Connect with us

National

നിര്‍ഭയ കേസ് പ്രതിയുടെ ദയാഹര്‍ജി തള്ളണമെന്ന് രാഷ്ട്രപതിയോട് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ പിടിച്ചുലച്ച 2012 ലെ നിര്‍ഭയ കേസിലെ പ്രതികളിലൊരാളുടെ ദയാഹര്‍ജി നിരസിക്കാന്‍ കേന്ദ്രം രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ശുപാര്‍ശ നല്‍കി. കേസില്‍ വധശിക്ഷ കാത്ത് കഴിയുന്ന മൂന്ന് പ്രതികളില്‍ ഒരാളാണ് ദയാഹര്‍ജി സമര്‍പ്പിച്ചത്. അഞ്ച് പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് അയയ്ക്കുകയും പ്രായത്തിന് ബാധകമായ നിയമപ്രകാരം വിട്ടയക്കുകയും ചെയ്തിരുന്നു. മറ്റു പ്രതികളില്‍ ഒരാളായ രാം സിംഗ് ജയിലില്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. ശേഷിക്കുന്നവരില്‍ ഒരാളായ വിനയ് ശര്‍മ്മയാണ് ദയാഹര്‍ജി സമര്‍പ്പിച്ചത്.

ദയാ ഹര്‍ജി നിരസിച്ച ഫയല്‍ ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച് രണ്ട് ദിവസത്തിന് ശേഷമാണ് നടപടി. പ്രസിഡന്റ് കോവിന്ദിന് മുമ്പാകെ സമര്‍പ്പിച്ച ദയാ ഹര്‍ജി തള്ളാന്‍ ഡല്‍ഹി സര്‍ക്കാരും ശക്തമായി ശുപാര്‍ശ ചെയ്തിരുന്നു. പരിഗണനയ്ക്കും അന്തിമ തീരുമാനത്തിനുമായി ഫയല്‍ രാഷ്ട്രപതിക്ക് കൈമാറിയിരിക്കുകയാണ്. ഫയലില്‍ ആഭ്യന്തര മന്ത്രാലയം അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതിന് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം നിലനില്‍ക്കുന്ന സമയത്താണ് നിര്‍ഭയ കൂട്ടബലാത്സംഗ കുറ്റവാളിയുടെ ദയാഹര്‍ജി നിരസിക്കാന്‍ കേന്ദ്രം ശുപാര്‍ശ ചെയ്തത്.

രാജ്യത്തെ പിടിച്ചുലച്ച നിര്‍ഭയ കേസ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സ്ത്രീകള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ വരെ ഈ കേസ് കാരണമായി.

Latest