Connect with us

National

സമ്പദ് വ്യവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി അസാധാരണമായ മൗനം പാലിക്കുന്നു: ചിദംബരം

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് അസാധാരണമായ മൗനം പാലിക്കുകയാണെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം. സമ്പദ് വ്യവസ്ഥയെക്കുറിച്ച് വീമ്പ് പറഞ്ഞ് മന്ത്രിമാരെ അദ്ദേഹം കബളിപ്പിക്കുകയാണെന്നും ചിദംബരം പറഞ്ഞു. 106 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

ഈ സാമ്പത്തിക വര്‍ഷം ഏഴുമാസം പിന്നിട്ടിട്ടും സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രശ്‌നങ്ങള്‍ ചാക്രികമാണെന്നാണ് ബിജെപി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ഗവണ്‍മെന്റിന് ഒരാ വ്യക്തതയുമില്ല. നോട്ട് നിരോധനം, തെറ്റായ ജിഎസ്ടി, നികുതി ഭീകരത തുടങ്ങിയ വിനാശകരമായ തെറ്റുകള്‍ പ്രതിരോധിക്കുന്നതിന് ദുര്‍വാശി കാണിക്കുകയാണ് സര്‍ക്കാറെന്നും ചിദംബരം പറഞ്ഞു.

സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തില്‍ നിന്ന് പുറത്തെടുക്കാന്‍ കഴിയും, പക്ഷേ ഈ സര്‍ക്കാരിന് അത് ചെയ്യാന്‍ കഴിയില്ലെന്നും ചിദംബരം പറഞ്ഞു.

സുപ്രീംകോടതി ജാമ്യ‌ം അനുവദിച്ചതിൽ സന്തോഷമുണ്ടെന്നും 106 ദിവസത്തിനുശേഷം പുറത്തുകടന്ന് സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാനായതിൽ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ അദ്ദേഹം പാര്‍ലമെന്റില്‍ സന്ദർശന‌ നടത്തി. പാര്‍ലമെന്റില്‍ തന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉള്ളിയുടെ വില കുതിച്ചുയരുന്നതിനെതിരെ കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ പ്രതിഷേധത്തിലും അദ്ദേഹം പങ്കുചേര്‍ന്നു. ഇന്നലെ വൈകുന്നേരം ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ചിദംബരം പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു.

ഐഎന്‍എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് 74 കാരനായ ചിദംബരം തിഹാര്‍ ജയിലില്‍ നിന്ന് മോചിതനായത്.

Latest