Connect with us

Ongoing News

വേണോ ഇങ്ങനെയൊരു ചെലവ് വഹിപ്പ്?

Published

|

Last Updated

പഠിക്കുന്ന കാലത്താണ്. കൈയിൽ പൈസ വളരെ കുറവാണ്. കഷ്ടിച്ച് കാര്യം നടത്തുന്ന കാലം. കോഴിക്കോട് മൊഫ്യൂസൽ ബസ്റ്റാൻഡിൽ വന്ന് കണ്ണൂർ ബസിൽ കയറി. വണ്ടി വിടാൻ നോക്കിയതും മറ്റൊരു ദഅ്വ കോളജിൽ പഠിക്കുന്ന പരിചയക്കാരനായ സുഹൃത്ത് മലർക്കെ ചിരിച്ചുകൊണ്ട് എന്റെ തൊട്ടടുത്ത് വന്നിരുന്നു.
വണ്ടിവിട്ടു. കണ്ടക്ടർ വന്നു. ടിക്കറ്റെടുക്കലുമായി ബന്ധപ്പെട്ട് ഒരു ശീതസമരമില്ലായ്മ ഞാൻ ശ്രദ്ധിച്ചു. എന്നിലെ ഉളുപ്പ് ഉണർന്നു. ആ കാലത്ത് തന്നെ തലശ്ശേരിയിലേക്ക് മുപ്പത് രൂപക്ക് മുകളിൽ കാണണം. കൃത്യം ഓർമിയില്ല. “ടിക്കറ്റ് ഞാനെടുക്കാമെന്ന”് പറഞ്ഞ് ആ മഹാസാഹസത്തിന് മുതിർന്നപ്പോൾ “അത് വേണോ” എന്നൊരു അലസഭാവം കാണിക്കുന്നതുപോലെയാക്കിയിട്ട് മൂപ്പർ പെട്ടെന്ന് തോറ്റുതന്നു.

ഒന്നര രണ്ട് മാസം കൂടുമ്പോഴേ നാട്ടിൽ പോകുകയുള്ളൂ. ഉപ്പാക്ക് പണി വളരെ കുറവാണ്. വീട്ടിൽ അടക്ക, തേങ്ങ, റബ്ബർ, കുരുമുളക് എന്നിവയൊന്നും പറിച്ചുണക്കി വിൽക്കാനില്ല. അടുക്കളയിൽ പൊള്ളുന്ന ദാരിദ്ര്യമാണ്. ഓരോ പോക്കിലും, അടുപ്പ് പുകക്കുന്നതിലെ നീറ്റലുകളുടെ കഥ ഉമ്മ പറയുമ്പോൾ കണ്ണ് നിറയും. പഠിച്ച് ജോലിയായി ഉമ്മാനേയും പെങ്ങന്മാരേയും പട്ടിണിയില്ലാതെ പോറ്റാനാകണമേ പടച്ചോനേ എന്ന് മനസ്സ് തേങ്ങും.
വടകര വിട്ടാൽ തന്നെ ഒരു നാടുമണം കിട്ടിത്തുടങ്ങും. മാഹിപ്പാലമെത്തുമ്പോഴുള്ള കെടാൻപോകുന്ന പുഴുങ്ങുമുട്ടയുടേത് പോലുള്ള മണം വരവോടെ ഒരുമാതിരി “നാടുരതി” ഇരയ്ക്കും. മറ്റേതോ നാട്ടിൽ എന്ന അന്വത്വം അസ്തമിച്ച് ഒരു വൃഥാസുഖം കിട്ടും. തലശ്ശേരിയിലെത്തിയാൽ എപ്പോഴും ദമ്മു ചായ കുടിക്കാറുണ്ട്. കോഴിക്കോടോ അരീക്കോടോ കിട്ടാത്ത കല്ലുമ്മക്കായ മുളക്പുരട്ടി പൊരിച്ചത് കഴിക്കും. ഇപ്രാവശ്യം രണ്ട് കല്ലുമ്മക്കായ എന്തായാലും വാങ്ങണം എന്ന നിശ്ചയത്തിലായിരുന്നു.
ഇനി എനിക്ക് കഷ്ടിച്ച് ഉളിയിലേക്ക് ടിക്കറ്റെടുക്കാനുള്ള കാശുപോലും തികയില്ല. മാത്രമല്ല, നാട്ടിൽ ബസിറങ്ങിയാൽ ഒരു പേക്ക് മിൽമ പാലോ, ഒരു മിക്സ്ചറിന്റെ പേക്കോ, അരക്കിലോ പൂവൻ പഴമോ എന്തെങ്കിലും വാങ്ങാറുള്ളതാണ് ഉമ്മാക്ക് വെച്ചുനീട്ടാൻ. അത് ഇക്കുറി സാധിക്കില്ല. വേണ്ട ഒന്നും വേണ്ട ബസിൽ കയറിയിരുന്നാൽ തൊട്ടടുത്ത് സ്വയം ടിക്കറ്റെടുക്കാൻ വിമുഖതയുള്ള ഏതെങ്കിലും പരിചയക്കാരൻ വന്നിരിക്കാതിരുന്നാൽ മതിയായിരുന്നു. അതെ, അതു മാത്രം മതി.

ഇനി മൂന്നാല് കൊല്ലം മുമ്പുള്ള മറ്റൊരു കാര്യം കേള്. പുതിയ തെരുവെത്തിയപ്പോൾ വാഹനങ്ങൾ ഒച്ചുപോലെ ഇഴയുന്നു. ഒടുക്കത്തെ കുരുക്കാണ് ഇവിടെ എപ്പോഴും. സ്വന്തം തടിയെ ഇരുന്നിടത്ത് നിന്ന് മുന്നോട്ട് തള്ളുകയും കാലുകൾ നിലത്ത് അമർത്തിച്ചവിട്ടുകയും ചെയ്യുന്ന വിധത്തിലായി ഞാൻ എന്നെ ബസിൽ കണ്ടെത്തി. റെയിൽവെയിലിറങ്ങി എങ്ങനെയോ ഓടിക്കിതച്ച് ചെന്നുനോക്കുമ്പോൾ കൗണ്ടറിന് മുന്നിൽ നീണ്ട മനുഷ്യമലമ്പാമ്പ് മൈനസ് വേഗതയിൽ ഇഴയുന്നു. പരശുറാം എക്‌സ്പ്രസ് ഇതാ ഇങ്ങെത്തിച്ചേരാനുള്ള സംഭാവനാ ഹെ, എന്ന യന്ത്രവിളംബരം ഉറക്കെ പിറുപിറുത്ത് കൊണ്ടിരിക്കുന്നു. ഇനി എന്റെ മുന്നിൽ വെറും മൂന്നാലാളേ ഉള്ളൂ. അന്നേരമുണ്ട് പുറത്തൊരു കൊട്ട്. നോക്കുമ്പോൾ കഠിന പരിചയക്കാരായ മൂന്ന് സുഹൃത്തുക്കൾ മിളുന്തിക്കയറി വരുന്നു. നിർമിത മാന്യത അനുസരിച്ച് എനിക്കൊരു വഴിയേ ഉള്ളൂ, അവരുടേയൊക്കെ ടിക്കറ്റെടുത്തു കൊടുക്കുക. കുന്ദംകുളത്തേക്ക് എന്തോ സെമിനാറിനോ ഒലക്കന്റെമൂടിനോ പോകയാണുപോലും.
ടിക്കറ്റ് ഞാൻ എടുത്തോട്ടെ
ഇളി.

തലകുലുക്കം..
മനസ്സില്ലാ മനസ്സോടെ ഞാൻ എന്റെ ടിക്കറ്റിന്റെ നാലോ അഞ്ചോ ഇരട്ടി തുക നൽകി മൂന്ന് കുറ്റിപ്പുറം ടിക്കറ്റും വാങ്ങി. പ്രസവശേഷം മറുപിള്ളയെ തള്ളുമ്പോലെ അവറ്റകളെ ഞാൻ എന്റേതിൽ നിന്നും കീറിവേർപ്പെടുത്തി അവരുടെ കൈകളിലേക്ക് കാഷ്ഠിച്ചിട്ടു. പൈസ തരാൻ നോക്കി. പക്ഷെ അത് വാങ്ങിയാ എല്ലാം കഴിഞ്ഞു എന്നൊരു മര്യാദാശാസന ഉള്ളിൽ ഇടിവെട്ടി. ന്നാ ശരി, കാണാം എന്നും പറഞ്ഞ് അവർ വേഗം നടന്നു മറഞ്ഞു.

കോഴിക്കോട് മേജർ ഹോട്ടലിൽ ഒരു മൂലക്ക്, പൊറോട്ടയും അയില മുളകിട്ടതും ഓർഡർ കൊടുത്ത് കാത്തിരിക്കുന്നതിനിടെ മൂന്നാല് സുഹൃത്തുക്കൾ ഒന്നിച്ച് വന്നുകയറി. അപ്പുറത്തും ഇപ്പുറത്തുമായി ഒരുപാട് ടേബിൾ കൂട്ടങ്ങൾ ഒഴിഞ്ഞിരിപ്പുണ്ടായിട്ട് പോലും “അതാ… ഉളിയിലതാ…” എന്നും പറഞ്ഞ് അവർ എന്റെ ചുറ്റും ആർപ്പോടെ വന്നിരുന്നു. അപ്പുറത്ത് നിന്നും അഞ്ചാം കസേര വലിച്ചിട്ട് ഭൂരിപക്ഷമുറപ്പിച്ചു. ഇറങ്ങിയോടാൻ പോലും പറ്റാത്തവിധം എന്നെ കുടുക്കിക്കളഞ്ഞു. ഞാനയിലക്ക് പറഞ്ഞത് അവിടെ മത്തി ഇല്ലാത്തത് കൊണ്ടായിരുന്നു. പക്ഷേ, ഇവൻമാർ ബീഫും ചിക്കനും നെയ്മീനും ഒക്കെ ഒർഡർ ചെയ്ത് നന്നായി ചാമ്പി. മർകസ് ആർട്‌സിൽ ജോലിചെയ്യുന്ന കാലമാണ്. ച്ചിരിപ്പിടിയേ ശമ്പളം കാണൂ. നല്ല കടവും തലയിലുണ്ട്. നല്ല ശമ്പളം തരാം എന്ന് പറഞ്ഞ് സി. ഉസ്താദാണ് നിയമിക്കുന്നത്. “നല്ല” എന്നതിന്റെ വിശദീകരണമായി “ഹലാലൻ ത്വയ്യിബൻ” എന്ന് പറയുകയും ചെയ്തിരുന്നു. ബില്ല് കൊടുക്കാൻ നേരത്ത് അവർ കൈകഴുകിയിട്ടും കഴുകിയിട്ടും കഴുകിയിട്ടും. തീരുന്നില്ല. ഒരുത്തൻ ഖനിയിൽ നിന്നും പൊന്ന് കിളച്ചെടുക്കുമ്പോലെ, കുടലിൽ നിന്നും കഫം കാർക്കിച്ചെടുത്ത് സമയം നീട്ടി. എനിക്കിതെല്ലാം കണ്ടിട്ട് ഏനക്കേടുണ്ടായി. ഞാൻ മാന്യതയോട് നീതി കാട്ടി. കൗണ്ടറിൽ ചെന്ന് മൊത്തം കാശ് കൊടുത്തു.
അത്രയും വലിയ തുക ഒടുക്കേണ്ടി വന്നത് നേരുപറയാം എനിക്കിഷ്ടപ്പെട്ടിട്ടില്ല. ആ നാലിൽ ഒരാൾക്ക് ഇപ്പോൾ പ്രമുഖ സ്ഥാപനത്തിന്റെ ഓഫീസിലാണ് ജോലി. മറ്റൊരാൾ കുറച്ച് മുമ്പുവരെ ഒരു പ്രസിദ്ധീകരണത്തിൽ ജോലിയിലുണ്ടായിരുന്നു. വേറൊരാൾ ഗൾഫിൽ പോയി. നാലാമൻ വയനാട്ടുകാരനാണ്. അവർ ഈ കുറിപ്പ് വായിക്കുമോ എന്നെനിക്കറിയില്ല. അന്ന് ഞാൻ സംതൃപ്തിക്കുറവോടെയാണ് പണം കൊടുത്തത്. ഇന്ന് ഞാൻ പൊരുത്തപ്പെട്ടുകൊടുത്തിരിക്കുന്നു. തൊപ്പി കട്ടോടിയ കള്ളന്റെ പിന്നാലെ ഓടി “ഓടേണ്ട ചങ്ങാതി! ഞാനിതാ പൊരുത്തപ്പെട്ടിരിക്കുന്നു” എന്ന് പറഞ്ഞ ഇമാം നവവി (റ) കഥ പഠിച്ച നമുക്ക് പിന്നെ നാല് പൊറാട്ടയുടെ പൈശ കൊടുക്കാനാ മടി.

പക്ഷേ, ശ്രദ്ധിക്കണം ഇതൊരു വല്ലാത്ത സാംക്രമിക രോഗമായി പടർന്ന് പിടിച്ചിട്ടുണ്ട്. ബസിലോ ഹോട്ടലിലോ വല്ല പരിചരിയക്കാരനെയും കണ്ടുമുട്ടുക, എന്നിട്ട് അവരുടെ മൊത്തം യാത്ര/ ആഹാര ഭാരം നമ്മുടെ തലയിലേക്ക് വന്ന് വീഴുക, ഉള്ളു കാളുക, ഉള്ളേ പിരാകുക. എന്താണിതിന്റെയൊക്കെ ആവശ്യം? ആരെങ്കിലും/ ആരെയെങ്കിലും നേരത്തെ തക്കരിച്ചുകൂട്ടി കൊണ്ടുപോയി വല്ലതും വാങ്ങിച്ചു കൊടുക്കുന്നതോ, വണ്ടിക്കൂലി കൊടുക്കുന്നതോ കൊള്ളാം. അതേസമയം നിനക്കാനേരത്ത് കണ്ടു മുട്ടുമ്പോൾ പിടയുന്ന മനസ്സോടെ, പുറമേ ആഹ്ലാദം അഭിനയിച്ച് കൊണ്ടുള്ള ഒരു ചെലവ് വഹിക്കൽ ഒരു സോഷ്യൽ മാനറിസമായി മാറിയത് ചർച്ചയാവശ്യപ്പെടുന്നുണ്ട്. ചിലർക്ക് അവരുടെ ചായപ്പൈസയും ബസ് ടിക്കറ്റും വേറൊരാൾ എടുക്കുന്നത് ഇഷ്ടമേയല്ല. എന്ത് പ്രതിരോധിച്ചാലും എത്ര വെറുപ്പ് പ്രകടിപ്പിച്ചാലും പക്ഷേ അവർ വെറുതെ വിടില്ല. വേണോ ഇങ്ങനെയൊരു ചെലവ് വഹിപ്പ്?

Latest