Connect with us

National

ഡബിള്‍ സെഞ്ച്വറിയടിച്ച് ഉള്ളി വില; രാജ്യ ചരിത്രത്തില്‍ ആദ്യം

Published

|

Last Updated

ബെംഗളൂരു |  ചരിത്രത്തില്‍ ആദ്യമായി രാജ്യത്ത് ഉള്ളി വില കിലോക്ക് 200 രൂപയില്‍. രാജ്യത്തെ മെട്രോ നഗരങ്ങളിലൊന്നായ ബെംഗളൂരുവിലാണ് ഉള്ളി വില ആദ്യമായി ഇരട്ട ശതകത്തിലെത്തിയത്. വരും ദിവസങ്ങളിലും ഉള്ളി വില വര്‍ധിക്കുമെന്നാണ് മാര്‍ക്കറ്റുകളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്.

ബെംഗളൂരുവിലെ ചില ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ഉള്ളി വില ക്വിന്റലിന് 14000 രൂപയിലെത്തിയതായി സംസ്ഥാന കാര്‍ഷിക മാര്‍ക്കറ്റിംഗ് ഓഫീസറായ സിദ്ധഗംഗയ്യയെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ മറ്റ് നഗരങ്ങളിലും ഉള്ളി വില ഉടന്‍ 200 തൊടുമെന്നും ഉപഭോഗ സംസ്ഥാനമായ കേരളത്തിലടക്കം വലിയ വില വര്‍ധനവുണ്ടാകുമെന്നാണ് മാര്‍ക്കറ്റുകളില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഉള്ളിവില 150 രൂപ കടന്നപ്പോള്‍ തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പാര്‍ലിമെന്റിലും പ്രതിഷേധങ്ങളുണ്ടായി. ഉള്ളി വാഹനങ്ങള്‍ കൊള്ളയടിക്കുന്ന സാഹചര്യം വരെയഉണ്ടായി. വരും ദിവസങ്ങളിലും ഇത്തരം പ്രതിഷേധങ്ങള്‍ ശക്തമാകാനാണ് സാധ്യത. ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനോട് പാര്‍ലിമെന്റില്‍ ഉള്ളി വില വര്‍ധനയെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ഉള്ളിയും വെളുത്തുള്ളിയും കഴിക്കാറില്ലെന്നും തന്റെ വീട്ടില്‍ അങ്ങനെയൊരു ഏര്‍പ്പാടില്ലെന്നുമായിരുന്നുള്ള പ്രതികരണവും ഏറെ ചര്‍ച്ചയായിരുന്നു.

കേന്ദ്ര ധനമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയുമായി മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം രംഗത്തെത്തിയിരുന്നു. താന്‍ സവാളയും വെളുത്തുള്ളിയും കഴിക്കാറില്ലെന്നും അങ്ങനെയൊരു കുടുംബത്തില്‍ നിന്നുമാണ് വരുന്നതെന്നുമുള്ള ലോക്‌സഭയില്‍ നിര്‍മല നടത്തിയ പരാമര്‍ശത്തിന് “അവരെന്താ അവോക്കാഡോയാണോ കഴിക്കുന്നത്?” എന്നായിരുന്നു ചിദംബരത്തിന്റെ പരിഹാസം.

കാലാവസ്ഥ മാറ്റവും വിളനാശവും മൂലം രാജ്യത്ത് 50 ശതമാനത്തോളം ഉള്ളിയുടെ ഉത്പ്പാദനം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. വിളവെടുപ്പിനിടെയുണ്ടായ കനത്ത മഴയും ഉത്പ്പാദനത്തെ ബാധിക്കുകയായിരുന്നു.