Connect with us

National

ഉന്നാവില്‍ ബി ജെ പി മന്ത്രിമാര്‍ക്കും എം പിക്കുമെതിരെ ഗ്രാമവാസികളുടെ പ്രതിഷേധം

Published

|

Last Updated

ലഖ്‌നോ|  ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പീഡന പ്രതികള്‍ കൊല ചെയ്ത പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ബി ജെ പി മന്ത്രിമാര്‍ക്കും എം പിക്കുമെതിരെ ജനങ്ങളുടെ പ്രതിഷേധം. യു പി മന്ത്രിമാരായ സ്വമി പ്രസാദ് മൗര്യ, കമല്‍ റാണി വരുണ്‍, സാക്ഷി മാഹാരാജ് എം പി എന്നിവരെയാണ് ജനം തടഞ്ഞുവെച്ച് പ്രതിഷേധിച്ചത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച് മടങ്ങിയ ശേഷമാണ് ബി ജെ പി നേതാക്കള്‍ക്കെതിരെ ജനം പ്രതിഷേധിച്ചത്. ഗ്രമാവാസികളുടെ പ്രതിഷേധത്തിന് മുമ്പായി എന്‍ എസ് യു പ്രവര്‍ത്തകര്‍ മന്ത്രിമാരുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇത് സംഘര്‍ഷത്തിലാകുകയും പോലീസ് ലാത്തിവീശി മന്ത്രിമാരെ രക്ഷപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. ഇതിന് ശേഷമാണ് ഗ്രാമവസാസികളുടെ പ്രതിഷേധമുണ്ടായത്.

പ്രതികള്‍ തീയിട്ടതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതി ഇന്നലെയാണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ മരിച്ചത്. നേരത്തെ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികള്‍ ഇത് സംബന്ധിച്ച് കോടതിയില്‍ മൊഴി നല്‍കാന്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

അതിനിടെ ഇന്ന് പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച പ്രിയങ്ക ഗാന്ധി യു പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. ഉത്തര്‍പ്രദേശില്‍ ഇപ്പോഴുള്ളതു പൊള്ളയായ ക്രമസമാധാന സംവിധാനമാണെന്ന് പ്രിയങ്ക ആരോപിച്ചു. സംസ്ഥാനത്തു ലൈംഗികാക്രമണങ്ങളെ അതിജീവിക്കുന്നവര്‍ക്കു നീതി നിഷേധിക്കപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.

കുറ്റവാളികളുടെ മനസ്സില്‍ ഇപ്പോള്‍ ഭയമില്ല. ഉത്തര്‍പ്രദേശില്‍ കുറ്റവാളികള്‍ക്ക് ഇടമില്ലെന്നാണ് അവര്‍ പറയുന്നത്. പക്ഷേ ഇവിടെ അരാജകത്വം പ്രചരിക്കുകയും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ നടക്കുകയും ചെയ്യുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

 

 

Latest