Connect with us

Editorial

നീറ്റും ഹിജാബും വൈകി വന്ന വിവേകവും

Published

|

Last Updated

അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ശിരോവസ്ത്രത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ച നടപടി സ്വാഗതാര്‍ഹമാണ്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയമാണ് അടുത്ത വര്‍ഷം മുതല്‍ നീറ്റ് പരീക്ഷക്കെത്തുന്നവര്‍ക്ക് ബുര്‍ഖ, ഹിജാബ്, കാരാ, കൃപാണ്‍ എന്നിവ ധരിക്കാമെന്നു ഉത്തരവിറക്കിയത്. എന്നാല്‍ ഇത്തരം വസ്ത്രം ധരിച്ചെത്തുന്നവര്‍ മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതുണ്ട്. ശരീരത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്ളവര്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ അനുമതി തേടണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ഏറെ വിവാദങ്ങള്‍ക്കിടയായതും പല തവണ കോടതി കയറിയതുമാണ് നീറ്റ് പരീക്ഷക്ക് മതപരമായ വേഷവിധാനങ്ങള്‍ക്കും ഫുള്‍കൈ വസ്ത്രങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക്. പല പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷക്കെത്തുന്ന കുട്ടികളുടെ ശിരോവസ്ത്രം അഴിപ്പിക്കുകയും അതിന് വിസമ്മതിക്കുന്നവര്‍ക്ക് പരീക്ഷ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. 2017ല്‍ നടന്ന പരീക്ഷയില്‍ പല കേന്ദ്രങ്ങളിലും വിദ്യാര്‍ഥിനികളെ അടിവസ്ത്രമഴിപ്പിച്ചു പരിശോധന നടത്തുകയുണ്ടായി. കണ്ണൂരിലെ ചില സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികളുടെ ബ്രായും ജീന്‍സും അഴിച്ച് പരിശോധന നടത്തുകയും ചുരിദാറിന്റെ നീളമുള്ള കൈ മുറിച്ചു മാറ്റുകയും ചെയ്തു. രാവിലെ 8.30ന് തുടങ്ങുന്ന പരീക്ഷക്ക് തൊട്ടുമുമ്പാണ് അധികൃതര്‍ വിദ്യാര്‍ഥിനികളെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധനക്ക് വിധേയമാക്കിയത്. ക്ലാസ് മുറിക്കുള്ളില്‍ വെച്ച് വസ്ത്രമഴിച്ച് പുറത്തുനില്‍ക്കുന്ന അമ്മമാരുടെ കൈയില്‍ അടിവസ്ത്രം കൊടുത്തു പരീക്ഷയെഴുതേണ്ടിവന്നു പല വിദ്യാര്‍ഥിനികള്‍ക്കും.

കണ്ണൂരിലെ ഒരു സെന്ററില്‍ ചുരിദാറുകളുടെ കൈകളും ജീന്‍സിലെ ലോഹ ബട്ടണും മുറിച്ചുമാറ്റി. ജീന്‍സിലെ പോക്കറ്റ് ഒഴിവാക്കാനും നിര്‍ബന്ധിച്ചു. പോക്കറ്റ് കീറിയാല്‍ ശരീരം വെളിയില്‍ കാണുമെന്നതിനാല്‍ രക്ഷിതാക്കള്‍ സമീപ പ്രദേശത്തെ കട തുറപ്പിച്ച് ലെഗ്ഗിന്‍സ് കൊണ്ടുവന്നു മക്കള്‍ക്ക് നല്‍കിയാണ് പരീക്ഷക്ക് അവസരമൊരുക്കിയത്. പരീക്ഷാ സെന്ററിന് അടുത്തുള്ള വീട്ടുകാര്‍ വസ്ത്രങ്ങള്‍ നല്‍കാന്‍ സന്നദ്ധമായതു കൊണ്ടാണ് പല വിദ്യാര്‍ഥിനികള്‍ക്കും അന്ന് പരീക്ഷ എഴുതാനായത്. ചുരിദാര്‍ മുറിക്കാന്‍ തുടങ്ങിയപ്പോള്‍ മാലൂര്‍ അരയാരംകീഴിലെ ഒരു വിദ്യാര്‍ഥിനി പ്രതിഷേധിച്ചതോടെ ഒരു കൈമാത്രം മുറിച്ചു നിര്‍ത്തി. വൈകുന്നേരം വീട്ടിലേക്ക് ഒറ്റക്കൈയുള്ള ചുരിദാറും ധരിച്ചാണ് ആ പെണ്‍കുട്ടി മടങ്ങിയത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെടുകയും കേസെടുക്കുകയും ചെയ്തിരുന്നു.

പ്രശ്‌നം കോടതി കയറിയതിനെ തുടര്‍ന്ന് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ശിരോവസ്ത്രം നിരോധിച്ചു കൊണ്ടുള്ള അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍ദേശം ഹൈക്കോടതി റദ്ദാക്കുകയും തലമറയുന്ന വസ്ത്രങ്ങള്‍ ധരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് 2017 മെയില്‍ ഉത്തരവിറക്കുകയും ചെയ്തിരുന്നു. പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ അഡ്മിറ്റ് കാര്‍ഡില്‍ നിരോധിത വസ്തുക്കളുടെ ഗണത്തില്‍ ശിരോവസ്ത്രങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ ചില വിദ്യാര്‍ഥി സംഘടനകള്‍ നല്‍കിയ ഹരജിയിലായിരുന്നു ജസ്റ്റിസ് പി ബി സുരേഷ് കുമാറിന്റെ ഉത്തരവ്. നേരത്തേ സി ബി എസ് ഇയുടെ ഭാഗത്തു നിന്ന് ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടായപ്പോഴും ഹൈക്കോടതി ഇടപെട്ടു റദ്ദാക്കിയിരുന്നു.
സഭ്യത വിടാത്ത വിധത്തില്‍ ഇഷ്ടമുള്ള വേഷം ധരിക്കാനും മതാചാരങ്ങള്‍ പിന്തുടരാനും ഭരണഘടന മുഴുവന്‍ പൗരന്മാര്‍ക്കും അവകാശം നല്‍കുന്നുണ്ട്. ഭരണഘടന ഭാഗം മൂന്നിലെ 12 മുതല്‍ 35 വരെയുള്ള അനുഛേദങ്ങളില്‍ പൗരന്റെ മൗലികാവകാശങ്ങളുടെ വ്യക്തവും വിശദവുമായ വിവരണം നല്‍കുന്നുണ്ട്. 25 മുതല്‍ 28 വരെയുള്ളത് മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ളതാണ്. 25ാം അനുഛേദത്തില്‍ ആശയ സ്വാതന്ത്ര്യത്തിനും മതം പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുമുള്ള സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നു.

അനുഛേദം 29 സമൂഹത്തിലെ മുഴുവന്‍ വിഭാഗങ്ങള്‍ക്കും സ്വന്തമായ സംസ്‌കാരവും ഭാഷയും ലിപിയും സംരക്ഷിക്കുന്നതിനുള്ള അവകാശവും നല്‍കുന്നുണ്ട്. ആരുടെയും ഔദാര്യത്തില്‍ ലഭിച്ചതല്ല ഈ അവകാശങ്ങളൊന്നും. അത് ഹനിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണെങ്കിലും മതനിരാസമല്ല, എല്ലാ മതങ്ങളെയും മതാചാരങ്ങളെയും ഉള്‍ക്കൊള്ളാനുള്ള വിശാല മനസ്‌കതയാണ് അത് വിഭാവനം ചെയ്യുന്നത്. പരീക്ഷകള്‍ കുറ്റമറ്റതാക്കാനെന്ന പേരില്‍ മതപരമായ വേഷവിധാനങ്ങള്‍ വിലക്കുന്നത് ഭരണഘടനാ ലംഘനമാണ്. പരീക്ഷക്ക് വരുന്നവര്‍ കോപ്പിയടിക്കാരും ക്രമക്കേട് കാണിക്കുന്നവരുമാണെന്ന മട്ടിലുള്ള സമീപനം തിരുത്തപ്പെടേണ്ടതുണ്ട്. കോപ്പിയടിക്കാരുണ്ടാകാം. അത് തടയാന്‍ ഈ ഡിജിറ്റല്‍ യുഗത്തില്‍ അടിവസ്ത്രം അഴിപ്പിക്കാതെയും ശിരോവസ്ത്രങ്ങള്‍ വിലക്കാതെയും തന്നെ എന്തെല്ലാം മാര്‍ഗങ്ങളുണ്ട്?

മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ വിലക്ക് നീക്കിയെങ്കിലും ശിരോവസ്ത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇനിയും തുടരാതിരിക്കില്ല. അത് ചിലരുടെ ഒരു ഹിഡന്‍ അജന്‍ഡയാണ്. അടുത്തിടെ മാത്രം തുടങ്ങിയതുമല്ല ഈ വിവാദം. പലരും കാലങ്ങളായി നിന്ദ്യമായാണ് ശിരോവസ്ത്രത്തെ നോക്കിക്കണ്ടത്. ഇതുമായി ബന്ധപ്പെട്ട് ഈ നാട്ടില്‍ എന്തെല്ലാം സംവാദങ്ങളുണ്ടായിട്ടുണ്ട്. പര്‍ദകള്‍ ഏറെയും കറുപ്പ് നിറമാണ്, കറുപ്പ് ചൂടിനെ ആഗിരണം ചെയ്യുന്നതാകയാല്‍ മുസ്‌ലിം സ്ത്രീകളെല്ലാം മതാധികാരത്തിന്റെ ചൂടില്‍ എരിയുകയാണെന്ന് മുമ്പ് ചിലര്‍ എഴുതിയിട്ടുണ്ട്. ലോകത്തെങ്ങുമുള്ള പുരുഷ എക്‌സിക്യൂട്ടീവുകള്‍ കറുത്ത കോട്ടാണ് ധരിക്കുന്നതെന്ന യാഥാര്‍ഥ്യം അപ്പോള്‍ അവര്‍ മറന്നു. പര്‍ദ ധരിച്ചാല്‍ അള്‍സേഷ്യന്‍ പട്ടി കടിക്കാനുള്ള സാധ്യത കൂടുതലാണെന്ന് മലയാളത്തിലെ ഒരു ദേശീയ പത്രം വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയിരുന്നു.

Latest