Connect with us

Kerala

പൗരത്വ ഭേദഗതി ബിൽ: : ഭരണഘടനാ മൂല്യങ്ങൾ ഹനിക്കുന്നത്: എസ് വൈ എസ്

Published

|

Last Updated

കോഴിക്കോട് | കുടിയേറ്റക്കാരിൽ മുസ്‌ലിംകളൊഴികെയുള്ളവർക്ക് ദ്രുതഗതിയിൽ പൗരത്വം നൽകി മുസ്‌ലിംകളെ ഏകപക്ഷീയമായി മാറ്റിനിർത്താനുള്ള കേന്ദ്ര സർക്കാർ നിലപാട് രാജ്യത്തെ പൗരന്മാർക്ക് ഭരണഘടന ഉറപ്പുനൽകുന്ന സമത്വമുൾപ്പെടെയുള്ള മൂല്യങ്ങൾക്ക് എതിരാണെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.

ഈ നാട്ടിൽ ജനിക്കുകയും പതിറ്റാണ്ടുകളായി രാജ്യത്തോട് കൂറുപുലർത്തി ജീവിച്ചുവരികയും ചെയ്യുന്ന മുസ്‌ലിം സമുദായത്തെ നാടുകടത്തുന്നതിനാണ് മതാടിസ്ഥാനത്തിലുള്ള ഇത്തരമൊരു പൗരത്വ രേഖയെന്നത് ഭീതിജനകമാണ്. മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതിനുള്ള നിയമ നിർമാണം രാജ്യം പുലർത്തിപ്പോരുന്ന മതേതര മൂല്യങ്ങൾക്കും ഭരണഘടനാതത്വങ്ങൾക്കും നിരക്കാത്തതാണ്. മുഴുവൻ കുടിയേറ്റക്കാരെയും മനുഷ്യരായി പരിഗണിക്കുന്നതിന് പകരം മതത്തിന്റെ പേരിൽ വിവേചനം കാണിക്കുന്നത് രാജ്യത്തിന് അപമാനമാണ്.

വിവിധ രീതിയിലുള്ള ആക്രമണങ്ങൾക്കു വിധേയരായിക്കൊണ്ടിരിക്കുന്ന രാജ്യത്തെ മത ന്യൂനപക്ഷങ്ങൾക്കു നേരെ ഭരണകൂടം നേരിട്ടു നടത്തുന്ന ഹിംസയാണിത്. തീർത്തും വർഗീയ താത്പര്യത്തോടെയുള്ള ബില്ലിനെ രാജ്യതാത്പര്യമുള്ള മതേതര ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പൊരുതി തോൽപ്പിക്കണം. ഭരണകൂടമുണ്ടാക്കിയ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാൻ രാജ്യത്ത് വർഗീയ ചേരിതിരിവുണ്ടാക്കി ഭരണം നിലനിർത്താൻ നടത്തുന്ന ശ്രമങ്ങളെ പൗര സമൂഹം തിരിച്ചറിയണം.
പൗരന്മാർക്ക് നിർഭയമായി ജീവിക്കാനുള്ള സാഹചര്യത്തിനായി പ്രമുഖ പാർട്ടികൾ പൗരത്വ രേഖക്കെതിരെ രംഗത്തു വന്നത് ശുഭസൂചനയാണ്.

ഇതിനെതിരെ നിയമപരമായ പ്രതിരോധവും സാമൂഹിക അവബോധവും ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള സമരങ്ങളും പ്രവർത്തനങ്ങളും എസ് വൈ എസ് നടപ്പാക്കും. ഈ ആശയത്തിൽ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങൾ നടത്തുന്ന പരിശ്രമങ്ങളോട് ചേർന്നു നിൽക്കുമെന്നും എസ് വൈ എസ് പറഞ്ഞു. പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങൾ അധ്യക്ഷത വഹിച്ചു. മജീദ് കക്കാട്, സുലൈമാൻ സഖാഫി, ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി, ജബ്ബാർ സഖാഫി, എസ് ശറഫുദ്ദീൻ, എം മുഹമ്മദ് സ്വാദിഖ്, സ്വാദിഖ് സഖാഫി, ആർ പി ഹുസൈൻ, എം എം ഇബ്‌റാഹീം പങ്കെടുത്തു.