Connect with us

Ongoing News

ടീമുകളെത്തി; തലസ്ഥാനം ക്രിക്കറ്റ് ആവേശത്തിൽ

Published

|

Last Updated

തിരുവനന്തപുരം | നാളെ നടക്കുന്ന ഇന്ത്യ- വെസ്റ്റിൻഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇരുടീമുകളും  തലസ്ഥാനത്തെത്തി. ഹൈദരാബാദിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ  ടീമംഗങ്ങളെ കെ സി എ ഒഫീഷ്യൽസും ക്രിക്കറ്റ് ഫാൻസും ചേർന്ന് സ്വീകരിച്ചു. 6.45 ന് എത്തുമെന്ന് അറിയിച്ചെങ്കിലും വൈകിയാണ് എത്തിയത്. കനത്ത പോലീസ് സുരക്ഷയിൽ  ഇരു ടീമുകളും പ്രത്യേകം ബസുകളിൽ കോവളത്തെ ഹോട്ടൽ ലീലയിലേക്ക് യാത്ര തിരിച്ചു. താരങ്ങളെ കാണുന്നതിനായി നിരവധി ക്രിക്കറ്റ് പ്രേമികൾ വിമാനത്താവളത്തിലെത്തിയിരുന്നു.

മത്സരത്തിന് അതികം താമസമില്ലാത്തതിനാൽ ഇരു ടീമുകളും പരിശീലനത്തിനിറങ്ങില്ല.  മത്സരത്തിനായി കാണികളെ വൈകുന്നേരം നാല് മുതൽ പ്രധാന കവാടം വഴി സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും. ടിക്കറ്റ് ബുക്ക് ചെയ്ത തിരിച്ചറിയൽ കാർഡും മത്സരം കാണാനെത്തുന്നവരുടെ തിരിച്ചറിയൽ കാർഡും പരിശോധനക്ക് വിധേയമാക്കണം. ഇവിടെനിന്ന് മൂന്ന് സുരക്ഷാ പരിശോധനകൾക്ക് ശേഷം അനുവദിക്കപ്പെട്ടിരിക്കുന്ന ഗേറ്റുകൾ വഴി സ്റ്റേഡിയത്തിൽ പ്രവേശിക്കാം. കാണികളുടെ തിരക്ക് പരിഗണിച്ച് നേരത്തേ പ്രവേശനം അനുവദിക്കുന്നത് പരിഗണിക്കും.
സ്റ്റേഡിയത്തിലെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ലൈറ്റുകൾ ടെസ്റ്റ് ചെയ്ത് കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തി. മത്സരത്തിനായി രണ്ട് പിച്ചുകളും നാല് പ്രാക്ടീസ് പിച്ചുകളും ഒരുക്കിയിട്ടുണ്ട്.

ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ പരമ്പരയിൽ സഞ്ജു സാംസൺ തിളങ്ങിയ പിച്ചാണ് മത്സരത്തിനായി സജ്ജമാക്കിയിരിക്കുന്നതെന്ന് ക്യൂറേറ്റർ ബിജു അറിയിച്ചു. സ്വന്തം നാട്ടിൽ നടക്കുന്ന മത്സരമായതിനാൽ മലയാളി താരം സഞ്ജു കളിക്കുമെന്നാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷ.

Latest