Connect with us

Kerala

ശബരിമല സന്നിധാനത്ത് ഭക്ഷണ വില വര്‍ധിപ്പിക്കാനാകില്ല: ഹൈക്കോടതി

Published

|

Last Updated

കൊച്ചി | ശബരിമല സന്നിധാനത്ത് ഭക്ഷണ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കണമെന്ന വ്യാപാരികളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഭക്ഷണ സ്റ്റാളുകള്‍ ലേലം ചെയ്യുമ്പോള്‍ തന്നെ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചിട്ടുള്ളതിനാല്‍ പിന്നീട് വില വര്‍ധിപ്പിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. സന്നിധാനത്തും പമ്പയിലും ഭക്ഷണ സാധനങ്ങളുടെ വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.

ലേലത്തിന്റെ ഘട്ടത്തില്‍ തന്നെ വില നിശ്ചയിച്ചുറപ്പിച്ചതിനാല്‍ ഇനി വില വര്‍ധന സാധ്യമല്ല. പിന്നീട് വില കൂട്ടാന്‍ സാധിക്കുമായിരുന്നുവെങ്കില്‍ കൂടുതല്‍ വ്യാപാരികള്‍ ലേലത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടായിരുന്നു. കച്ചവടക്കാര്‍ക്ക് ആവശ്യമെങ്കില്‍ അടുത്ത വര്‍ഷം സ്റ്റാളുകള്‍ ലേലത്തില്‍ എടുക്കും മുന്‍പ് നിരക്ക് പുതുക്കി നിശ്ചയിക്കണം എന്ന ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

നിരക്ക് വര്‍ധനയെ സര്‍ക്കാറും എതിര്‍ത്തു. നേരത്തെ തന്നെ കച്ചവടക്കാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചതെന്നും ഇനി വിലവര്‍ധന സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

സന്നിധാനത്തും പമ്പയിലും 2015ലെ നിരക്കനുസരിച്ചുള്ള ഭക്ഷണ വില ഈടാക്കാനാണ് കലക്ടര്‍ ത്തരവിട്ടിരിക്കുന്നത്.

Latest