Connect with us

National

ഉന്നാവ്: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു

Published

|

Last Updated

ഉന്നാവ് | യു പിയിലെ ഉന്നാവില്‍ ബലാത്സംഗത്തിനിരയാക്കിയ ശേഷം പ്രതികള്‍ തീവച്ചു കൊന്ന യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു. ആയിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്താതെ മൃതദേഹം സംസ്്കരിക്കില്ലെന്ന നിലപാടില്‍ കുടുംബം ഉറച്ചു നിന്നെങ്കിലും പിന്നീട് പോലീസും ജില്ലാ അധികൃതരുമെത്തി അനുനയിപ്പിച്ചു. കുടുംബത്തിന് സുരക്ഷയും ത്വരിതഗതിയിലുള്ള വിചാരണയും വാഗ്ദാനം ചെയ്തതോടെയാണ് കുടുംബം വഴങ്ങിയത്. ഉച്ചക്ക് 12.30-ഓടെ മൃതദേഹം സംസ്‌കരിച്ചു.

ആവശ്യങ്ങള്‍ അംഗീകരിക്കാതെ സംസ്‌കാരം അനുവദിക്കില്ലെന്നാണ് കുടുംബം ആദ്യം പറഞ്ഞത്. ലഖ്‌നൗവിലെത്തി മുഖ്യമന്ത്രിയെ കാണാന്‍ സൗകര്യമൊരുക്കാമെന്ന് ജില്ലാ അധികൃതര്‍ പറഞ്ഞെങ്കിലും അവര്‍ സമ്മതിച്ചില്ല. മുഖ്യമന്ത്രി ഇങ്ങോട്ട് വന്ന് തങ്ങളെ കാണണമെന്നും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ആവശ്യങ്ങള്‍ അംഗീകരിക്കുകയും വേണമെന്ന് കുടുംബം പറഞ്ഞു.

പിന്നീട്, ഐ ജിയും സ്‌പെഷ്യല്‍ കമ്മീഷണറും സ്ഥലത്തെത്തി കുടുംബാംഗങ്ങളുമായി ദീര്‍ഘ ചര്‍ച്ച നടത്തി. തുടര്‍ന്ന് കുടുംബത്തിന് സുരക്ഷ, കുടുംബാംഗങ്ങളിലൊരാള്‍ക്ക് തൊഴില്‍, വേഗത്തിലുള്ള വിചാരണ എന്നിവ ഉറപ്പ് നല്‍കിയതോടെയാണ് മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബം അനുവദിച്ചത്.

Latest