Connect with us

Book Review

അടിയാള ചരിതം അടയാളപ്പെടുമ്പോൾ

Published

|

Last Updated

കല്ലടിക്കോട്ട് കരിനീലിക്ക് കാളപ്പുറമേറിവന്ന കരിയാത്തനിൽ പിറവികൊണ്ടകുട്ടി കളയാട്ടു ചെറിയാത്തൻ എന്ന കാളഭൈരന്റെ കഥ പറഞ്ഞ് ഇ സി ദിനേശ്കുമാർ അരീക്കോട് അതിന് നാടകാവിഷ്‌കാരംനൽകിയ സൃഷ്ടിയാണ് കാളഭൈരവൻ.

2016- 17 വർഷത്തിലെ മികച്ച നാടക രചനക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ച ഈ സൃഷ്ടി പാരമ്പര്യ നാടക സങ്കൽപ്പങ്ങൾക്ക് അന്യമാണ്. കവി പി പി രാമചന്ദ്രൻ അവതാരികയിൽ കുറിച്ചതുപോലെ “ഏറനാട്ടിലെ കണക്കസമുദായത്തിന്റെ മിത്തും ജീവിതവും പശ്ചാത്തലമാക്കി രചിച്ച ഒരു അപൂർവ വാങ്മയമാണ് കാള ഭൈരവൻ” ( അവതാരികയിൽ) പശ്ചിമഘട്ടത്തിനു താഴെ കിഴക്ക് മലയാളം മുവായിരം അഥവാ മലയാളം തമ്പിരാൻ കാളികാവ് വെന്തോടൻ പടിയിയിലും പടിഞ്ഞാറ് പരിയാരത്തുമുത്തൻ എടവണ്ണ പത്തപിരിയത്തും വടക്ക് തച്ചോം മുത്തൻ ഊർങ്ങാട്ടിരിയിലും തെക്ക് മറ്റത്തൂർ തേവർ മലപ്പുറം മറ്റത്തൂരുമായി കുടികൊള്ളുന്ന ക്ഷേത്രങ്ങളിൽ കണക്ക സമുദായത്തിന്റെ ആചാരാനുഷ്ഠാനോത്സവങ്ങൾ കൊടിയേറുന്നു. ഈ ഭാഗങ്ങൾക്കിടയിൽ തങ്ങളുടെ ജീവിതം കരുപിടിപ്പിക്കുന്ന മണ്ണിന്റെ മക്കളുടെ തനതു ജീവിതവും ഭാഷയും ആദ്യമായി അടയാളപ്പെടുന്ന ഒരു സാഹിത്യ സൃഷ്ടിയെന്ന പ്രത്യേകതയും ഈ ലഘു നാടകത്തിനുണ്ട്.
ശരിക്കും ഇതൊരു കഥയും കവിതയും രംഗാവിഷ്‌കാരവും മിശ്രിതമായി സമ്മേളിച്ച ഒരു പുതുനാടക പരീക്ഷണം തന്നെയാണ്. സ്റ്റേജിനും നടനത്തിനും ഉള്ളതിലേറെ പ്രധാന്യം അര നൂറ്റാണ്ടിനും അപ്പുറമുള്ള ഒരു പ്രത്യേക ജനവിഭാഗത്തിന്റെ ജീവിതാചാരങ്ങളും അനുഷ്ഠാനങ്ങളും മിത്തും യാഥാർഥ്യവും നിറഞ്ഞ സങ്കൽപ്പങ്ങളും അവരുടെ തനതു ഭാഷയിൽനിന്നും തെല്ലിട മാറാതെ ആവിഷ്‌കരിക്കുന്നതിൽ ഇ സി ദിനേശ്കുമാർ അസാമാന്യ വൈഭവം പുലർത്തുന്നു.

അന്യം നിന്നുപോയ ഒരു ഭാഷയേയും സംസ്‌കാരത്തേയും പരിചയപ്പെടുത്തുന്ന സൃഷ്ടിയാകുന്നതോടെ ഇത് വലിയൊരു സാംസ്‌കാരിക ചരിത്ര ദൗത്യമായി മാറുന്നുണ്ട്.
ഒടിമറിഞ്ഞ് ഗ്രാമങ്ങളിലാകെ ഭീതി പരത്തിയിരുന്ന ഒടിയൻ പാണംകുട്ടിയെ മേത്ത് (ശരീരത്തിൽ) ഒരു നൂലുംകൂടിയില്ലാതെ കളത്തിൽ കുത്തിവെച്ചിരുന്ന പിച്ചാത്തിപ്പടിയിൽ കൈയിട്ടിരുന്ന കഥകൾ പഴയതലമുറ ചായ മക്കാനികളിലെ ബെഞ്ചിലും പടിയിലും ഇരുന്ന് സൊറക്കൂട്ടത്തിൽ പറഞ്ഞുരസിച്ചിരുന്ന ആ കാലഘട്ടത്തിന്റെ പുനരാവിഷ്‌കാരം കണക്ക വിഭാഗത്തിന്റെ തനതു ഭാഷയിലൂടെ കാള ഭൈരവനിൽ അടയാളപ്പെടുന്നു.

പാണരും പറയരും ഒടിമറിഞ്ഞെത്തി അന്നൊക്കെ ചില പ്രദേശങ്ങളിൽ ഭീതി പരത്തിയിരുന്നു എന്ന സങ്കൽപ്പം കാലങ്ങളോളം ഏറനാടിന്റെ നാട്ടിൻപുറങ്ങളിൽ നിലനിന്നിരുന്നു. അതൊക്കെ സാങ്കേതിക വിദ്യ വളർന്നു വികസിച്ചതോടെ പാടേ തകിടം മറിയുകയാണുണ്ടായത്. എന്നാലും അടിച്ചമർത്തലിനും ജന്മിത്തത്തിന്റെ മുഷ്‌കിന് മുമ്പിൽ ആ സങ്കൽപ്പം അടിയാളരുടെ ഒരു പ്രതിരോധ കവചം തന്നെയായിരുന്നു. അതുകൊണ്ടായിരിക്കാം ഒടിയൻ എന്ന മുദ്ര ചാർത്തിക്കിട്ടിയ അടിയാളന് സമൂഹത്തിൽ അന്നൊരു വീര പരിവേഷം ഉണ്ടായിരുന്നത്.
പ്രത്യേകിച്ച് ദളിതർക്കും മുസ്‌ലിം മാപ്പിളമാർക്കുമിടയിൽ ദൃഢമായി നിലനിന്നിരുന്ന ഐക്യപ്പെടൽ ഈ വിഭാഗങ്ങൾക്കിടയിലെ പല ചടങ്ങുകളിലും പ്രകടമാകുകയും ചെയ്തിരുന്നു. അതിലേക്ക് വെളിച്ചം വീശുന്ന ധാരാളം ശീലുകൾ ഈ നാടകത്തിന്റെ വാങ്മയങ്ങളിൽ സൂക്ഷ്മമായി അടയാളപ്പെട്ടുകിടക്കുന്നത് പുതുതലമുറക്ക് പഠനവിധേയമാക്കാൻ ഉപകരിക്കുന്നതു കൂടിയാണ്.
കുണ്ടനുരലിന്റെ കുഴിയിൽ ഉലക്കച്ചിറ്റ് ചെന്നുവീഴുന്ന താളമുയർന്നിരുന്ന ഒരു കാലത്തിൽനിന്ന് കരിങ്കല്ല് കടിച്ച് ചമക്ക്ണ ഇരുമ്പും ചൈത്താന്റെ മുമ്പില് മുട്ടുകുത്തി “പോയല്ലോ തമ്പിരാനേ” എന്ന് വിലപിക്കുന്ന ഒരു നിലയിലേക്ക് ഒരു ജനതയുടെ വിലാപം ക്വാറികൾക്കുവേണ്ടി കുടിയിറക്കപ്പെടാൻ വിധിക്കപ്പെട്ട പാർശ്വവത്കൃതരുടെ പ്രതിരോധമായി ഈ നാടകത്തിൽ അലയടിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ പുതുകാലത്തിന്റെ ജനപക്ഷ രാഷ്ട്രീയ ദൗത്യം കൂടിയായി ഈ നാടകം അതിന്റെ സാമൂഹിക പ്രതിബദ്ധത എടുത്തുകാട്ടുന്നുണ്ട്.

കാരിക്കുട്ടി വല്ലാത്തയും കുഞ്ഞാടി, ഉണ്ണിപ്പേരി, ന്യൂജെൻ തലമുറയിലെ ദേവൻ, മായിൻ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ കണക്ക വിഭാഗത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രാചീനഭാഷയും പരിസ്ഥിതിയോടും മണ്ണിനോടുമുള്ള പ്രതിബദ്ധതയുമെല്ലാം 80 പേജുകളിൽ ആറ്റിക്കുറുക്കിയെടുത്ത കാളഭൈരവൻ സമ്പൂർണ മൗലികതയാർന്ന കഥയും കവിതയും നാടകീയാംശവും ഭാഷാശുദ്ധിയും എല്ലാം സമ്മിശ്രമായി സമ്മേളിച്ച ഒരപൂർവ സൃഷ്ടിയായി പരിഗണിക്കേണ്ടതുണ്ട്. പ്രസാധകർ റാസ്‌ബെറി ബുക്ക്‌സ്-കോഴിക്കോട്. വില 80 രൂപ.

Latest