Connect with us

Travelogue

കോട മഞ്ഞിൻ താഴ്‌വരയിൽ...

Published

|

Last Updated

കാടിന്റെ നേർത്ത മർമരങ്ങൾ കേട്ടുകൊണ്ട്, എങ്ങു നിന്നോ തുടങ്ങി, എങ്ങോട്ടേക്കോ പതിച്ചു ഒഴുക്കുന്ന വെള്ളച്ചാട്ടങ്ങളുടെ ഇടയിൽകൂടെ, മലയും കുന്നിൻ ചെരുവുകളും കടന്നു. അപ്രതീക്ഷിതമായിപെയ്തു തിമിർക്കുന്ന മഴയിൽ നനഞ്ഞു സ്വയം മറന്നു കൊണ്ട്, ശക്തിയായി വീശുന്ന പടിഞ്ഞാറൻ കാറ്റിനേ കീറി മുറിച്ച്, കാനന വീഥികളിൽ വരവറിയിച്ചു ബുള്ളറ്റിന്റെ “തടക്..തടക്..” ശബ്ദം മുഴക്കി, സർവതും മൂടി മറക്കുന്ന കോട മഞ്ഞിനേ തഴുകി, എല്ലു തുളച്ചു കയറുന്ന തണുപ്പിനോട് മല്ലിട്ടും ശുദ്ധ വായു ശ്വസിച്ചും ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കയറി. ഒടുവിൽ ലോകത്തെ കാൽ കീഴിലാക്കിക്കൊണ്ട് ഒരു യാത്ര പോവാൻ കൊതിക്കാത്തവരുണ്ടോ ?? എങ്കിൽ നിങ്ങളേയും കാത്തു ഒരു താഴ്്വരയുണ്ട് ഇവിടെ കണ്ണൂരിന്റെ നെറുകയിൽ. അതേ പാലക്കയം തട്ട്, അഥവാ കോടമഞ്ഞിന്റെ താഴ്‌വര. കണ്ണൂരിൽ നിന്നും കേവലം 51 കിലോമീറ്ററുകൾ. തളിപ്പറമ്പും താണ്ടി കുടിയാൻ മല റൂട്ടിൽ പുലികുറുമ്പയിൽ നിന്ന് അഞ്ച് കിലോമീറ്ററുകൾ സഞ്ചരിച്ചാൽ പാലക്കയം തട്ട് കീഴടക്കാം. എന്റെ അറിവിലുള്ള വാക്കുകൾ മതിയാവില്ല ആ സൗന്ദര്യം വർണിക്കാൻ. അതേ വാക്കുകൾക്കും അതീതമായ സൗന്ദര്യം എന്ന് കേട്ടിട്ടില്ലേ അതു തന്നെയാണ് പാലക്കയം തട്ട്.

കാനന വീഥിയിലൂടെ

തളിപ്പറമ്പിൽ നിന്ന് കുടിയാൻ മല റോഡിൽ പ്രവേശിക്കുന്നതോടെ കാനന വീഥികൾ സ്വാഗതം മൂളും. എങ്ങും കാടിന്റെ ശീൽക്കാരം. പുക പടലം പോലെ കാഴ്ചകൾ മറച്ചു കൊണ്ട് കോട മഞ്ഞു പറന്നു നടക്കുന്നു. കണ്ണെത്താ ദൂരത്ത് അനന്ദമായി പരന്നു കിടക്കുന്ന പച്ച വിരിച്ച മല നിരകൾ കാണാം. വഴിയോരങ്ങളിൽ ചീറിപ്പാഞ്ഞു കുത്തിയൊലിക്കുന്ന ചെറിയ രണ്ട് വെള്ളച്ചാട്ടങ്ങൾ. എങ്ങും നിശ്ശബ്ദത. പെട്ടെന്നു മാനം കറുത്തു കാർമേഘങ്ങൾ ഉരുണ്ടു കൂടി ഒട്ടും താമസിയാതെ ശക്തിയേറിയ വെള്ള ചില്ലുകൾ പതിച്ചു. നിര നിരയായി പോയിക്കൊണ്ടിരിക്കുന്ന ബുള്ളറ്റുകളുടെ “തടക്ക്.. തടക്” ശബ്ദവും കുത്തിയൊലിക്കുന്ന മഴയുടെ ഗീതവും എങ്ങും പരന്നു. കാനന വീഥികൾ വിജനമാണ്. മഴ വക വെക്കാതെ നമ്മൾ കുതിച്ചു. താണ്ഡവമാടി മഴ തകർത്തു കൊണ്ടേ ഇരുന്നു ഒപ്പം നല്ലൊന്നാന്തരം പടിഞ്ഞാറൻ കാറ്റും രോമ കൂപങ്ങൾ പോലും തണുത്തു വിറച്ചു. ഒടുവിൽ പാലക്കയത്തിന്റെ പടിവാതിൽക്കലിൽ എത്തുമ്പോൾ അറിയാതെ ചോദിച്ചു പോകും “ഇത് നമ്മുടെ കണ്ണൂരോ” ?. പാലക്കയത്തിന്റെ നെറുകയിലേക് യാത്രികരെ വഹിച്ചുകൊണ്ട് പോവാൻ ജീപ്പുകൾ വരി വരിയായി നിൽക്കുന്നത് കാണാം.

ശ്രദ്ധിക്കണം, അപകടം പിടിച്ച വഴിയാണ്

പാലക്കയത്തിന്റെ നെറുകയിലേക്കുള്ള യാത്ര സാഹസികമാണ്. ചെളിയും ഉരുളൻ കല്ലുകളും പാറയും ഒപ്പം വഴി മറച്ചു കൊണ്ട് കോടയും. കയറ്റവും വളവുകളും നിറഞ്ഞ പാത. പാലകയത്തിന്റെ മേനി തുളച്ചു ഉണ്ടാക്കിയ ഒരു ഗ്യാപ് റോഡ്. ഇടതു ഭാഗത്തു അഗാധമായ ഗർത്തം. സാഹസിക പ്രിയർക്ക് ഒരു അനുഭവമാകും ഈ വഴിയോരത്തുകൂടിയുള്ള യാത്ര. ജീപ്പുകൾ മുരൾച്ചയോടെ യാത്ര ആരംഭിച്ചു.

ബുള്ളറ്റുമായി കയറാൻ തുടങ്ങവേ ജീപ്പുകാരുടെ വക നിർദേശം, “ശ്രദ്ധിക്കണം, അപകടം പിടിച്ച വഴിയാണ് ” ഇതുവരെ കാത്ത ദൈവം ഇനിയും കാക്കുമെന്ന് പറഞ്ഞു കൊണ്ട് നമ്മൾ കയറി.തീർത്തും സാഹസികം, ചെമ്മൺ പാത, സദാ സമയവും മഴ പെയ്യുന്നത് കൊണ്ട് എങ്ങും ചെളി, കല്ലുകളും ചെളിയും വക വെക്കാതെ ശ്രദ്ധിച്ചു കൊണ്ട് നമ്മൾ നീങ്ങി. പിന്നാലെയായി ജീപ്പുകൾ മന്ദം മന്ദം മുരൾച്ചയോടെ കയറിത്തുടങ്ങി. ഒടുവിൽ പാലക്കയത്തിന്റെ നെറുകയിലെത്തി. വീണ്ടും കാർമേഘങ്ങൾ ഉരുണ്ടുകൂടി. ക്ഷണ നേരം കൊണ്ട് വെള്ളി ചില്ലുകൾ പതിച്ചു. ഇവിടം ഇങ്ങനെയാണ് സദാ സമയവും. മഴ ഒഴിഞ്ഞപ്പോൾ നടന്നു നീങ്ങി, കണ്ണുകളെ വിശ്വസിപ്പിക്കാൻ എനിക്കായില്ല. എതിരെ നിൽക്കുന്ന സുഹൃത്തുക്കളുടെ മുഖം പോലും കാണാൻ പ്രയാസപ്പെട്ടു. സകല ദൃശ്യവും മറച്ചു കൊണ്ട് കോട വീണ്ടും കരുത്തുകാട്ടി. ഇത് എവിടെയാണ് ? നമ്മുടെ കണ്ണൂരോ?.. അത്ഭുതം. ദൈവം എത്ര വലിയവനാണ് ?. കോട വക വെക്കാതെ ഞങ്ങൾ പാലക്കയത്തിന്റെ ഉച്ചിയിലേക്ക് കയറി. ഒട്ടുമിക്ക യാത്രികരും കോടയേ ഭയന്നു സംഘമായി മാറി നിൽക്കുന്നു. മുമ്പ് മീശപ്പുലി മലയിലാണ് ഇത്രയും ശക്തമായ കോട കണ്ടിട്ടുള്ളു. എങ്ങും ഒരു വെള്ള വലയം പൂർണമായി കാഴ്ചകൾ മറക്കപ്പെട്ടു. ചിത്രം പകർത്താൻ പോലും പറ്റിയില്ല.

ഒപ്പം മഴ വീണ്ടും തകർത്തു പെയ്തു. ഒടുവിൽ ശക്തമായി ഒരു കാറ്റു വീശി കോട അൽപ്പമൊന്ന് മാറി നിന്നു. ആരുടെയോ പ്രാർഥനയാവാം, ആകാശം കാണാൻ സാധിച്ചു, സൂര്യന്റെ നേർത്ത കിരണം പതിച്ചു. വീണ്ടും അത്ഭുതം കോട മറച്ചു വെച്ച സൗന്ദര്യം കണ്ട് വാ പൊളിച്ചു നിന്നു. അറിയാതെ, ഒന്നും പറയാനാവാതെ. താഴെക്ക് നോക്കുമ്പോൾ ലോകം ഇങ്ങനെ പരന്നു കിടക്കുന്നു. കൊടുക് വന മേഖലയും പൈതൽമലയും പട്ടുനൂലു പോലെ വളപട്ടണം പുഴയുമൊക്കെ ഇതാ എന്റെ കാലികീഴിൽ. മനസിന്റെ ക്യാമറയിൽ ഒരായിരം ചിത്രങ്ങൾ പകർത്തി. ക്ഷണ നേരം കൊണ്ട് വീണ്ടും കോടമഞ്ഞു പുകന്നു പൊന്തി. അനന്തമായ പാലക്കയത്തിന്റെ സൗന്ദര്യം തന്റെ വെള്ള വളയങ്ങളാൽ മറച്ചു കൊണ്ട് കോട ആ താഴ്്വാരത്തിലൂടെ ഒഴുകി നടന്നു.

parvezilahi@gmail.com

Latest