Connect with us

National

ജസ്റ്റിസ് അരുണ്‍ മിശ്രക്കെതിരെ അഭിഭാഷകരുടെ പ്രതിഷേധം; മാപ്പു പറയാന്‍ തയാറാണെന്ന് മിശ്ര

Published

|

Last Updated

ന്യൂഡല്‍ഹി: ജസ്റ്റിസ് അരുണ്‍ മിശ്ര ബഞ്ചിലിരിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകാന്‍ ജൂനിയര്‍ അഭിഭാഷകര്‍ ഭയക്കുന്ന സാഹചര്യമുണ്ടെന്ന ആരോപണവുമായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. മിശ്ര ക്ഷമ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കപില്‍ മിശ്ര, ദുഷ്യന്ത് ദവെ എന്നിവരുള്‍പ്പെടെയുള്ള അഭിഭാഷകര്‍ മൂന്നാം കോടതിയിലെത്തി നേരിട്ട് പ്രതിഷേധമറിയിക്കുകയും ചെയ്തു. ബുധനാഴ്ച മിശ്രക്കെതിരെ സുപ്രീം കോടതി അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന്‍ പ്രമേയം പാസാക്കിയിരുന്നു.

അഭിഭാഷകനെ വേദനിപ്പിച്ചുവെങ്കില്‍ 100 തവണ മാപ്പ് പറയാന്‍ തയ്യാറാണെന്ന് അരുണ്‍ മിശ്ര പ്രതികരിച്ചു. അഭിഭാഷക സമൂഹത്തെ സ്വന്തം മാതാവിനെ പോലെയാണ് താന്‍ സ്‌നേഹിക്കുന്നതെന്നും ബാറിന് വേണ്ടി മരിക്കാന്‍ വരെ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യറിയെക്കാള്‍ തന്നെ ആദരിക്കുന്നത് ബാറിനെയാണ്. എന്നാല്‍, മിശ്ര മാപ്പ് പറയണമെന്ന ആവശ്യം ഉന്നയിച്ചിരുന്നില്ലെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച ഇന്‍ഡോര്‍ ഡെവലപ്‌മെന്റ് അതോറിറ്റി കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് അരുണ്‍ മിശ്രയും മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ശങ്കരനാരായണന്റെ വാദഗതികള്‍ പലതും ആവര്‍ത്തനമാണെന്നും നീതി നിര്‍വഹണ സംവിധാനത്തെ ഗോപാല്‍ ശങ്കരനാരായണന്‍ കളിയാക്കുകയാണെന്നും അരുണ്‍ മിശ്ര പറഞ്ഞു. പുതിയ കാര്യങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പറയണമെന്നും ഇല്ലെങ്കില്‍ കോടതി അലക്ഷ്യം ചുമത്തേണ്ടി വരുമെന്ന് താക്കീത് ചെയ്യുകയും ചെയ്തു. ഇതോടെയാണ് അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.