Connect with us

Ongoing News

ജ്ഞാനേതിഹാസം തീർത്ത തൂലികാവിലാസം

Published

|

Last Updated

പ്രഗൽഭ പണ്ഡിതനും വേറിട്ട ഗ്രന്ഥകാരനുമാണ് കോടമ്പുഴ ബാവ മുസ്്ലിയാർ. ആധികാരികമായും ആനുകാലികമായും അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറവിയെടുത്ത ഗ്രന്ഥങ്ങൾ ഒട്ടേറെ പഠിതാക്കൾക്കും പണ്ഡിതർക്കും ജ്ഞാനശമനമേകിയിട്ടുണ്ട്. ആദ്യമാദ്യം മതപാഠഗ്രന്ഥങ്ങളുടെ രചനയാണ് നിർവഹിച്ചത്. പിന്നീട് 1990ൽ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് നിലവിൽ വന്നപ്പോൾ ആദ്യഘട്ടത്തിൽ ഏഴാം തരം വരെയും രണ്ടാം ഘട്ടത്തിൽ പത്താം തരം വരെയും മൂന്നാം ഘട്ടത്തിൽ പ്ലസ്ടു വരെയുമുള്ള ഗ്രന്ഥങ്ങൾ പണ്ഡിത നേതാക്കളുടെ ആജ്ഞപ്രകാരം അദ്ദേഹം തയ്യാറാക്കി. ഈ പാഠ്യഗ്രന്ഥങ്ങളിൽ പ്രധാനപ്പെട്ടത് ഖുലാസത്തുൽ ഫിഖ്ഹിൽ ഇസ്‌ലാമി, അൽ ഖിലാഫത്തുർറാശിദ, അൽ ഖിലാഫത്തുൽ ഉമവിയ്യ, താരീഖുൽ ആലമിൽ ഇസ്‌ലാമി എന്നിവയാണ്.
പിന്നീടുള്ള വർഷങ്ങളിൽ നിരന്തരമായി നടത്തിയ രചനയുടെ ഫലമായി ചിന്തോദ്ദീപകങ്ങളായ നിരവധി ഗ്രന്ഥങ്ങൾ പ്രകാശിതമായി. തഫ്‌സീർ, ഹദീസ്, ഫിഖ്ഹ്, തസ്വവ്വുഫ്, വിശ്വാസ ശാസ്ത്രം, ജീവചരിത്രം, സാഹിത്യം, സംഭവ കഥകൾ, പ്രശ്‌നോത്തരങ്ങൾ, പഠനങ്ങൾ, ലേഖന സമാഹാരങ്ങൾ, പാഠ്യഗ്രന്ഥങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാം അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്. അബുൽ ബശർ എന്ന ഗ്രന്ഥം ദുബൈ ഔഖാഫാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. പ്രധാനപ്പെട്ട മറ്റു അഞ്ച് ഗ്രന്ഥങ്ങൾ ഈജിപ്തിലെ ദാറുൽ ബസ്വാഇർ പ്രസിദ്ധീകരണാലയം പ്രസിദ്ധീകരിച്ചുവരുന്നു.
ആധികാരികവും ലളിതവും എന്നാൽ ഏറെ ഉപകാരപ്രദവും “മാസ്റ്റർ പീസ്” ഗ്രന്ഥവുമാണ് സീറത്തു സയ്യിദിൽ ബശർ എന്ന നബി ചരിത്ര ഗ്രന്ഥം.

പ്രാഥമിക കർമശാസ്ത്ര പഠനത്തിന് പ്രത്യേകം തയ്യാറാക്കിയ സംക്ഷിപ്ത ഗ്രന്ഥമാണ് ഖുലാസതുൽ ഫിഖ്ഹിൽ ഇസ്്ലാമി. പഠനത്തിനും കർമത്തിനും ഒറ്റനോട്ടത്തിൽ ഗ്രഹിക്കാനും ഉതകുന്ന ലളിതമായൊരു കർമശാസ്ത്ര അറബി ഗ്രന്ഥം വേണമെന്ന ചിരകാലാഭിലാഷത്തിന്റെ സാക്ഷാത്കാരമായിരുന്നു ഈ ഗ്രന്ഥം. കാഴ്ചക്കു വളരെ ചെറുതെങ്കിലും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം ഖുലാസ്വ എടുത്തു നോക്കുമ്പോഴാണ് അതിന്റെ പിന്നിലെ പരിശ്രമത്തിന്റെ വലുപ്പം നമുക്ക് മനസ്സിലാകുക.

ലോകപ്രശസ്ത തഫ്‌സീർ ഗ്രന്ഥമായ ജലാലൈനിക്ക് തയ്യാർ ചെയ്ത് കൊണ്ടിരിക്കുന്ന തൈസീറുൽ ജലാലൈനി ഗ്രന്ഥാവലിയുടെ പതിമൂന്ന് ഭാഗങ്ങൾ പ്രകാശിതമായി.
ക്ലോണിംഗ്, സയാമീസ് ഇരട്ടകൾ, ടെസ്റ്റ് ട്യൂബ് ശിശു, രക്തദാനം, അവയവദാനം, ലിംഗമാറ്റം, പ്ലാസ്റ്റിക് സർജറി തുടങ്ങിയ ആധുനിക സമസ്യകളും ഉയർത്തുന്ന ധാർമിക നൈതിക പ്രശ്‌നങ്ങൾക്ക് വിശുദ്ധ ഇസ്‌ലാം നിർദേശിക്കുന്ന ലളിതവും സുവ്യക്തവുമായ പരിഹാര മാർഗങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മലയാള കൃതിയാണ് ജനിതക ശാസ്ത്രത്തിന്റെ ഇന്ദ്രജാലം.
വൈവിധ്യമാർന്ന വിഷയങ്ങളും വൈചിത്ര്യമാർന്ന പഠനങ്ങളും ചിന്തോദ്ദീപകമായ ചർച്ചകളും പഠനാർഹങ്ങളായ നിരൂപണങ്ങളും ഉൾക്കൊള്ളിച്ച ബാവ മുസ്്ലിയാരുടെ ലേഖന സമാഹാരങ്ങൾ നിരവധിയാണ്.

വായനക്കാരെ ഏറെ ആകർഷിച്ച മലയാള കൃതി “ജനിതക ശാസ്ത്രത്തിന്റെ ഇന്ദ്രജാല”വും അറബി ഗ്രന്ഥം “സയ്യിദുൽ ബശർ” എന്ന ഗ്രന്ഥവുമാണ്. എന്നാൽ, ഏറ്റവും പ്രചാരം ലഭിച്ചത് “നിസ്‌കാരം വിഷമഘട്ടങ്ങളിൽ”എന്ന മലയാള പുസ്തകത്തിനും “ഖുലാസ്വതുൽ ഫിഖ്ഹിൽ ഇസ്‌ലാമി” എന്ന അറബി ഗ്രന്ഥത്തിനുമാണ്. ബുസ്താനുസ്സബ്അ സഫീനത്തുസ്സഹ്‌റാഅ, രിസ്ഖുൽ അസ്ഫിയാഅ്, താരീഖുൽ ആലമിൽ ഇസ്്ലാമി, ജിനാനുൽ അദബ്, അൽ മർഅതു ഫീ ളിലാലിൽ ഇസ്്ലാം മുതലായ അറബിഗ്രന്ഥങ്ങളും മൊഴിയും പൊരുളും, അത്യുത്തമ കർമങ്ങൾ, ആത്മീയോത്ക്കർശത്തിന്റെ വിഹായസ്സിലേക്ക്, യോഗ ധ്യാനം ഇസ്്ലാം, കാത്തിരുന്ന പ്രവാചകൻ, തൂലികാ തരംഗങ്ങൾ, ദീപ്തലിഖിതങ്ങൾ തുടങ്ങിയ മലയാള കൃതികളും അവയിൽ പ്രധാനപ്പെട്ടവയാണ്.

കേരളത്തിലെ വനിതാ കോളജുകൾക്ക് വേണ്ടി ദൗറത്തുൽ ആരിഫയുടെ പഠ്യ ഗ്രന്ഥങ്ങൾ മുഴുവനും കോടമ്പുഴ ബാവ മുസ്്ലിയാരുടെ പേന ചുരത്തിയ ജ്ഞാന പിയൂഷമാണ്. ഒന്നിലുമൊതുങ്ങാതെ എല്ലാ വിജ്ഞാന ശാഖകളിലും കൈമുദ്ര പതിപ്പിച്ച് ഇനിയും എഴുതാനിരിക്കുന്ന 70 പിന്നിട്ട ഈ മഹാപണ്ഡിതനെ ഏതു വാക്കുകൊണ്ടാണ് വിശേഷിപ്പിക്കേണ്ടതെന്നറിയില്ല. ഇസ്്ലാമിക് പബ്ലിഷിംഗ് ബ്യൂറോ, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്, ദാറുൽ മആരിഫ് പബ്ലിക്കേഷൻ തുടങ്ങി കേരളത്തിലെ പ്രമുഖ സുന്നി പ്രസിദ്ധീകരണാലയങ്ങൾ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നുണ്ട്.

ആധികാരിക അവലംബങ്ങളോടെ ബൃഹത്തായ നിരവധി ഗ്രന്ഥങ്ങൾ സമൂഹത്തിന് സമർപ്പിച്ച ഉസ്താദവർകളുടെ നൂറാമത്തെ ഗ്രന്ഥ പ്രകാശനമാണ് ഈ മാസം 14 ശനിയാഴ്ച ഫറോഖ് പേട്ട മൈതാനിയിൽ നടക്കുന്ന “അൽ ഖലം” കോൺഫറൻസിൽ സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കുന്നത്. സ്‌നേഹം, ഔദാര്യം, കാരുണ്യം, നീതി തുടങ്ങി ഇസ്്ലാമിക വിശ്വാസ ദർശനങ്ങളുടെ സൗന്ദര്യം തുറന്നുകാട്ടുന്ന അൽ ഇസ്്ലാ എന്ന അറബി ഗ്രന്ഥത്തിന്റെ പ്രകാശനമാണ് പ്രസ്തുത കോൺഫറൻസിൽ നടക്കുന്നത്.

---- facebook comment plugin here -----

Latest