Connect with us

Ongoing News

ശൈഖ് ജീലാനി (റ): പരീക്ഷണ കടൽ കടന്ന പരിജ്ഞാനി

Published

|

Last Updated

ലോകപ്രശസ്ത രാജ്യമാണ് പ്രാചീന ഇറാൻ. ഒട്ടേറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ നാട്. നിരവധി അധ്യാത്മിക ഗുരുക്കളുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ മണ്ണ്. ആഗോള മുസ്്ലിം നാഗരികതയുടെ രൂപവത്കരണത്തിൽ ചരിത്രപരമായി ഉയർന്ന പങ്ക്‌വഹിച്ച ഈ നാട്ടിലെ കൊച്ചുഗ്രാമമാണ് ജീലാൻ. കിഴക്ക് ത്വബരിസ്ഥാനിലെ മാസിൻദാറും പടിഞ്ഞാറ് ആസർബൈജാനിലെ മുഖാനും തെക്ക് ഇറാഖും വടക്ക് കാസ്പിയൻ കടലും അതിർത്തി പങ്കിടുന്ന പ്രദേശം.

വലിയ ജനസാന്ദ്രതയുള്ള ഈ പ്രദേശം നദികൾ കൊണ്ടും ഫലപുഷ്ടിയുള്ള മണ്ണ് കൊണ്ടും ധന്യമാണ്. പഴങ്ങൾ, പച്ചക്കറികൾ, തേയില തുടങ്ങിയവ കൃഷി ചെയ്ത് വരുന്നു. നല്ല മഴ ലഭിക്കുന്ന മനോഹരമായ ഈ പ്രദേശത്താണ് ആത്മീയ പ്രയാണവഴിയിൽ ഈമാനിക പ്രകാശത്തോടെ സ്ഫുരിച്ചു നിൽക്കുന്ന പുണ്യ പുരുഷൻ ശൈഖ് അബൂമൂസാ(റ) ന്റെയും പ്രിയ പത്്നി ഉമ്മുൽ ഖൈർ ഫാത്വിമ(റ) ന്റെയും താമസം.
ഒരിക്കൽ ശൈഖ് അബൂസ്വാലിഹ് മൂസ(റ) നബി(സ്വ) തങ്ങളെ സ്വപ്നം കണ്ടു. സ്വഹാബികളും ഔലിയാക്കളും പ്രമുഖരായ ഇമാമുമാരും അവിടുത്തോടൊപ്പമുണ്ട്. നബി(സ്വ) പറഞ്ഞു. മോനേ, താങ്കൾക്ക് അള്ളാഹു ഒരു മഹാനായ കുഞ്ഞിനെ തന്നിരിക്കുന്നു. എന്റെ മോനും ഇഷ്ടക്കാരനും മഹ്ബൂബുമാണവർ. അമ്പിയാ മുർസലുകൾക്കിടയിൽ എനിക്ക് ഉന്നത സ്ഥാനമുള്ളത് പോലെ അഖ്താബുകൾക്കിടയിൽ ഉന്നത സ്ഥാനത്തായിരിക്കും അവർ (തഫ്രീഹ്). ആ കുഞ്ഞുമോനാണ് ആത്മീയ ലോകത്തെ രാജകുമാരനായി വാഴുന്ന സുൽത്താനുൽ ഔലിയാഅ് ഖുതുബുൽ അഖ്ത്വാബ് അൽ ഗൗസുൽ അഅ്ളം അശ്ശൈഖ് മുഹ്്യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(ഖ. സി).
ഇറാനിലെ ജീലാൻ പ്രവിശ്യയിലെ നീഫ് എന്ന ഗ്രാമത്തിൽ റമസാൻ ഒന്നിനായിരുന്നു ശൈഖ് ജീലാനി (റ)ന്റെ ജനനം. ജനന വർഷം സംബന്ധമായി ചരിത്രലോകത്ത് പക്ഷാന്തരമുണ്ടെങ്കിലും പ്രബലമായ അഭിപ്രായപ്രകാരം മഹാന്റെ പിറവി ഹിജ്റ 470ലാണ്. ശൈഖ് ജീലാനി(റ)നോട് അവിടുത്തെ ജനനത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ പറഞ്ഞത് ഇപ്രകാരമാണ്. “അതിന്റെ യാഥാർഥ്യം എനിക്കറിയില്ല, എങ്കിലും എന്റെ 18ാം വയസിലാണ് ഞാൻ ബാഗ്്ദാദിലെത്തിയത്. ആ വർഷം തന്നെയാണ് ഹംബലി മദ്ഹബിലെ പ്രമുഖ പണ്ഡിതൻ ശൈഖ് തമീമി (റ)ന്റെ വഫാത്ത്.

ഹിജ്റ 488 ജുമാദുൽ ഊല മാസത്തിലായിരുന്നു ശൈഖ് തമീമി(റ) ഇഹലോകവാസം വെടിഞ്ഞത്. ഇതിൽ നിന്നും ശൈഖ് ജീലാനി(റ)ന്റെ ജനനം ഹിജ്റ 470ലാണെന്ന് മനസ്സിലാക്കാൻ കഴിയും (ഗിബിത്ത്വത്തുന്നാളിർ പേജ്: 25). ചെറുപ്പത്തിലെ പ്രിയ പിതാവ് വിടപറഞ്ഞു. പിന്നീട് മാതൃപിതാവായ ശൈഖ് സയ്യിദ് അബ്ദുല്ലാഹി സൗമഈ (റ)ന്റെ സംരക്ഷണത്തിലാണ് ശൈഖ് ജീലാനി(റ) വളർന്നത്. പരിശുദ്ധ ഖുർആനും പ്രാഥമിക ജ്ഞാനങ്ങളും പ്രിയ മാതാവിൽ നിന്നും മാതൃപിതാവിൽ നിന്നും കരസ്ഥമാക്കി.
അറിവിന്റെ ആഴികൾ സ്വന്തമാക്കാനുള്ള അതീവ താത്പര്യം മൂലം തന്റെ ജ്ഞാന വൈപുല്യത്തിന് ഏറ്റവും അഭികാമ്യം ബാഗ്്ദാദാണെന്ന് തിരിച്ചറിഞ്ഞ ശൈഖ് ജീലാനി(റ) തന്റെ വിദ്യ തേടിയുള്ള യാത്രക്ക് തയ്യാറെടുത്തു. ഇതിന് നിമിത്തമായ സംഭവം ജീലാനി തങ്ങൾ തന്നെ പറയുന്നു. “ഞാൻ ബാലനായിരിക്കുമ്പോൾ ഒരു അറഫാ ദിനത്തിൽ കൃഷിക്ക് ഉപയോഗിക്കുന്ന കാളയെയും കൊണ്ട് വയലിലേക്ക് പോയി. ഞാനതിനെ തെളിച്ച് നടക്കവെ അത് എന്റെ നേർക്ക് തിരിഞ്ഞുനിന്ന് വിളിച്ചു പറഞ്ഞു. ഒ അബ്ദുൽ ഖാദിർ, താങ്കൾ ഇതിന് വേണ്ടിയല്ല സൃഷ്ടിക്കപ്പെട്ടത്”. എനിക്കതിശയമായി, ഒപ്പം ഭീതിയും. ഞാനുടൻ വീട്ടിലേക്ക് മടങ്ങി. വീട്ടിൻപുറത്തെ മട്ടുപ്പാവിൽ കയറിനോക്കുമ്പോൾ ജനങ്ങൾ അറഫയിൽ സംഗമിക്കുന്നത് കാണാൻ കഴിഞ്ഞു.
ഞാൻ ഉമ്മയെ സമീപിച്ച് പറഞ്ഞു: ഉമ്മാ, എന്നെ അള്ളാഹുവിന്റെ മാർഗത്തിലേക്ക് വിടണം. എനിക്ക് ബാഗ്ദാദിൽ പോയി വിജ്ഞാനം നേടാൻ സമ്മതം തരണം. പണ്ഡിതരെ സമീപിച്ച് ആത്മീയ പുരോഗതി കൈവരിക്കാൻ അനുമതി തരണം. മോൻ ഇങ്ങനെ പറയാനുള്ള കാരണമെന്തന്നായി ഉമ്മ. ഞാൻ ഉണ്ടായ സംഭവങ്ങളൊക്കെ വിശദീകരിച്ചുകൊടുത്തു (ബഹ്ജ).

മകന്റെ വൈജ്ഞാനിക അഭിഷ്ടത്തിന് വഴങ്ങി ആ മാതൃഹൃദയം പൊന്നുമോനെ യാത്രയാക്കി. തന്റെ ജ്ഞാന ദാഹം ശമിപ്പിക്കാനായി ബാഗ്്ദാദിലെത്തിയപ്പോൾ കണ്ട കാഴ്ചകൾ മഹാന്റെ കണ്ണടപ്പിച്ചു. എല്ലാവരും നിസ്‌കരിക്കുന്നുണ്ട്. പക്ഷെ തിന്മകളെ മറികടക്കാൻ മാത്രം പൂർണമല്ല. നോമ്പുകൾ സ്ഥിരമായി നോൽക്കുന്നു. ആത്മശുദ്ധി നന്നേകുറവ്. സാമ്പത്തിക വിനിയോഗത്തിൽ ഒട്ടും പിന്നിലല്ല. പക്ഷേ ധാർമിക വഴിയിൽ ചെലവഴിക്കുന്നവർക്ക് ക്ഷാമം. തെരുവുകളിൽ അധർമങ്ങളുടെ കൂമ്പാരം. കള്ളവും ചതിയും വഞ്ചനയും സുലഭം. മദ്യവും ലഹരിവസ്തുക്കളും വ്യാപകം. അബൂനവാസിന്റെയും സരീഉൽ ഗവാനിയുടെയും ഈരടികൾ ആസ്വദിച്ച് സമയം കൊല്ലുന്ന യുവാക്കൾ. ഗായികമാരുടെ കുയിൽ ശബ്ദങ്ങളാൽ മുഴങ്ങിക്കിടക്കുന്ന വീടുകൾ. എല്ലാ തിന്മകൾക്കും ഭരണകൂടത്തിന്റെ മൗന പിന്തുണ.

ശൈഖ് ജീലാനി (റ) ബാഗ്ദാദിലെത്തിയ വർഷം റബീഉൽ ആഖിർ മാസത്തിൽ ഒരു ഉദ്ഘാടന സമ്മേളനം നടന്നു. ഭരണാധികാരി മുസ്തള്ഹിർ ബില്ലാഹിയുടെ മന്ത്രി അബ്ദുൽ മലിക്കായിരുന്നു ഉദ്ഘാടകൻ. എല്ലാ നീചവൃത്തികേടുകൾക്കും തണലൊരുക്കുന്ന നൃത്ത വിനോദ കേന്ദ്രമാണ് ഉദ്ഘാടനം ചെയ്തത്. ഭരണകർത്താക്കളുടെ ഈ കൊടും അരുതായ്മയെ അന്നത്തെ പണ്ഡിത പ്രമുഖൻ ശൈഖ് ഇബ്നു അഖീൽ(റ) ചോദ്യം ചെയ്യുകയും മന്ത്രിയെ വിമർശിക്കുകയും ചെയ്തു. ബാഗ്്ദാദിലെ ഈ കൊടിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ ശൈഖ് ജീലാനി(റ)ന് കഴിഞ്ഞില്ല. ഭക്ഷണ ദൗർലഭ്യവും സാമ്പത്തിക പരാധീനതകളും മഹാന്റെ ജീവിതത്തിന്റെ താളക്രമം തെറ്റിച്ചു.

സത്യത്തിൽ അള്ളാഹു ആത്മീയ ലോകത്തെ നായകനെ പരീക്ഷണങ്ങളിലൂടെ വളർത്തുകയായിരുന്നു. ഒരിക്കലും പരീക്ഷണ തിരകൾക്ക് മുന്നിൽ പകച്ച് നിൽക്കരുത്. അത് ആത്മീയ പോരാളിയുടെ ലക്ഷണമല്ല. ഏത് കൊടുംപേമാരിയിലും പിടിച്ച് നിൽക്കലാണ് ഉത്തമം. ഓരോ നിമിഷവും മഹാന്റെ മനസ്സിങ്ങനെ മന്ത്രിച്ചിരിക്കും. തന്റെ ജീവിതത്തിലെ കഠിന ഘട്ടങ്ങളെ കുറിച്ച് ജീലാനി തങ്ങൾ തന്നെ പറയുന്നത് കാണുക “പുഴക്കരകളിലെ ഇലകളും മുള്ളുള്ള ചെടികളുമായിരുന്നു പലപ്പോഴും എന്റെ ഭക്ഷണം.
ഒരിക്കൽ ബാഗ്്ദാദിൽ ശക്തമായ വരൾച്ചയുണ്ടായി. ദിവസങ്ങളോളം ഒന്നും ഭക്ഷിച്ചില്ല. വിശപ്പിന്റെ കാഠിന്യം മൂലം ജനങ്ങൾ നെട്ടോട്ടമോടുന്നു. ഇതിന്റെ ഫലം എന്നിലും അനുഭവപ്പെട്ടു. ഞാൻ നടന്നുനീങ്ങി റയാഹീൻ തെരുവിലെ യാസീൻ മസ്ജിദിലെത്തി. പള്ളിയിലേക്ക് കാലെടുത്ത് വെക്കുമ്പോൾ വിശപ്പ് കാരണം മരിക്കുമോ എന്നുപോലും ഭയന്നുപോയി”. പള്ളിയിൽ ഇരിക്കെ ഇറച്ചിയും റൊട്ടിയുമായി ഒരു യുവാവ് മസ്ജിദിലെത്തി. ഭക്ഷണം കഴിക്കുമ്പോഴാണ് ഞാൻ അയാളുടെ ശ്രദ്ധയിൽപെടുന്നത്. ഉടനെ എന്നെയും ക്ഷണിച്ചു. സ്നേഹപൂർവം ഞാൻ വിസമ്മതിച്ചു. അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങി കൂടെ ഇരുന്ന് വിശേഷങ്ങൾ തിരക്കിയപ്പോഴാണ് തന്റെ മാതാവ് തനിക്കായി കൊടുത്തയച്ച എട്ട് ദീനാറിൽ നിന്നാണ് അയാൾ റൊട്ടിയും ഇറച്ചിയും വാങ്ങിയതെന്ന് ജീലാനി (റ) അറിയുന്നത്.
മൂന്ന് ദിവസമായി ഭക്ഷണം വാങ്ങാൻ ഒരു പണവും എന്റെ കൈവശമില്ല. ശവം കഴിക്കൽ പോലും അനുവദനീയമായ ഘട്ടം. ഞാൻ ചെയ്തത് ചതിയാണ്. അങ്ങ് എനിക്ക് പൊരുത്തപ്പെട്ടുതരണം. അദ്ദേഹം ആവശ്യപ്പെട്ടു. ജീലാനി തങ്ങൾ ആശ്വസിപ്പിക്കുകയും ബാക്കിവന്ന ഭക്ഷണത്തോടൊപ്പം തനിക്ക് ലഭിച്ച നാണയത്തിൽ നിന്ന് അൽപം നൽകി അയാളെ സന്തോഷിപ്പിച്ചു. ഭക്ഷ്യദൗർലഭ്യം വാതിൽ പടിക്കൽ എത്തിയ സന്ദർഭത്തിൽ പോലും സഹജീവി സ്നേഹം മനസ്സോട് ചേർത്തുവെച്ച ആത്മീയ പരിജ്ഞാനിയാണ് ശൈഖ് ജീലാനി(റ).

ഹിജ്റ 499 ശഅ്ബാനിൽ ജീലാനി(റ) മറ്റൊരു കഠിന പരീക്ഷണത്തിന് കൂടി വിധേയനായി. ഒരു വെള്ളിയാഴ്ച. ശൈഖ് ഹമ്മാദ് ദബ്ബാസ്(റ)ന്റെയും ശിഷ്യൻമാരുടെയും കൂടെ മസ്ജിദുസാഫയിലേക്ക് പോകവെ ടൈഗ്രീസിന് കുറുകെയുള്ള പാലമെത്തിയപ്പോൾ ശൈഖ് ഹമ്മാദ്(റ) ജീലാനി തങ്ങളെ ടൈഗ്രീസിലേക്ക് തള്ളിയിട്ടു. ജുബ്ബയുടെ കൈമടക്കിൽ സൂക്ഷിച്ച വിജ്ഞാന നുറുങ്ങുകൾ ഉയർത്തിപ്പിടിച്ച് ബിസ്മി ചൊല്ലി ജുമുഅക്ക് വേണ്ടി കുളിക്കുന്നുവെന്ന് നിയ്യത്ത് വെച്ചാണ് ഈ പരീക്ഷണത്തെ അനുകൂലമാക്കിയത് (ഖലാഇദുൽ ജവാഹിർ പേജ്:12). ശൈഖ് ജീലാനി(റ)ന്റെ ക്ഷമാ വൈശല്യം പ്രകടമായ സംഭവമായിരുന്നു ഇത്.

ചിലപ്പോൾ ശൈഖ് ഹമ്മാദ്(റ) ജീലാനി തങ്ങളോട് പറയും. ഞങ്ങൾക്ക് കുറെ പലഹാരങ്ങൾ ലഭിച്ചു. നിങ്ങൾക്ക് ഒന്നും ബാക്കിവെക്കാതെ കഴിച്ചുതീർക്കുകയും ചെയ്തു. ജീലാനി തങ്ങളുടെ ഭക്ഷണ വിരക്തി അളക്കുകയായിരുന്നു ശൈഖ് ഹമ്മാദ്(റ). അവിടുത്തെ ശിഷ്യർ ശൈഖ് ജീലാനി (റ)നോട് പരിഹാസ രൂപത്തിൽ ചോദിച്ചു. നീ ഫഖീറല്ലേ? നിനക്കെന്താ ഇവിടെ കാര്യം. അവരുടെ വാക്കുകൾ ജീലാനി തങ്ങൾക്ക് വിഷമമുണ്ടാക്കിയെന്ന് മനസ്സിലാക്കിയ ഹമ്മാദ്(റ) ശിഷ്യരോട് പറഞ്ഞു. നിങ്ങൾ എന്തിനാണ് അദ്ദേഹത്തെ വിഷമിപ്പിക്കുന്നത്. ഞാൻ നടത്തുന്നത് ചില പരീക്ഷണങ്ങൾ മാത്രമാണ്. ആ കടമ്പകൾക്ക് മുന്നിൽ പതറാത്ത പർവതമായാണ് എനിക്ക് അദ്ദേഹത്തെ കാണാൻ കഴിഞ്ഞത് (ഖലാഇദ്). ഇത്തരം പരീക്ഷണ പർവതങ്ങൾ കടന്നാണ് ഖുതുബുൽ അഖ്ത്വാബായി വളർന്നത്.

പരിശ്രമമാണ് വിജയിയെ സൃഷ്ടിക്കുന്നത്. പരീക്ഷണമാണ് വിശ്വാസത്തെ അളക്കുന്നത്. ഇലാഹി വിശ്വാസത്തിൽ അടിപതറാതെ വിജയിക്കുമ്പോഴാണ് ധർമവിപ്ലവം പുലരുന്നത്. ആ വിപ്ലവത്തിൽ സ്വന്തത്തോട് സമരം ചെയ്ത പോരാളിയാണ് ആത്മീയ പണ്ഡിതൻ. ഈ ഗണത്തിലെ വൈജ്ഞാനിക പ്രതിഭയാണ് ശൈഖ് ജീലാനി(റ). എല്ലാ സഹന, സഹകരണ, സഹായാസ്തങ്ങൾക്കും അവിടുത്തെ ജീവിതം മാതൃകയാണ്.