Connect with us

National

കര്‍ണാടകത്തില്‍ 15 നിയമസഭാ സീറ്റിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ്; ബി ജെ പി സര്‍ക്കാറിന് നിര്‍ണായകം

Published

|

Last Updated

ബെംഗളുരു: കര്‍ണാടകത്തില്‍ അയോഗ്യരാക്കപ്പെട്ട 15 എം എല്‍ എമാരുടെ മണ്ഡലങ്ങളിലേക്കുള്ള നിര്‍ണായക ഉപ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. അത്താനി, ചിക്ബല്ലാപൂര്‍, ഗോകക്, ഹിരെകേരൂര്‍, ഹോസകോട്ടെ, ഹുനസുരു, കാഗ്‌വാഡ്, കെ ആര്‍ പുര, കൃഷ്ണരാഹപേട്ടെ, മഹാലക്ഷ്മി ലേ ഔട്ട്, റാണിബെന്നൂര്‍, ശിവാജിനഗര്‍, വിജയനഗര, യെല്ലാപൂര്‍, യശ്വന്ത്പൂര്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ജെ ഡി എസ്-കോണ്‍ഗ്രസ് സഖ്യത്തെ അട്ടിമറിച്ച് അധികാരത്തിലെത്തിയ യെദ്യൂരപ്പ സര്‍ക്കാറിന് അധികാരത്തില്‍ തുടരണമെങ്കില്‍ ആറ് സീറ്റുകള്‍ കൂടി വേണം. അത് നേടാനായില്ലെങ്കില്‍ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ പുറത്തു പോകേണ്ടി വരും. 12 സീറ്റിലെങ്കിലും വിജയിക്കാനാകുമെന്ന ആത്മവിശ്വാസം യെദ്യൂരപ്പ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഭരണം നിലനിര്‍ത്താന്‍ ആവശ്യമായ സീറ്റുകള്‍ ലഭിക്കില്ലെന്ന് ഉറപ്പുള്ള ബി ജെ പി ഉപ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ എം എല്‍ എമാരെ രാജിവെപ്പിക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

സംസ്ഥാനത്ത് സഖ്യ സര്‍ക്കാറിന്റെ പതനത്തിനു ശേഷം ജെ ഡി എസ്-കോണ്‍ഗ്രസ് സഖ്യം തകര്‍ന്നിരുന്നു. ഇരു പാര്‍ട്ടികളും ഒറ്റക്കാണ് ഉപ തിരഞ്ഞെടുപ്പിനെ നേരിട്ടത്.
നിലവില്‍ 207 അംഗങ്ങളുള്ള കര്‍ണാടക നിയമസഭയില്‍ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണ മാത്രമാണ് യെദ്യൂരപ്പക്കുള്ളത്. കേവല ഭൂരിപക്ഷത്തിന് 105 സീറ്റുകളാണ് വേണ്ടത്. നേരത്തെ, 224 അംഗങ്ങളാണ് കര്‍ണാടക നിയമസഭയിലുണ്ടായിരുന്നത്. കോണ്‍ഗ്രസ്, ജെ ഡി എസ് കക്ഷികളില്‍ നിന്നായി 17 എം എല്‍ എമാര്‍ രാജിവച്ച് ബി ജെ പിയിലേക്ക് ചേക്കേറിയതോടെ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ന്യൂനപക്ഷമാവുകയും താഴെയിറങ്ങേണ്ടി വരികയും ചെയ്തു.

ഓപ്പറേഷന്‍ താമരയിലൂടെ കുതിരക്കച്ചവടം നടത്തിയാണ് എം എല്‍ എമാരെ ബി ജെ പി അവരുടെ പാളയത്തിലെത്തിച്ചതെന്നാണ് ജെ ഡി എസും കോണ്‍ഗ്രസും ആരോപിക്കുന്നത്. 17 എം എല്‍ എമാരെയും സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍ അയോഗ്യരാക്കിയിരുന്നു. 17 മണ്ഡലങ്ങളില്‍ മസ്‌കി, ആര്‍ ആര്‍ നഗര്‍ എന്നിവിടങ്ങളിലെ ഉപ തിരഞ്ഞെടുപ്പ് നീട്ടിവച്ചിട്ടുണ്ട്്. ഇവിടങ്ങളില്‍ ഉപ തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരായ ഹരജി കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാലാണിത്. അയോഗ്യരാക്കപ്പെട്ട 17 പേരില്‍ 13 പേര്‍ക്കും ബി ജെ പി അതത് മണ്ഡലങ്ങളില്‍ തന്നെ സ്ഥാനാര്‍ഥികളാക്കിയിട്ടുണ്ട്.

Latest