Connect with us

Kerala

ഫാത്വിമയുടെ മരണം: കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി പിതാവ് ലത്വീഫ്

Published

|

Last Updated

ന്യൂഡല്‍ഹി: മദ്രാസ് ഐ ഐ ടി വിദ്യാര്‍ഥി ഫാത്വിമ ലത്വീഫിന്റെ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി പിതാവ് ലത്വീഫ്. കുടുംബത്തോടൊപ്പം മദ്രാസ് ഐ ഐ ടിയിലെത്തി അന്വേഷിച്ചറിഞ്ഞ കാര്യങ്ങളാണ് അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് തുറന്നു പറഞ്ഞത്.

മുട്ടുകുത്തി നില്‍ക്കുന്ന നിലയിലാണ് ഫാത്വിമയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നത് തെളിയിക്കുന്ന രീതിയില്‍ മുറിയില്‍ ഫാനോ കയറോ ഒന്നുമുണ്ടായിരുന്നില്ല. മുറിയിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്നു. ഫാത്വിമ ഒന്നും അലക്ഷ്യമായി വെക്കാറുണ്ടായിരുന്നില്ല. മുറിയുടെ വാതില്‍ അടച്ചിട്ടുണ്ടായിരുന്നില്ലെന്നതും ദുരൂഹതയുണര്‍ത്തുന്നതാണ്.

സംഭവ ദിവസം ഹോസ്റ്റലില്‍ പിറന്നാളാഘോഷം നടന്നിരുന്നു. പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയില്‍ മരണം സംഭവിച്ചതായാണ് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍, പുലര്‍ച്ചെ വരെ ഹോസ്റ്റലിലെ ആഘോഷം നീണ്ടു നിന്നിരുന്നുവെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്ന ഘടകമാണ്. തൊട്ടടുത്ത മുറിയിലെ കുട്ടി അന്നേദിവസം ഹോസ്റ്റലിലുണ്ടായിരുന്നില്ല. മരണശേഷം കൂടെയുണ്ടായിരുന്ന കുട്ടിയുടെ സാധനങ്ങളൊന്നും മുറിയിലുണ്ടായിരുന്നുമില്ല.

ഫാത്വിമയുടെ അക്കാദമിക് മികവില്‍ സഹപാഠികളായ പല കുട്ടികള്‍ക്കും ദേഷ്യമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി മാനസിക പീഡകളും മകള്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നു. സംഭവിച്ച കാര്യങ്ങളെല്ലാം അവള്‍ പേരുവിവരങ്ങള്‍ സഹിതം എഴുതിവെച്ചിട്ടുണ്ട്. അധ്യാപകനായ സുദര്‍ശന്‍ പദ്മനാഭന്റെയും മലയാളികള്‍ ഉള്‍പ്പെടെയുള്ള ചില വിദ്യാര്‍ഥികളുടെ പേരുകളും അതിലുണ്ട്.
കേസില്‍ കോട്ടൂര്‍പുരം പോലീസ് തുടക്കംമുതലേ നിരുത്തരവാദപരമായാണ് പ്രതികരിച്ചത്. വിവരമറിഞ്ഞെത്തിയ കുടുംബാംഗങ്ങളോടും കൊല്ലം മേയറോടും അവര്‍ വളരെ മോശമായി പെരുമാറി.

ഫാത്വിമ മെസ് ഹാളില്‍ ഇരുന്ന് കരഞ്ഞിരുന്നതായി മരണം സംഭവിച്ചതിന്റെ തലേദിവസം ഒരാള്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ആ മൊഴി തിരുത്തപ്പെടുകയാണുണ്ടായത്. മരണ വിവരം ഐ ഐ ടിയില്‍ നിന്ന് ആരും വിളിച്ചറിയിച്ചിരുന്നില്ല. അവര്‍ നല്‍കിയ സി സി ടി വി ദൃശ്യങ്ങളില്‍ പോലും കൃത്രിമത്വം നടത്തിയിരുന്നു. ഭീകരാന്തരീക്ഷം നിലനില്‍ക്കുന്ന മദ്രാസ് ഐ ഐ ടിയില്‍ ഒരു കുട്ടി മരിച്ചാല്‍ പേരുപോലും അവിടെ ബാക്കിയുണ്ടാവില്ല. മൃതദേഹം കൊണ്ടുപോകുന്നതും വിട്ടുകൊടുക്കുന്നതുമെല്ലാം സ്വകാര്യ ഏജന്‍സിയാണ്. കേസില്‍ തമിഴ്നാട് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ തൃപ്തനാണെന്നും ലത്വീഫ് പറഞ്ഞു. സംഭവത്തിലെ നിജസ്ഥിതി കണ്ടെത്താന്‍ മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും നല്‍കിയ പിന്തുണ വളരെ വലുതാണ്. തുടര്‍ന്നും അതുണ്ടാകണ
മെന്നും ലത്വീഫ് അഭ്യര്‍ഥിച്ചു.