Connect with us

Ongoing News

ആ സമത്വ ബോധത്തെ ഉയര്‍ത്തിയെടുക്കാം

Published

|

Last Updated

കവി ശ്രേഷ്ഠന്‍ അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠം ലഭിച്ചതിലൂടെ മലയാളം ആദരിക്കപ്പെട്ടിരിക്കുന്നു. മലയാള കാവ്യാനുശീലനത്തിന്റെ ഭാവുകത്വ പരിണാമത്തില്‍ വലിയ പങ്കുവഹിച്ച അക്കിത്തം കവിതയില്‍ ആധുനികതയുടെ കൈത്തിരിയേന്തി. രാജ്യം അത്യന്തം ഭീഷണമായ ഒരു സമസ്യയിലൂടെ കടന്നു പോകുന്ന നാളുകളിലാണ് രാജ്യത്തെ ഈ പരമോന്നത പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തുന്നത്.

കവിതയുടെ നിലപാടുകളെ കുറിച്ചു പറയുമ്പോഴൊക്കെ പാബ്ലോ നെരൂദ കടന്നു വരാറുണ്ട്. എന്തുകൊണ്ട് നിങ്ങളുടെ നാട്ടിലെ പൂവുകളേയും പുഴകളേയും അഗ്നിപര്‍വതങ്ങളേയും കുറിച്ച് എഴുതുന്നില്ലെന്ന ചോദ്യത്തിന് പാബ്ലോ നെരൂദ കൊടുത്ത മറുപടി, വരൂ ഈ തെരുവിലെ രക്തം കാണൂ എന്നായിരുന്നു. കവിയെ അലോസരപ്പെടുത്തുന്നതു തന്നെയാണു കവിതയുടെ കാമ്പായി വര്‍ത്തിക്കുക.
അക്കിത്തത്തിന്റെ കാവ്യ സംഭാവനകള്‍ രാജ്യത്തെ പരമോന്നത ബഹുമതിക്ക് അര്‍ഹമാണ്. അദ്ദേഹത്തിന്റെ ഭാവനയില്‍ വിരിഞ്ഞ അക്ഷര സൗഭഗം കാലാതിവര്‍ത്തിയുമാണ്.

ജ്ഞാനപീഠ ലബ്്ദിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ കാവ്യ സംഭവാനകളെ പല വിധത്തില്‍ അവലോകനം ചെയ്യപ്പെട്ടിട്ടുണ്ട്്. അദ്ദേഹം സ്വീകരിച്ച് രാഷ്്ട്രീയ നിലപാടുകള്‍ക്കപ്പുറം കവന പാടവത്തെ ആദരിക്കാനാണു മലയാളികള്‍ തയ്യാറായത് എന്നതു ശ്രദ്ധേയമാണ്.

എന്നാല്‍ ചില കോണുകളില്‍ നിന്ന്, ഈ സന്ദര്‍ഭത്തെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കാന്‍ ശ്രമമുണ്ടായി. ഇടതു ബുദ്ധിജീവികളും സോഷ്യലിസ്റ്റ് ആശയക്കാരുമെല്ലാം കാലങ്ങളായി കരഗതമാക്കിയിരുന്ന ജ്ഞാനപീഠത്തിലേക്കുള്ള അക്കിത്തത്തിന്റെ ആഗമനം സനാതന ധര്‍മത്തിനു ലഭിച്ച അംഗീകാരമെന്നാണ് അവരുടെ വിലയിരുത്തല്‍. തപസ്യയുടെ ആചാര്യനായി ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെ യാത്ര ചെയ്ത കവിയെ മാത്രമാണ് അവര്‍ കാണുന്നത്.

താനെന്നും സമത്വ ദര്‍ശനം ഉള്ളില്‍ സൂക്ഷിക്കുന്നുവെന്ന് എക്കാലത്തും ആവര്‍ത്തിക്കാറുള്ള അക്കിത്തം, അതിന് വേദ സൂക്തങ്ങളെ കണ്ടെത്തുന്നു. കവിയുടെ വേദാഭിമുഖ്യത്തെ പുണരുകയും സമത്വ സങ്കല്‍പ്പത്തെ തള്ളുകയും ചെയ്യാനാണ് അത്തരക്കാര്‍ക്കു താത്പര്യം.

സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനത്തില്‍ വി ടി ഭട്ടതിരിപ്പാടിനും എം ആര്‍ ബിക്കുമൊപ്പം നിന്നു പ്രവര്‍ത്തിക്കുകയും ജാതിയുടെ മേല്‍ക്കോയ്മ നിലനിന്നിരുന്ന കാലത്ത് സ്വസമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ രംഗത്തിറങ്ങുകയും ചെയ്ത അക്കിത്തത്തെ അവര്‍ക്കാവശ്യമില്ല. എന്നാല്‍ ധർമം വിട്ടുള്ള എഴുത്തിനോ ധർമം മറന്നുള്ള പ്രവര്‍ത്തിക്കോ തയ്യാറായില്ലെന്ന ഒറ്റക്കാരണത്താല്‍ അവര്‍ കവിവര്യനെ ആദരിച്ചു.
മനുഷ്യത്വം അക്കിത്തം കവിതകളുടെ സൂക്ഷ്മഭാവമായിരുന്നു. എല്ലാത്തിനെയും ഒരുപോലെ ദര്‍ശിക്കാനും സ്‌നേഹിക്കാനുമുള്ള ശേഷി നേടുമ്പോഴാണ് നല്ല മനുഷ്യനാകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.

എന്നും സത്യത്തിന്റെയും ധര്‍മത്തിന്റെയും പക്ഷത്തു നിന്ന് അക്കിത്തം. താന്‍ അന്നും ഇന്നും കമ്യൂണിസ്റ്റാണെന്ന് വിമര്‍ശകരുടെ മുഖത്തു നോക്കി മറുപടി നല്‍കിയിട്ടുണ്ട്. ഭാരതീയ സംസ്‌കാരത്തിലധിഷ്ഠിതമാണ് തന്റെ കമ്യൂണിസമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ സമത്വ ദര്‍ശനത്തെ വെറുക്കുന്നവര്‍ ഭാരതത്തില്‍നിന്നു വേറിട്ട ഒന്നിനെയും താന്‍ സ്‌നേഹിക്കുന്നില്ലെന്ന കവിയുടെ നിലപാടിനെ വാരിപ്പുണര്‍ന്നു.

കര്‍ഷകനും തൊഴിലാളിയും അടിയാളവര്‍ഗവും ചേര്‍ന്ന സാധാരണ മനുഷ്യന്റെ വിയര്‍പ്പും വികാരവും അക്കിത്തം കവിതക്ക്് വളമാണ്. “ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി ഞാന്‍ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായി ചെലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യനിര്‍മല പൗര്‍ണമി” എന്ന വരികളിലൂടെ അദ്ദേഹം തന്റെ മനുഷ്യസ്‌നേഹം അടയാളപ്പെടുത്തുമ്പോള്‍ വിദ്വേഷം കൂടെ കൊണ്ടു നടക്കുന്നവര്‍ക്കുള്ള പ്രഹരമാണത്.
കുടുമ മുറിക്കുകയും പൂണൂല്‍ പൊട്ടിക്കുകയും വിധവാ വിവാഹം നടത്തുകയും ചെയ്തു നമ്പൂതിരിയെ മനുഷ്യനാക്കാന്‍ പ്രയത്‌നിച്ചു ഫ്യൂഡല്‍ വ്യവസ്ഥയോടു നടത്തിയ യുദ്ധപ്രഖ്യാപനത്തിന്റെ കൂടെ നില്‍ക്കാന്‍ ആഗ്രഹിച്ച കവിയെ അവര്‍ക്ക് ആവശ്യമില്ല. പൂര്‍വകാല സൗഭാഗ്യങ്ങള്‍ നഷ്ടപ്പെട്ടതില്‍ ഖിന്നത ദര്‍ശിക്കുന്ന വരികളേയാണ് അവര്‍ക്ക് ആവശ്യം. “ഈ പൂണുനൂല്‍ ഞാന്‍ പലപ്പോഴും അഴിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും അതെന്റെ സൂക്ഷ്മശീരത്തില്‍നിന്നഴിഞ്ഞിട്ടില്ല” എന്ന വാക്കിനെ അവര്‍ വാരിപ്പുണരുന്നു.

“കൂമ്പാളച്ചെറുകോണക്കീറില്‍ക്കൂടിപ്പഞ്ച പുറത്തിട്ടു” നടക്കുന്ന ഉണ്ണിമുതല്‍ “എന്റെയല്ലെന്റെയല്ലീ കൊമ്പനാനകള്‍ എന്റെയല്ലീ മഹാ ക്ഷേത്രവും മക്കളേ”എന്ന ഖേദത്തോളം ആഴമുള്ള ആത്മബോധത്തെയാണ് അവര്‍ സ്വീകരിക്കുന്നത്.

“ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം” എന്ന കവിതയെ ആധാരമാക്കിയുള്ള ചോദ്യത്തോട് അദ്ദേഹത്തിന്റെ മറുപടിയില്‍ നിന്ന് ഇടതു സഹയാത്രികത്വം അവസാനിപ്പിക്കാനുള്ള കാര്യ കാരണങ്ങള്‍ തെളിഞ്ഞു വരുന്നുണ്ട്. എന്നാല്‍ അത് ഏതെങ്കിലും വിദ്വേഷ രാഷ്ട്രീയാഭിമുഖ്യമല്ലെന്നു വ്യക്തമാണ്. വർഗസമരം, സാമ്പത്തികവും സാമൂഹികവുമായ സ്ഥിതിസമത്വം എന്നീ ആശയങ്ങള്‍ക്കെതിരാണോ താങ്കള്‍? അതോ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കര്‍ക്കശമായ പട്ടാളച്ചിട്ട, ഭൗതികമാത്രവാദം, മാർഗശുദ്ധിയിലും അഹിംസയിലുമുള്ള അവിശ്വാസം എന്നിവയെയാണോ താങ്കളെതിര്‍ക്കുന്നത് എന്ന ഒരു അഭിമുഖത്തിലെ ചോദ്യത്തോട് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:
“ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം ഒരു മനസ്സാക്ഷിയുടെ അനുദിന വികാസമായിരുന്നു. വര്‍ഗസമരക്കാരുടെ കൂടെ നടന്നപ്പോഴും ഞാനതിനോട് പൂര്‍ണ യോജിപ്പിലായിരുന്നില്ല. സാമ്പത്തിക സാമൂഹിക സ്ഥിതികളില്‍ സമത്വം അവരെപ്പോലെ ഞാനും ആഗ്രഹിച്ചിരുന്നു. അത് ഇന്നും എനിക്കുള്ളതുമാണ്. അതിനുകാരണം ഋഗ്വേദത്തിലെ സംവാദസൂക്തത്തില്‍ത്തന്നെ ആ കാര്യമുണ്ടെന്ന ബോധമാണ്. “സമാനോമന്ത്രസ്സമിതിസ്സമാനീ സമാനം മനസ്സഹ ചിത്തമേഷാം” (സമാനമായ മന്ത്രം, സമാനമായ കൂടിച്ചേരല്‍, സമാനമായ മനസ്സ്, സമാനമായ ചിത്തം) എന്ന ഋക്ക് സുപ്രസിദ്ധമാണല്ലോ. ലക്ഷ്യം മാത്രമല്ല, മാര്‍ഗവും ശുദ്ധമായിരിക്കണം എന്ന ബോധത്തിലേക്ക് വളരാന്‍ ഒരു കാരണമുണ്ട്. ഹ്രസ്വമായ മനുഷ്യജീവിതത്തില്‍ ആരെങ്കിലും ലക്ഷ്യത്തിലെത്തുന്നുണ്ടോ? ഞാന്‍ സംശയിക്കുന്നു. മാര്‍ഗം ശുദ്ധമായാല്‍ അത്രത്തോളം ഞാന്‍ ലക്ഷ്യത്തോടടുത്തു എന്നു സമാധാനിക്കാന്‍ എനിക്കു കഴിയുമല്ലോ. പിന്നെ ഭൗതികം, ആത്മീയം എന്നിങ്ങനെ വസ്തുക്കളെ വിഭജിക്കുന്നതിലും എനിക്കു താത്പര്യമില്ല. ഭൗതികം എന്ന വാക്കിനകത്തുള്ളത് പൃഥിവ്യപ്‌തോജോവായുരാകാശങ്ങളാണല്ലോ. ചുരുക്കത്തില്‍ ബിഗ്ബാംഗ് എന്നോ പ്രണവമന്ത്രം എന്നോ പറയാവുന്ന ആദിമസത്യത്തിന്റെ പരിണാമമാണ് ഭൗതിക വസ്തുക്കളാകെ ഈ കടലാസും ഈ തൂവലും വരെ”.

ഇത്തരത്തിലുള്ള ഒരുവൈദിക ബോധം അദ്ദേഹത്തിനുണ്ട്. അവിടെ കയറിയാണ് അവര്‍ അദ്ദേഹത്തെ സ്വന്തമാക്കിയത്.
വിയര്‍പ്പും കണ്ണുനീരും നനഞ്ഞ് കുതിര്‍ന്നവയാണ് അദ്ദേഹത്തിന്റെ കവിതകളില്‍ ഭൂരിഭാഗവും. വേദനയുടേയും വേവലാതികളുടേയും ഇടയില്‍ ചിരിക്കാനും തന്നെത്തന്നെ പരിഹസിക്കാനും കഴിയുന്നു. പരാജയം പിന്നീടുള്ള കര്‍മത്തെ തടസ്സപ്പെടുത്താതിരിക്കാനുള്ള ഒരു മുഖ്യ ഉപാധിയാണ് നര്‍മം, ചിരി എന്നിവയെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മനുഷ്യ പക്ഷത്തെ കാലുഷ്യത്തിന്റെ കടലില്‍ അലിയിപ്പിക്കാനുള്ള ശ്രമങ്ങളെ അനുവദിക്കാതിരിക്കലാണ് അദ്ദേഹത്തിന് ആസ്വാദക ലോകം നല്‍കേണ്ട ആദരവ്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest