Connect with us

National

ജീവന്‍ പണയംവെച്ചും 11 പേര്‍ക്ക് രക്ഷകനായി; രാജേഷ് ശുക്ലയാണ് താരം

Published

|

Last Updated

ന്യൂഡല്‍ഹി | നിരവധി പേര്‍ കൊല്ലപ്പെട്ട വന്‍ തീപ്പിടുത്തത്തില്‍നിന്നും 11 പേരെ ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയ രാജേഷ് ശുക്ല എന്ന അഗ്‌നിശമനസേനാംഗമാണ് ഇപ്പോള്‍ രാജ്യത്തെ താരം. ഞായറാഴ്ച രാവിലെ വടക്കന്‍ ഡല്‍ഹിയിലെ അനാജ് മണ്ടിയിലെ ബാഗ്-പേപ്പര്‍ ഫാക്ടറിയിലെ തീപ്പിടിത്തത്തില്‍പെട്ട പതിനൊന്നുപേരെയാണ് സാഹസികമായി രാജേഷ് രക്ഷപ്പെടുത്തിയത്.

രക്ഷാപ്രവര്‍ത്തനത്തിനിടെ പരുക്കേറ്റ രാജേഷ് പിന്നീട് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സ തേടി. ഡല്‍ഹി ആഭ്യന്തര മന്ത്രി സത്യേന്ദ്ര ജയിന്‍ ആശുപത്രിയിലെത്തി രാജേഷിനെ അഭിനന്ദിച്ചു. പരുക്ക് വകവെക്കാതെയാണ് ഇദ്ദേഹം രക്ഷാ പ്രവര്‍ത്തനം നടത്തിയത്. രാജേഷ് ശുക്ലയാണ് യഥാര്‍ഥ നായകനെന്നും അദ്ദേഹത്തെ സല്യൂട്ട് ചെയ്യുന്നുവെന്നും സത്യേന്ദ്ര ജയിന്‍ പിന്നീട് ട്വീറ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ 5.22 ഓടെയുണ്ടായ തീപ്പിടിത്തത്തില്‍ 43പേരാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപ്പിടത്തത്തിന് കാരണമെന്നാണ് സൂചന. ഫാക്ടറിക്കുള്ളില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.