Connect with us

Socialist

വേണ്ടത് പോലീസിന്റെ അക്കൗണ്ടബിലിറ്റി ഉറപ്പുവരുത്താനുള്ള കാര്യക്ഷമമായ സംവിധാനങ്ങളാണ്

Published

|

Last Updated

ചുരുക്കി പറയാം…

എനിക്ക്, ഒരു സ്ത്രീ എന്ന നിലയിൽ വേണ്ടത്, ഞാൻ ആക്രമിക്കപ്പെട്ടോ കൊല്ലപ്പെട്ടോ കഴിഞ്ഞ്, കുറ്റവാളികളെന്ന് അവർ കരുതുന്നവരെ വെടിവെച്ചുകൊന്ന് എളുപ്പവഴിക്ക് കേസ് ക്ളോസ് ചെയ്യുന്ന പൊലീസിനെയല്ല! കേസ് വലിപ്പിച്ചു പ്രതികളെ രക്ഷിച്ചെടുക്കുന്നവരെയുമല്ല. അതായത്, വാളയാർ പോലീസൊ തെലങ്കാന പോലീസോ അല്ല!

മറിച്ച് വേണ്ടത്, അപകടകരമായ ചുറ്റുപാടുകളിൽ ധൈര്യത്തോടെ വിളിക്കാൻ പറ്റുന്ന എമർജൻസി സർവീസാണ്. സഹായം പെട്ടെന്നെത്തുമെന്നുള്ള വിശ്വാസമാണ്. എന്തെങ്കിലും പരാതികൊടുക്കാൻ ഒരു സ്റ്റേഷനിലേക്ക് കേറിച്ചെല്ലുമ്പോൾ അപമാനിക്കപ്പെടില്ലെന്നും മോറൽപോലീസ് ചെയ്യപ്പെടില്ലെന്നുമുള്ള ഉറപ്പാണ്. കാണാതായാൽ അവളോടിപ്പോയതാവുമെന്ന് എന്റെ വീട്ടുകാരോട് പറയാൻ മാത്രം മനസ്സാക്ഷിയില്ലായ്മ കാണിക്കാതിരിക്കലാണ്. ഒരു സ്ത്രീ അപകടത്തിലാണെന്ന പരാതിക്ക് ജൂറിസ്റ്റിക്ഷൻ തേടി സമയം കളയാതിരിക്കലാണ്.

സ്ത്രീകളും കുട്ടികളും ട്രാൻസ്ജെന്ഡർ വിഭാഗത്തിൽ പെട്ടവരുമെല്ലാം പരാതിക്കാരായോ ഇരയാക്കപ്പെട്ടവരായോ എത്തുന്ന ലൈംഗികാതിക്രമമോ ഗാർഹികപീഡനമോ പോലുള്ള കേസുകളിൽ സെൻസിറ്റീവായും സെൻസിബിളായും ഇടപെടാൻ കൃത്യമായ പരിശീലനം നല്കപ്പെട്ട നിയമപാലകരെയാണ്.

ഇനി, എനിക്കെന്തെങ്കിലും സംഭവിച്ചാൽ തന്നെ, തിരിച്ചും മറിച്ചും എല്ലാ സാധ്യതകളും അന്വേഷിച്ച്, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, കേസ് കോടതിയിൽ എത്തിക്കുന്ന അന്വേഷണസംഘത്തെയാണ്.

അതിനു വേണ്ടത് പോലീസിന്റെ അക്കൗണ്ടബിലിറ്റി ഉറപ്പുവരുത്താനുള്ള കാര്യക്ഷമമായ സംവിധാനങ്ങളാണ്. നിയമത്തിന്റെ വഴിവിട്ട ഓരോ പ്രവൃത്തിക്കും തെളിവുകൾ നിരത്തി സാഹചര്യം തെളിയിക്കേണ്ടിവരുമെന്ന അവസ്ഥയാണ്. അവർ ചെയ്യേണ്ട ജോലി ചെയ്യാതെ പ്രതികളെ രക്ഷിച്ചെടുത്താൽ ഉത്തരം പറയേണ്ടി വരുമെന്ന ഉറപ്പാണ്.

അനുപമ ആനമങ്ങാട്

www.facebook.com/anupama.anamangad

Latest