Connect with us

National

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല; രാഷ്ട്രീയ നേതൃത്വം രണ്ടു തട്ടില്‍

Published

|

Last Updated

ന്യൂഡല്‍ഹി | തെലങ്കാന തലസ്ഥാനമായ ഹൈദരാബാദില്‍ ഡോക്‌റെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ പ്രതികളെ പോലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ രാഷ്ട്രീയ നേതൃത്വം രണ്ടു തട്ടില്‍. ജനങ്ങള്‍ക്ക് നീതിന്യായ സംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടിയാണ് പോലീസില്‍ നിന്നുണ്ടായതെന്നും ഇത് ആശങ്കാജനകമാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.പറഞ്ഞു. ബലാത്സംഗങ്ങള്‍ വ്യാപിക്കുന്നതില്‍ ജനങ്ങള്‍ രോഷാകുലരാണ്. അതുകൊണ്ടാണ് ഹൈദരാബാദിലെ ഏറ്റുമുട്ടല്‍ കൊലയില്‍ അവര്‍ സന്തോഷം പ്രകടിപ്പിക്കുന്നത്. എന്നാല്‍ ഇത്തരം സ്ഥിതിവിശേഷം ആശ്വാസകരമല്ല. നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതാകുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. നീതിന്യായ സംവിധാനം കെട്ടുറപ്പുള്ളതാക്കാന്‍ സര്‍ക്കാറുകള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു.

വിചാരണ കൂടാതെ കൊല്ലുന്നത് ശരിയല്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചു. ഈ രീതിയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല. പൗരന്മാരുടെ ജീവനും സ്വത്തിനും ഒരു രാജ്യം സംരക്ഷണം നല്‍കുന്നത് എങ്ങനെയെന്ന് നോക്കിയാണ് പരിഷ്‌കൃത സമൂഹത്തെ നിര്‍ണിയിക്കുന്നത്. ഡല്‍ഹി കൂട്ടബലാത്സംഗ കേസിനു ശേഷം 2012ല്‍ സ്ത്രീ സുരക്ഷക്കായി കര്‍ശന നിയമം പാസാക്കിയിട്ടുണ്ട്. എന്നാല്‍ അത് ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് ആലോചിക്കണമെന്നും ട്വിറ്ററില്‍ നല്‍കിയ കുറിപ്പില്‍ യെച്ചൂരി പറഞ്ഞു.

കോടതിക്ക് പുറത്ത് ശിക്ഷ നടപ്പിലാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് എം പിയും മുന്‍ മന്ത്രിയുമായ ശശി തരൂര്‍ പ്രതികരിച്ചു. വിശദാംശങ്ങള്‍ വരുന്നതു വരെ അപലപിക്കുന്നത് ശരിയല്ലെങ്കിലും സാമൂഹിക നിയമങ്ങള്‍ പ്രകാരം ഇത്തരം നടപടികള്‍ സ്വീകാര്യമല്ലെന്നും തന്നെയാണ് അഭിപ്രായമെന്നും തരൂര്‍ വ്യക്തമാക്കി. ഏറ്റുമുട്ടല്‍ കൊല നിലവിലുള്ള സംവിധാനത്തിന് കളങ്കം ചാര്‍ത്തുന്നതാണെന്ന് കാര്‍ത്തി ചിദംബരം പറഞ്ഞു. ബലാത്സംഗം നിഷ്ഠൂരമായ കുറ്റകൃത്യമാണ്. എന്നാല്‍, നിയമ വ്യവസ്ഥക്ക് കീഴില്‍ നിന്നു വേണം അതിനെ നേരിടേണ്ടത്. നീതിക്കു വേണ്ടിയുള്ള മുറവിളികളെ മനസ്സിലാക്കാം. എന്നാല്‍, ഇങ്ങനെയല്ല നീതി നടപ്പിലാക്കേണ്ടത്.

ഹൈദരാബാദില്‍ സംഭവിച്ചത് രാജ്യത്തെ സംബന്ധിച്ച് അപകടകരമാണെന്നായിരുന്നു മുന്‍ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധിയുടെ പ്രതികരണം. ആളുകളെ കൊല്ലാന്‍ ആര്‍ക്കും അവകാശമില്ല. കോടതി ഉത്തരവിലൂടെ മാത്രമെ ഒരാളെ തൂക്കിക്കൊല്ലാനാകൂ. നിയമം കൈയിലെടുക്കാന്‍ പാടില്ല. തോക്കിന്റെ കാഞ്ചിയിലൂടെയാണ് നീതി നിര്‍വഹിക്കപ്പെടുന്നതെങ്കില്‍ പിന്നെ രാജ്യത്ത് കോടതിയുടെയും പോലീസിന്റെയും ആവശ്യമെന്താണ്. മനേക ചോദിച്ചു.

അതേസമയം, പോലീസിനെ ന്യായീകരിച്ചും അഭിനന്ദിച്ചും പ്രതികരണങ്ങളുണ്ടായി. അവര്‍ കൊല്ലപ്പെടേണ്ടവര്‍ തന്നെയാണെന്ന് വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് കനുമുരു രഘു കൃഷ്ണ രാജു പറഞ്ഞു. ഇത് ഒരു നല്ല പാഠമാണ്. പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വെടിവെച്ചുകൊന്നതിനെ ആര്‍ക്കും എതിര്‍ക്കാനാകില്ല. അങ്ങനെ ചെയ്യുന്നവര്‍ ദേശവിരുദ്ധരാണ്.
പോലീസ് നടപടിയെ ഗോവ പ്രദേശ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പ്രതിമ കുടിഞ്ഞോ സ്വാഗതം ചെയ്തു. ഹൈദരാബാദ് പോലീസിനെ അഭിവാദ്യം ചെയ്യുന്നതായി അവര്‍ പറഞ്ഞു. നീതി നടപ്പിലായിരിക്കുകയാണ്. ഇരയുടെ ആത്മാവിന് ഇതിലൂടെ ശാന്തി ലഭിച്ചിട്ടുണ്ടാകും.

ഹൈദരാബാദ് പോലീസില്‍ നിന്ന് രാജ്യത്തെ മറ്റു ഭാഗങ്ങളിലെ പോലീസും പ്രചോദനം ഉള്‍ക്കൊള്ളണമെന്ന പ്രതിമയുടെ അഭിപ്രായത്തെ ബി എസ് പി പ്രസിഡന്റ് മായാവതി പിന്തുണച്ചു. ഹൈദരാബാദ് പോലീസിന്റെ നടപടി സ്തുത്യര്‍ഹമാണ്. യു പിയില്‍ ഒരു ജില്ലയില്‍ മാത്രമല്ല, എല്ലാം ജില്ലകളിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നു. ചെറിയ പെണ്‍കുട്ടികളെന്നോ പ്രായമുള്ള സത്രീകളെന്നോ വിവേചനമില്ലാതെയാണിത്. കാട്ടുവാഴ്ചയാണ് യു പിയില്‍ നടക്കുന്നത്. താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങള്‍ക്കെതിരെ പോലും നടപടിയെടുത്തിരുന്നുവെന്ന് മായാവതി ഓര്‍മിച്ചു. യു പി, ഡല്‍ഹി പോലീസ് ഒരുപാട് മാറേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest