Connect with us

Editorial

ഉന്നാവ് കേസിലെ ഇര രാജ്യത്തോട് പറയുന്നത്

Published

|

Last Updated

രാജ്യത്തെ, വിശേഷിച്ചും ഉത്തര്‍പ്രദേശിലെ നിമയവാഴ്ചയുടെ പരാജയത്തിലേക്കാണ് ഉന്നാവ് പീഡനക്കേസിലെ ഇര തീപൊള്ളലേറ്റു മരിക്കാനിടയായ സംഭവം വിരല്‍ ചൂണ്ടുന്നത്. കഴിഞ്ഞ ജനുവരിയില്‍ ലൈംഗിക പീഡനത്തിനിരയായ യുവതിയെ വ്യാഴാഴ്ച പുലര്‍ച്ചെ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ കത്തിപ്പടര്‍ന്ന ശരീരവുമായി പെണ്‍കുട്ടി ഓടുന്നത് കണ്ടവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് ഇവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ലക്‌നൗ ആശുപത്രിയിലേക്ക് മാറ്റിയ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ മരിക്കുകയായിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച ശേഷം മാസങ്ങളോളം ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട യുവതി ഇതുസംബന്ധിച്ച കേസിനായി റായ്ബറേലിയിലെ കോടതിയിലേക്കു പോകും വഴിയാണ് പ്രതികള്‍ തീവെച്ചത്. പെണ്‍കുട്ടികള്‍ക്ക് സ്വസ്ഥമായും നിര്‍ഭയമായും ജീവിക്കാനും പുറത്തിറങ്ങി സഞ്ചരിക്കാനും സാധിക്കാത്ത സാഹചര്യമാണ് ഇപ്പോള്‍ യു പിയില്‍. നേരത്തേ ഉന്നാവില്‍ നിന്നുള്ള ബി ജെ പി. എം എല്‍ എ കുല്‍ദീപ് സിംഗ് സെന്‍ഗാറും സഹോദരനും തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി പറയപ്പെടുന്ന പെണ്‍കുട്ടിക്കും സമാന അനുഭവമുണ്ടായിരുന്നു. ഇവരെ വാഹനമിടിച്ചു കൊലപ്പെടുത്താനായിരുന്നു പ്രതികള്‍ ശ്രമിച്ചത്. പെണ്‍കുട്ടിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ച കാര്‍ ദുരൂഹ സാഹചര്യത്തില്‍ അപകടത്തില്‍ പെടുകയായിരുന്നു. തുടര്‍ന്ന് യു പിയില്‍ നിന്ന് തനിക്ക് നീതി ലഭിക്കാന്‍ പ്രയാസമാണെന്നും കേസ് സംസ്ഥാനത്തിനു പുറത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ഈ കേസിലെ ഇര സുപ്രീംകോടതിക്ക് കത്ത് നല്‍കുകയുണ്ടായി.

രാജ്യത്തെ പെണ്‍കുട്ടികള്‍ നേരിടുന്ന അരക്ഷിതാവസ്ഥയും കേസിലെ ഇരകള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ ഭരണതലത്തില്‍ നിന്നുണ്ടാകുന്ന പരാജയവും പലപ്പോഴും കോടതിയുടെ രൂക്ഷമായ വിമര്‍ശനത്തിന് വിധേയമായതാണ്. കേസ് മാറ്റാന്‍ ആവശ്യപ്പെട്ട് ഉന്നാവ് (സെന്‍ഗര്‍) പീഡന കേസിലെ ഇര നല്‍കിയ കത്ത് പരിഗണിക്കവെ “എന്താണ് രാജ്യത്ത് നടക്കുന്നതെന്നും നിമയപരമായ എന്തു നടപടികളാണ് ഇവിടെ നടക്കുന്നതെന്നും” അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അത്യന്തം ക്ഷോഭിതനായാണ് സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചത്. സ്ത്രീകള്‍ അതിക്രമങ്ങള്‍ക്കിരയാകുന്ന കേസുകളില്‍ ഇതിനു മുമ്പും പലപ്പോഴും ഇരകളെ സ്വാധീനിച്ചും ഇല്ലാതാക്കിയും കേസുകള്‍ തേച്ചുമാച്ചു കളയാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഇരകള്‍ക്ക് സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ സംസ്ഥാന ഭരണകൂടം കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും കാണിക്കേണ്ടതുണ്ടായിരുന്നു.
കേസ് നടപടികള്‍ പൂര്‍ത്തിയായാല്‍ തന്നെ സ്ത്രീ പീഡന കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് വളരെ കുറവാണെന്ന് ഔദ്യോഗിക രേഖകള്‍ കാണിക്കുന്നു. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പ്രസിദ്ധീകരിച്ച കണക്കു പ്രകാരം രാജ്യത്ത് നടക്കുന്ന പീഡനങ്ങളില്‍ പത്ത് ശതമാനം കേസുകള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുള്ളൂ. അതില്‍ തന്നെ 25 ശതമാനം കുറ്റവാളികളേ ശിക്ഷിക്കപ്പെടുന്നുള്ളൂ. കേരളത്തില്‍ 2015ല്‍ 3,987 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ ശിക്ഷ വിധിക്കപ്പെട്ട കേസുകള്‍ 20.7 ശതമാനം മാത്രമായിരുന്നു. മറ്റു കേസുകള്‍ ഒത്തുതീര്‍പ്പിലെത്തുകയോ മതിയായ തെളിവുകളില്ലാതെ തള്ളിപ്പോകുകയോ ചെയ്തു. പല കേസുകളിലും പ്രതികള്‍ കേസുകള്‍ നീട്ടിക്കൊണ്ടു പോയി ഇരകളെ മനം മടുപ്പിച്ചാണ് ഒത്തുതീര്‍പ്പിലെത്തിക്കുന്നത്. പ്രതികളുടെ ഭീഷണി മൂലം ഇരകള്‍ കേസ് പിന്‍വലിക്കുന്ന സംഭവങ്ങളും വിരളമല്ല. ഇത്തരം സംഭവങ്ങളില്‍ പ്രതികള്‍ക്ക് പലപ്പോഴും അധികൃതരുടെ ഒത്താശയുമുണ്ടാകും.

പഴുതുകളും പോരായ്മകളും ഏറെയുള്ളതാണ് നമ്മുടെ ക്രിമിനല്‍ നിയമങ്ങള്‍. 2012ലെ നിര്‍ഭയ കേസില്‍ ഒമ്പത് മാസത്തിനകം കോടതി ശിക്ഷ വിധിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. സൗമ്യയെ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ടു പീഡിപ്പിച്ചു കൊന്ന ഗോവിന്ദച്ചാമി നിയമത്തിലെ പഴുതിലൂടെ ശിക്ഷാ ഇളവ് നേടി ജയിലില്‍ സുഖമായി കഴിയുകയാണിപ്പോള്‍. ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം നടന്നതു പോലെ കോടതിയെയും നിയമത്തെയും നോക്കുകുത്തിയാക്കി പോലീസ് തെരുവ് നിയമം നടപ്പാക്കുമ്പോള്‍ പൊതുസമൂഹം അതിനെ സ്വാഗതം ചെയ്യുകയും അതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് വീരപരിവേഷം കല്‍പ്പിക്കുകയും ചെയ്യുന്നത് രാജ്യത്തെ നീതിന്യായ സംവിധാനങ്ങളുടെ ഈ പരാജയം കൊണ്ടാണ്.

സ്ത്രീകളും കുട്ടികളുമെല്ലാം ക്രൂരമായി പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുമ്പോള്‍ കുറ്റവാളികള്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ ലഭിക്കണമെന്ന് ആരുംആഗ്രഹിക്കുക സ്വാഭാവികം. അത് നടപ്പാകാതെ വരുന്ന സാഹചര്യത്തിലാണ് വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ സമൂഹ മനസ്സില്‍ നീതിയായി അനുഭവപ്പെടുന്നത്.
വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതികള്‍ കൊല്ലപ്പെട്ട സംഭവം നാട്ടുകാര്‍ ആഘോഷമാക്കി മാറ്റിയെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. സംഭവസ്ഥലം സന്ദര്‍ശിച്ചു ജനങ്ങള്‍ അവിടെ പുഷ്പവൃഷ്ടി നടത്തുകയും പോലീസുകാരെ തോളിലേറ്റി സന്തോഷം പ്രകടിപ്പിക്കുകയും ഡി സി പിക്കും എസ് പിക്കും ജയ്‌വിളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

കഴിഞ്ഞ വര്‍ഷം വാറങ്കലില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച പ്രതികളെ വെടിവെച്ചു കൊന്നപ്പോഴും ഇതുപോലുള്ള സ്വീകാര്യതയാണ് പോലീസിന് സമൂഹത്തില്‍ ലഭ്യമായത്. സമൂഹം ഈയൊരു മാനസികാവസ്ഥയിലേക്ക് നീങ്ങുന്നത് അപകടകരമാണ്. രാജ്യം പോലീസ് രാജിലേക്കും പട്ടാള ഭരണത്തിന് സമാനമായ അവസ്ഥയിലേക്കും നീങ്ങാന്‍ ഇത് ഇടയാക്കും. സ്ത്രീ പീഡനക്കേസുകളിലും മറ്റു ഗുരുതര കുറ്റകൃത്യങ്ങളിലും നിയമവൃത്തങ്ങള്‍ സത്യസന്ധവും കര്‍ശനവുമായ നിലപാട് സ്വീകരിച്ച് കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുകയും അത് എത്രയും പെട്ടെന്നു നടപ്പാക്കുകയും ചെയ്യണം. അതുവഴി രാജ്യത്തെ നിയമവാഴ്ചയിലുള്ള ജനവിശ്വാസം വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യതയാണ് ഇത് ഓര്‍മപ്പെടുത്തുന്നത്.

Latest