Connect with us

Cover Story

പഴമകൾ പൂക്കുന്ന കാട്ടിൽ

Published

|

Last Updated

ജീവിതത്തെക്കുറിച്ച് പ്രകാശൻ പുലിക്കോടിനോട് ചോദിച്ചാൽ ഒരു വല്ലാത്ത ചിരി ചിരിക്കും. ഉത്തരം ആ ചിരിയിൽ ജീവിതത്തിന്റെ ദാർശനികതയുടെ ആഴമുണ്ട്. ആ ചിരിയുടെ ആഴം എളുപ്പത്തിൽ ഇഴപിരിച്ചെടുക്കാൻ നമുക്ക് കഴിഞ്ഞെന്നു വരില്ല. ഇക്കാലമത്രയും അയാൾ സഹിച്ചതും പൊറുത്തതും അത്രയേറെയുണ്ട്. ജീവിതത്തെ ഇഷ്ടത്തോടെ കെട്ടിപ്പുണരാൻ കൊതിച്ചപ്പോഴൊക്കെ ഒരു വരാലിനെ പോലെ വഴുതിപ്പോയതാണ് അയാളുടെ ചരിത്രം. ജീവിതം ജീവിച്ചുതന്നെ തീർക്കേണ്ടതുകൊണ്ട് ജീവിച്ചിരിക്കുന്ന ഒരാളെന്ന് ഈ മനുഷ്യനെ വിശേഷിപ്പിക്കേണ്ടിവരും. നമ്മെയൊക്കെ പഴമയുടെ ഒരു ലോകത്തേക്ക് ഒരു നിമിഷമെങ്കിലും കൂട്ടിക്കൊണ്ടുപോകാൻ ദൈവം ആയുസ്സ് നീട്ടിക്കൊടുത്ത ഒരാൾ.

പഴമയോട് വല്ലാത്ത പുച്ഛം വെച്ചുപുലർത്തുകയും പുതിയതിനെ മാത്രം പ്രാണനോളം പുണരുകയും ചെയ്യുന്ന ഈ കാലത്ത് പ്രകാശൻ നമുക്കെല്ലാം അത്ഭുതമാണ്. പബ്ജി കളിച്ച് എതിരാളികളെ തുരുതുരാ വെടിവെച്ച് വീഴ്ത്തി ആഹ്ലാദിക്കുന്ന കുട്ടികളോട് കുറ്റിയും കോലും കളിയെക്കുറിച്ച് വിവരിച്ചുകൊടുത്താൻ അവർ നമ്മെ പരിഹസിച്ചുകൊല്ലുമായിരിക്കും. ഒരിക്കലെങ്കിലും നിങ്ങളവരെ പ്രകാശന്റെ പുരയിടത്തിലേക്ക് കൊണ്ടുചെല്ലുക. നാം കണ്ടും കേട്ടും മറന്ന പഴയ ചരിത്രവസ്തുക്കൾ കണ്ട് അതിശയിച്ചുപോകും അവർ. ഒരുപക്ഷേ പാഠപുസ്തകത്തിന്റെ താളുകളിൽ പോലും അവരത് കണ്ടിട്ടുണ്ടാകില്ല.

പഴമയെ പ്രണയിച്ച ബാല്യം

ഒട്ടും യാദൃച്ഛികമായിട്ടല്ല പ്രകാശൻ ഈ പഴമയുടെ ലോകത്ത് എത്തിപ്പെട്ടത്. അയാളുടെ ഉള്ളിൽ ചെറുപ്പത്തിൽ പൊട്ടിമുളച്ചതാകണം ആ പ്രതിപത്തി. കൗതുകമുള്ളതെന്തും അയാൾ കൈവശപ്പെടുത്തിക്കളയും. ചെറിയ ഞെട്ടുകളും ബോൾട്ടുകളും സൂക്ഷിച്ചുവെച്ചു തുടങ്ങിയതാണ് ആ സ്വഭാവം. അറുപതിലെത്തിയിട്ടും അത് തുരുമ്പെടുക്കാതെ ഓട്ടുപാത്രം പോലെ തിളങ്ങുകയാണിന്നും. അതിനുവേണ്ടിയുള്ള ധന നഷ്ടമോ, കഷ്ടതകളോ പ്രകാശനു പ്രശ്‌നമല്ല. അത്രയേറെ അതിലയാൾ വശപ്പെട്ടുപോയിരിക്കുന്നു.

എട്ടാം ക്ലാസിൽ പഠിക്കുന്പോൾ തന്നെ പ്രകാശൻ ജീവിതത്തിന്റെ അരികും മൂലയും കെട്ടിപ്പൊക്കാൻ കല്ലുവെട്ടുകാരനായി. തുടർന്ന് പത്താം ക്ലാസ് ജയിച്ചു. സ്‌കൂളിലേക്കും തിരിച്ച് വീട്ടിലേക്കും നടക്കുമ്പോൾ ഒരു തയ്യൽ കടയുണ്ട്. തയ്യൽക്കാരൻ കുപ്പായത്തിന്റെ കുടുക്കുകൾ തുന്നുന്നതും നോക്കി ആ വള്ളി ട്രൗസറുകാരൻ നിൽക്കും. പഴയ ഉഷ തയ്യൽ മെഷിന്റെ കട കട ശബ്ദം അവൻ സംഗീതം പോലെ ആസ്വാദിച്ചു. വസ്ത്രങ്ങൾ അടിക്കുമ്പോൾ മെഷീന്റെ ഉള്ളിലേക്കായിരിക്കും പ്രകാശന്റെ കണ്ണുകൾ. വളരെ സങ്കീർണമായ അതിന്റെ എൻജിൻ ചലനങ്ങളിൽ കൗതുകത്തോടെ നോട്ടമിട്ട് വീട്ടിലെത്താൻ വൈകിയ നാളുകൾ. അച്ഛനിൽ നിന്നും കിട്ടിയ അടിയുടെ കയ്പ്പ് പഞ്ചാര മധുരമായി പ്രകാശന്. ആ രാത്രി ഉറക്കമില്ലാതെ പ്രകാശൻ തയ്യൽ ജോലിയെക്കുറിച്ചും, മെഷീനെക്കുറിച്ചും മാത്രം ചിന്തിച്ചുകിടന്നു. അങ്ങനെ പത്താം തരത്തിൽ പഠിപ്പ് നിർത്തി പ്രകാശൻ തയ്യൽക്കാരനായി; സാവധാനം അതിന്റെ റിപ്പയർകാരനുമായി. ഒരിക്കൽ തയ്യൽ ജോലിക്കിടയിൽ മെഷീനുകളിൽ തുന്നുന്ന നൂൽ കുടുങ്ങിയത് സ്വയം നന്നാക്കിയതോടെയാണ് വെള്ളിയൂർ എന്ന ഗ്രാമത്തിലെ ഏറ്റവും നല്ല തയ്യൽ റിപ്പയർകാരനായി പ്രകാശൻ മാറുന്നത്. ഇന്ന് പ്രകാശനെ കഴിഞ്ഞേ ആ രംഗത്ത് മറ്റൊരാളുള്ളൂ.
പുരാവസ്തുക്കളുടെ സൂക്ഷിപ്പുകാരനാകുന്നു…

ഇത്രയും പൂർവകാലം. പ്രകാശനിന്ന് തയ്യൽക്കാരനായല്ല അറിയപ്പെടുന്നത്. കോഴിക്കോട് ജില്ലയിലെ തന്നെ പുരാവസ്തു സൂക്ഷിപ്പുകാരനായിട്ടാണ്. ജീവിതത്തിൽ സ്വരുക്കൂട്ടി വെച്ചതൊക്കെയും പഴയത് വാങ്ങി സ്വയം ദരിദ്രനായവൻ. നമ്മൾ അയാളെ ഭ്രാന്തനെന്ന് വിളിച്ചേക്കാം. ആർക്കും വേണ്ടാത്ത പഴയ ഉരുപ്പടികൾ വാങ്ങിക്കൂട്ടി തുലച്ചവനെന്ന് പ്രാകുന്നവരും ഉണ്ടാവാം. അപ്പോഴും അവരെ നോക്കി പ്രകാശൻ ചിരിക്കുകയേയുള്ളൂ.

പഴയതെന്തും പ്രകാശന് പഥ്യമാണ്. നാട്ടിലോ പുറംനാട്ടിലോ എന്തെങ്കിലും പഴയതുണ്ടെന്ന് കേട്ടാൽ അയാൾക്ക് ഇരിക്കപ്പൊറുതിയുണ്ടാകില്ല. അതിനുവേണ്ടി എത്ര പണം ചിലഴിക്കാനും, എത്ര കിലോമീറ്റർ താണ്ടാനും അയാൾ റെഡി. ആളുകൾ പറയുന്നത് കേട്ട് വെപ്രാളപ്പെട്ട് ചെന്നാൽ സാധനം കിട്ടണമെന്നില്ല. അങ്ങനെ എത്രയോ തവണ അയാൾക്ക് വെറും കൈയോടെ തിരിച്ചുപോരേണ്ടി വന്നിട്ടുണ്ട്. പക്ഷേ, അത് പ്രകാശന് ഒട്ടും പ്രയാസമുള്ളതല്ല. കാരണം, അയാളുടെ വിധി അതാണ്.

ഒരിക്കൽ ദൂരെയൊരിടത്ത് ഒരു മരത്തിൽ അനേകം ജീവികളെ കൊത്തിയ ഒരു ശിൽപമുണ്ടെന്ന് പറഞ്ഞുകേട്ട മാത്രയിൽ പ്രകാശൻ തന്റെ നീളൻ കാലുള്ള കുടയും പല ആളുകളിൽ നിന്നും കടം വാങ്ങിയ ഒരു ലക്ഷം രൂപയുമായി അവിടെ ചെല്ലുന്നു. ഒറ്റ നോട്ടത്തിൽ തന്നെ പ്രകാശന് ആ ശിൽപത്തിന്റെ ആകാര ഭംഗിയിൽ വീണുപോയി. പണം എണ്ണികൊടുക്കുമ്പോഴാണ് മരത്തിന്റെ ചിലയിടങ്ങളിൽ പഴമ വന്ന് പൊടിഞ്ഞുതുടങ്ങിയതായി കണ്ടത്. അത്രയും ദൂരം ആ ശിൽപത്തെ വാഹനത്തിൽ കയറ്റി കൊണ്ടുപോയാൽ തന്റെ പണം പോയത് മിച്ചമെന്ന് വിചാരിച്ച് അയാൾ മനസ്സില്ലാ മനസ്സോടെ തിരിച്ചുവന്നു.

ഇന്നും ആ ശിൽപത്തെപ്പറ്റി പറയുമ്പോൾ അയാളുടെ കണ്ണുകളിൽ പ്രകാശം വിളയും. പലപ്പോഴും തേടിച്ചെല്ലുന്ന വസ്തുക്കൾ കിട്ടണമെന്നില്ല. ആർക്കും ആവശ്യമില്ലെങ്കിലും ആളുകൾ കൈവിട്ടുകൊടുക്കില്ല, ചിലതിനെ.
പണ്ടൊക്കെ കോഴിക്കോട് സൺഡേ ബസാറിൽ പോയാണ് പ്രകാശൻ പലതും സംഘടിപ്പിച്ചിരുന്നത്. വെളുപ്പിന് തന്നെ കോഴിക്കോടെത്തും. പാളയം മാർക്കറ്റിന്റെ വശം ചേർന്ന് ഞായറാഴ്ച ബസാറുണ്ട്. കല്ല് ചുമന്നും, ഉടുപ്പുകൾ തുന്നിയും കിട്ടുന്ന തുച്ഛ വരുമാനവുമായാണ് ഈ യാത്രകൾ. ഇഷ്ടപ്പെട്ടത് പലതും വാങ്ങാൻ കൈയിൽ കാശ് തികയില്ല. പല ഞായറാഴ്ചകളിലും തിരിച്ചുപോരും. അടുത്ത ആഴ്ച വാങ്ങാമെന്ന കണക്കുകൂട്ടലിൽ. പണം സ്വരൂപിച്ച് അടുത്ത ആഴ്ച ചെന്നാൽ തന്നെ ആ സാധനം കിട്ടണമെന്നില്ല. പാളയം ബസാറിലെ ആൽമരച്ചുവട്ടിൽ വെയിൽ കൊണ്ട് നിന്ന് പ്രകാശൻ സങ്കടപ്പെടും. അത്തരമൊന്ന് ഇനി കണ്ടു കിട്ടണമെന്നില്ലല്ലോ. ചില ഞായറാഴ്ചകളിൽ മനസ്സിനിഷ്ടപ്പെട്ടതെല്ലാം വാങ്ങി കഴിഞ്ഞാൽ ഒരു ചായ കുടിക്കാൻ പോലും കൈയിൽ മിച്ചം കാണില്ല. സൺഡേ ബസാറിലെ പഴയത് വിൽക്കുന്നവർക്ക് പ്രകാശനെ കണ്ടാൽ ഉത്സാഹം കൂടും. അയാൾ വെറുതെ ചുറ്റി നടന്ന് സമയം പോക്കാൻ വന്നവനല്ലെന്ന് അവർക്കറിയാം.

നൂറ്റാണ്ടിന് മുമ്പ്

ഇന്ന് പ്രകാശന്റെ ശേഖരത്തിലില്ലാത്ത പഴമയുടെ അടയാളങ്ങൾ കുറവാണ്. ഇന്നത്തെ തലമുറ ഒരിക്കലും കാണുകയോ കേൾക്കുകയോ പോലും ചെയ്യാത്ത പലതും ആ ശേഖരത്തിലുണ്ട്. പിച്ചളയിലും മരത്തിലും ഉള്ളവയാണ് അധികവും. ഒരു തയ്യൽക്കാരനായതുകൊണ്ട് പ്രകാശന്റെ കൈവശം പല രാജ്യങ്ങളിലെ വ്യത്യസ്തമായ തയ്യൽ മെഷീനുകളുണ്ട്. നൂറ് കൊല്ലത്തിലേറെ പഴക്കമുള്ളതാണ് അവയിൽ പലതും. പല രാജ്യങ്ങളിലെ നാണയങ്ങളും നോട്ടുകളുമാണ് മറ്റൊരു ആകർഷണം. എല്ലാം ലക്ഷങ്ങൾ വില വരുന്നത്. നമ്മുടെ കേരളത്തിൽ ഒരു കാലത്ത് പ്രതാപത്തോടെ വാണിരുന്ന പറ, കൈതോലപ്പായ, അളവ് തൂക്ക സാമഗ്രികൾ, പഴയ ഫോണുകൾ, ചീന ഭരണികൾ, ടേപ്പ് റിക്കാർഡുകൾ, റേഡിയോകൾ എന്നു വേണ്ട അനേകം സാധനങ്ങൾ ഒട്ടും പോറൽ പോലും ഏൽപ്പിക്കാതെ പ്രകാശൻ സംരക്ഷിക്കുന്നു.

പ്രകാശന്റെ ശേഖരത്തിലെ ഒരു “ഐറ്റം” ആരെയും ആകർഷിക്കുന്നതാണ്. ഗൾഫ് നാടുകളിൽ ശിക്ഷ നടപ്പാക്കാൻ ഉപയോഗിക്കുന്ന “ചാട്ടവാറാണത്”. കോഴിക്കോട് നിന്നും അന്ന് 2000 രൂപക്കാണ് പ്രകാശനത് കൈവശപ്പെടുത്തിയത്. നിരത്തിയിട്ട ലേബിളിൽ ആ ചാട്ടവാറ് നോക്കിനിന്നപ്പോൾ എനിക്കെന്തോ വല്ലായ്മ തോന്നി. എത്ര ആളുകളുടെ വേദന അതിൽ ഉറഞ്ഞുകൂടിയിട്ടുണ്ടാകും. അതിന്റെ ഇരുണ്ട പ്രതലങ്ങളിൽ ആരുടേയോ രക്തക്കറ പുരണ്ടിരിക്കുന്നുണ്ടാകുമോ? നമ്മുടെ വയലുകളെ ഒരു കാലത്ത് ഉഴുതുമറിച്ചു കരിയും നുകവും ചുമരിനോട് ചാരി കിടപ്പുണ്ട്. ഒറ്റത്തോർത്തുടുത്ത കൃഷിക്കാരന്റെ വിയർപ്പിന്റെ മണം അവിടെയാകെ മുറ്റിനിൽക്കുന്നതായി തോന്നി. ഈർച്ച വാളിന്റെ മൂർച്ച ആ ചെറിയ വെളിച്ചത്തിലും തിളങ്ങി.

വേണം, സംരക്ഷിക്കാനൊരിടം

ഇന്നിപ്പോൾ പ്രകാശന് ഒരു വേദനയേ ഉള്ളൂ. ശേഖരിച്ചതൊക്കെയും നഷ്ടപ്പെടാതെ നോക്കണം. അതിനുള്ള സംവിധാനം വേണം. ധാരാളം ചെലവുണ്ട്. റോഡ് വക്കിലാണ് പ്രകാശന്റെ വീട്. അടച്ചുറപ്പില്ലാത്ത ചുറ്റുമതിലാണ്. ആർക്കും എപ്പോഴും കടന്നുവന്ന് അവ മോഷ്ടിച്ചെടുക്കാം. ആക്രി പൊറുക്കുന്നവരുടെ കണ്ണിൽ പെട്ടാൽ പിന്നത്തെ കാര്യം പറയാനില്ലെന്ന് പ്രകാശൻ പറയുന്നു. അവർക്കത് ആക്രിക്കടയിൽ വിറ്റാൽ അഞ്ചോ പത്തോ കിട്ടും. പക്ഷേ, അത്തരമൊന്ന് സംഘടിപ്പിച്ചെടുത്തതിന്റെ പിന്നിലെ വിയർപ്പും കണ്ണീരും അവർക്ക് പറഞ്ഞാൽ മനസ്സിലാകില്ലല്ലോ.
അതിനാൽ രാത്രിയായാൽ പ്രകാശന് ഉറക്കം വരില്ല. ചെറിയ ശബ്ദം കേട്ടാൽ പോലും അയാൾ ഞെട്ടിയുണരും. തന്റെ കുഞ്ഞുങ്ങളാണ് പുറത്ത് കിടക്കുന്നതെന്ന് ഒരു കുട്ടിയെ പോലെ അയാൾ വിചാരിക്കും.
അടച്ചുറപ്പുള്ള ഒരു വീട് പ്രകാശനുണ്ടെങ്കിലും, ഇക്കാലമത്രയും സ്വരൂക്കുട്ടിവെച്ച പുരാവസ്തുക്കൾ സൂക്ഷിച്ചുവെക്കാൻ ഒരിടമില്ലാതെ പ്രയാസപ്പെടുകയാണ് അയാളിന്ന്. വീടിന്റെ മുറ്റത്ത് ഒരു പ്രദർശനം അയാൾ ഒരുക്കിയിട്ടുണ്ട്. അത് കാണാൻ വരുന്നവർ ചുരുക്കം. ഈ ആസുര കാലത്ത് ഇതൊക്കെ ആരു കാണാൻ? എന്നാൽ, പ്രകാശന് അവ അത്ര പെട്ടെന്ന് കൈയൊഴിയാൻ കഴിയില്ലല്ലോ. അയാളോട് തന്റെ പ്രാണനെ ചോദിച്ചാൽ നിങ്ങൾക്ക് കിട്ടിയെന്നു വരും. എന്നാൽ ആ ഈടുവെയ്പിൽ ഒന്നും നിങ്ങൾ ചോദിച്ചുപോകരുത്. അത് തൊട്ടു നോക്കുന്നതുപോലും അയാൾക്ക് ഇഷ്ടമല്ല. അത്രയേറെ അയാളവയെ സ്‌നേഹിക്കുന്നുണ്ട്. 9539231707 എന്നതാണ് പ്രകാശന്റെ ഫോൺ നമ്പർ.
ആ വീട്ടിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ കാലിൽ എന്തോ തട്ടി. കുനിഞ്ഞുനോക്കുമ്പോൾ ഒരു പഴയ ചെമ്പ് നാണയം. അതെടുത്ത് പ്രകാശന് നൽകി. അയാളുടെ കണ്ണുകൾ തിളങ്ങി. ആ രാത്രി അയാൾക്കുറക്കമുണ്ടാകില്ല, തീർച്ച. അതെങ്ങനെ അവിടെയെത്തിയെന്ന ആധിയിൽ അയാൾക്ക് ഉറക്കം നഷ്ടപ്പെടും.