Connect with us

National

11 മാസം, 86 കേസുകൾ; ഉന്നാവോ; ബലാത്സംഗങ്ങളുടെ തലസ്ഥാനം

Published

|

Last Updated

ഉന്നാവോ | സ്ത്രീകൾക്ക് നേരേയുള്ള അതിക്രമങ്ങളുടെ കാര്യത്തിൽ കുതിക്കുന്ന ഉത്തർപ്രദേശിന്റെ ബലാത്സംഗ തലസ്ഥാനമായി ഉന്നാവോ മാറുന്നു. ഈ വർഷം ജനുവരി മുതൽ നവംബർ വരെ 86 ബലാത്സംഗ കേസുകളാണ് ഈ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലൈംഗിക അതിക്രമ കേസുകൾ ഇവിടെ ഈ കാലയളവിൽ 185 ആണ്. ഉന്നാവോയിലെ ബലാത്സംഗ കേസുകളിൽ ഏറ്റവും കുപ്രസിദ്ധമായത് ബി ജെ പി. എം എൽ എ കുൽദീപ് സെൻഗർ പ്രതിയായ കേസ് തന്നെയാണ്. ജോലി തരാമെന്ന് പറഞ്ഞ് ലക്‌നോവിലെത്തിച്ച പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പരാതി പറയാൻ ചെന്ന പെൺകുട്ടിയുടെ പിതാവിനെ എം എൽ എയുടെ സഹോദരനും സംഘവും ചേർന്ന് മർദിച്ച് കൊന്നു. കേസിലെ ഇരയെയും അഭിഭാഷകനെയും ട്രക്കിടിച്ച് കൊല്ലാനും ശ്രമം നടന്നു.

ബലാത്സംഗത്തിനിരയായ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത് കഴിഞ്ഞ ദിവസമാണ്. യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഈ കേസുകളിലെല്ലാം പ്രതികൾ അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങുകയാണ് പതിവ്. അല്ലെങ്കിൽ ഒളിവിൽ പോകും. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ നിരന്തരം പ്രതികളെ സഹായിക്കുന്നത് കൊണ്ടാണ് ജില്ലയിലെ ജനങ്ങൾക്കാകെ നാണക്കേടായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. പോലീസ് പൂർണമായി രാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയ യജമാനൻമാരിൽ നിന്ന് അനുമതി കിട്ടാതെ പോലീസ് ചെറുവിരൽ അനക്കില്ല. ഇതാണ് ക്രിമിനലുകൾക്ക് വളം വെച്ച് കൊടുക്കുന്നത്- സാമൂഹിക പ്രവർത്തകനായ രാഘവ് റാം ശുക്ല പറഞ്ഞു. യു പിയിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളിൽ ചിലർ ഉന്നാവോയിൽ നിന്നുള്ളവരാണ്. നിയമസഭാ സ്പീക്കറും ബി ജെ പി നേതാവുമായ ഹൃദയ് നാരായൺ ദീക്ഷിത് ഇവരിലൊരാളാണ്. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗമായ ബ്രിജേഷ് പഥക്കും പ്രമുഖ ബി ജെ പി. എം പിയായ സാക്ഷി മഹാരാജും ഈ ജില്ലയിൽ നിന്നുള്ളവരാണ്. ഈ നേതാക്കൾ പോലീസിനെ നിയന്ത്രിക്കുന്നുവെന്നാണ് ആരോപണം. കുൽദീപ് സെൻഗർ പ്രതിയായ കേസ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ആദ്യം പരാതി നൽകിയെങ്കിലും കേസെടുക്കാൻ പോലും പോലീസ് തയ്യാറായില്ല. മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിൽ ഇര തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ മാത്രമാണ് പോലീസ് ഒന്നനങ്ങിയത്.

എം എൽ എയുടെ സഹോദരനും ഗുണ്ടകളും ഇരയുടെ കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തിട്ടും പോലീസ് ഒന്നും ചെയ്തില്ല. ഒടുവിൽ പിതാവിനെ അടിച്ചു കൊല്ലിന്നിടത്ത് വരെയെത്തി കാര്യങ്ങൾ. കേസ് മുന്നോട്ട് പോകവേയാണ് ഇരയെയും അഭിഭാഷകനെയും വധിക്കാൻ ട്രക്ക് അപകടമുണ്ടാക്കിയത്.

Latest