Connect with us

Editorial

പ്രണയപ്പകയില്‍ 44,412 കൊലപാതകങ്ങള്‍!

Published

|

Last Updated

‘കനകം മൂലം കാമിനി മൂലം” എന്ന ചൊല്ലിനെ അന്വര്‍ഥമാക്കുന്നതാണ് രാജ്യത്തെ കൊലപാതകങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം പുറത്തുവന്ന നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്. പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ ഇന്ത്യയില്‍ വര്‍ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വ്യക്തി വൈരാഗ്യം, സ്വത്തുതര്‍ക്കം, പ്രണയം എന്നിവയാണു കൊലപാതകങ്ങളുടെ മൂന്ന് പ്രധാന കാരണങ്ങളായി അന്വേഷണോ ദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ സ്വത്തുതര്‍ക്കത്തെ തുടര്‍ന്നുള്ള കൊലകളുടെ എണ്ണം 2001-2017 കാലയളവില്‍ 12 ശതമാനവും വ്യക്തിവൈരാഗ്യ കൊലകളുടെ എണ്ണം 4.3 ശതമാനവും കുറഞ്ഞപ്പോള്‍ പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ 28 ശതമാനം വര്‍ധിക്കുകയാണുണ്ടായത്. പ്രണയപ്പകയില്‍ 2001-2017 കാലയളവില്‍ 44,412 കൊലപാതകങ്ങള്‍ നടന്നു. ത്രികോണ പ്രണയമോ അവിഹിത ബന്ധമോ ആണ് പലപ്പോഴും പ്രണയിതാക്കളെ കൊലയിലേക്ക് നയിക്കുന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ അടുത്തിടെ പ്രണയപ്പകയെ തുടര്‍ന്ന് ഒട്ടേറെ കൊലപാതകങ്ങള്‍ നടന്നു. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന പോലീസുദ്യോഗസ്ഥ സൗമ്യയെ കാമുകന്‍ കാറിടിച്ചു വീഴ്ത്തി വടിവാള്‍ കൊണ്ട് വെട്ടിയും പെട്രോള്‍ ഒഴിച്ചു കത്തിച്ചും കൊലപ്പെടുത്തിയ സംഭവം കേരളീയ മനഃസാക്ഷിയെ നടുക്കിയതാണ്. ഈ വര്‍ഷം മാര്‍ച്ച് 12നായിരുന്നു സംഭവം. ഏപ്രില്‍ നാലിന് തൃശൂര്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിനി നീതു ക്രൂരമായി കൊല്ലപ്പെട്ടതും 2018 ഫെബ്രുവരി 23ന് കാസര്‍കോട് സുള്ള്യയില്‍ യുവാവ് കോളജിലെത്തി വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നതും 2017 ഫെബ്രുവരി രണ്ടിന് കോട്ടയത്ത് ഒരു ക്യാമ്പസില്‍ ജൂനിയര്‍ വിദ്യാര്‍ഥിനിയെ സീനിയര്‍ വിദ്യാര്‍ഥി ചേര്‍ത്തു പിടിച്ചു തീകൊളുത്തിയതും പ്രണയം നിരസിച്ചതിന്റെ പേരിലായിരുന്നു. ഇത്തരം ക്രൂരകൃത്യങ്ങള്‍ രാജ്യത്തെമ്പാടും അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കാമുകി പ്രണയത്തില്‍ നിന്ന് പിന്തിരിഞ്ഞുവെന്നറിയുമ്പോള്‍ അവളെ കുരുതി കൊടുക്കുന്ന കാടന്‍ കാമുകന്മാര്‍ കാല്‍പ്പനിക കഥാപാത്രങ്ങളായിരുന്നു മുന്‍കാലങ്ങളില്‍. ഇന്ന് പക്ഷേ, നമ്മുടെ ചുറ്റുപാടും ജീവിച്ചിരിക്കുന്നുണ്ട് ഇത്തരക്കാര്‍ ധാരാളം.

ബാല്യത്തിനും യൗവനത്തിനുമിടയില്‍ കൗമാരത്തിലാണ് മാനസികവും ശാരീരികവും ലൈംഗികപരവുമായ വികാസമുണ്ടാകുന്നത്. ശാരീരികമായ പരിവര്‍ത്തനങ്ങള്‍ക്കൊപ്പം മാനസികമായ മാറ്റങ്ങളും ഈ പ്രായത്തില്‍ സംഭവിക്കുന്നു. ഈ ഘട്ടത്തില്‍ മനസ്സ് സ്‌നേഹം പങ്കുവെക്കാനും കൂടെ നില്‍ക്കുന്ന ഒരാളെ കണ്ടെത്താനും ആഗ്രഹിക്കും. സീരിയലുകളും സിനിമകളും ഇത്തരമൊരു ചിന്താഗതിക്കു ശക്തിപകരുകയും ചെയ്യുന്നു. പ്രണയങ്ങളാണല്ലോ ഇവയിലെയെല്ലാം കഥകളുടെ മര്‍മം. സിനിമ, സീരിയലുകള്‍ക്കടിപ്പെട്ട് സ്വന്തമായി ബോയ്ഫ്രന്‍ഡോ ഗേള്‍ഫ്രന്‍ഡോ ഇല്ലാത്തവര്‍ ഒന്നിനും കൊള്ളാത്തവര്‍ എന്ന നിലയിലെത്തിയിരിക്കുന്നു ഇന്ന് കൗമാര മനസ്സുകള്‍. അതിനിടെ ക്യാമ്പസിലോ കോളജിലേക്കുള്ള യാത്രക്കിടയിലോ കണ്ടുമുട്ടുന്ന ആരെങ്കിലുമായി യാദൃച്ഛികമായി പരിചയപ്പെടുന്നു. ഈ കൂടിക്കാഴ്ച അവരുടെ മനസ്സില്‍ ഒരുതരം അടുപ്പം സൃഷ്ടിക്കുന്നു. ഇത് മാനുഷികവും സ്വാഭാവികവുമാണ്.

ഇതിനെ പ്രണയമെന്ന് പേരുവിളിച്ചു വീണ്ടും വീണ്ടും അവര്‍ കണ്ടുമുട്ടുന്നു. പരസ്പരം ജീവിത ചുറ്റുപാടുകളും സ്വഭാവങ്ങളും പഠിച്ചറിഞ്ഞായിരിക്കില്ല ഈ അടുപ്പം. കുറേ മുന്നോട്ടു പോകുമ്പോഴാണ് കാമുകന്റെ സ്വഭാവദൂഷ്യമോ മോശം ജീവിത സാഹചര്യങ്ങളോ അറിയുന്നത്. അതോടെ അവള്‍ പ്രണയത്തില്‍ നിന്ന് തന്ത്രപരമായി പിന്മാറും.
അകന്നു പോകുന്ന ബന്ധത്തെ തിരിച്ചുപിടിക്കാന്‍ കമിതാവ് നടത്തുന്ന ശ്രമങ്ങള്‍ പരാജയപ്പെടുമ്പോള്‍ അയാളില്‍ പ്രതികാരദാഹമുടലെടുക്കുകയായി. അതോടെ സമനില തെറ്റുകയും തന്നെക്കൂടാതെ ഒരു ജീവിതം അവള്‍ക്ക് വേണ്ട എന്ന തീരുമാനത്തിലെത്തുകയുമാണ്. പിന്നീട് ഏതെങ്കിലും നിലയില്‍ അവളെ നശിപ്പിക്കാനുള്ള വഴിതേടുന്നു. പരസ്പരം ഇഷ്ടമായിരുന്ന കാലത്ത് പ്രണയിനിയുടെ കണ്ണ് നിറയുന്നതോ അവള്‍ക്കെന്തെങ്കിലും പോറലേല്‍ക്കുന്നതോ സഹിക്കാന്‍ സാധിക്കാത്ത കാമുകന് അവളുടെ മേനിയില്‍ മാരകമായ ആയുധങ്ങള്‍ കുത്തിയിറക്കാനുള്ള മാനസികാവസ്ഥ കൈവരുന്നത് അടങ്ങാത്ത പകയില്‍ നിന്നാണ്. മൂന്ന് വര്‍ഷമായി തമ്മില്‍ അടുപ്പത്തിലായിരുന്നു, ഇപ്പോള്‍ അവള്‍ അകല്‍ച്ച പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് അവളെ പെട്രോളൊഴിച്ചു തീകൊളുത്തി കൊന്നതെന്നാണ് ചിയ്യാരത്ത് നീതുവിന്റെ കാമുകന്‍ പോലീസിന് നല്‍കിയ മൊഴി. പ്രണയാഭ്യര്‍ഥന നിരസിക്കുകയോ കമിതാക്കളില്‍ ഒരാള്‍ അകലുകയോ ചെയ്താല്‍ നൈരാശ്യം ബാധിച്ച് താടിയും മുടിയും നീട്ടി അലയുകയോ ഏകാന്ത വാസം നയിക്കുകയോ ഒരു കയര്‍തുണ്ടില്‍ ജീവിതം അവസാനിപ്പിക്കുകയോ ചെയ്യുന്ന കമിതാക്കളെയാണ് പഴയകാല പ്രണയ കഥകളില്‍ അവതരിപ്പിച്ചിരുന്നത്. ഇന്നത്തെ കമിതാക്കള്‍ക്കാകട്ടെ എന്നെ ഇഷ്ടമല്ലെങ്കില്‍ അവള്‍ ജീവിക്കേണ്ട എന്ന മനസ്ഥിതിക്കാരാണ്.

സമൂഹത്തില്‍ പൊതുവെ വര്‍ധിച്ചു വരുന്ന അക്രമവാസനയുടെ ഭാഗം തന്നെയാണ് പ്രണയത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെന്നാണ് മനഃശാസ്ത്രജ്ഞരുടെ വീക്ഷണം. ഇന്ന് കുടുംബ ബന്ധങ്ങളില്‍ മാറ്റങ്ങള്‍ വന്നു. ഇതോടൊപ്പം സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ വരുന്ന മാറ്റങ്ങളും നഗരവത്കരണവും ആഗോളവത്കരണവുമെല്ലാം ചേരുമ്പോള്‍ സമൂഹത്തില്‍ നിന്ന് കാരുണ്യബോധവും സഹനബോധവുമെല്ലാം കുറഞ്ഞു വരികയാണ്. എല്ലാറ്റിലുമുപരി കൗമാര മനസ്സുകളെ വഴിതെറ്റിക്കുന്ന ഒരു ചതിക്കുഴി മാത്രമാണ് ഇന്ന് പ്രണയം. ബഹുഭൂരിഭാഗം പ്രണയത്തിനു പിന്നിലും ലൈംഗികമായ അഭിനിവേഷം മാത്രമാണ്. അടിച്ചു പൊളിയുടെ ഭാഗം മാത്രമാണ് ഇന്നത്തെ തലമുറക്ക് ബോയ്ഫ്രന്‍ഡും ഗേള്‍ഫ്രന്‍ഡും. വസ്ത്രങ്ങള്‍ മാറുന്നത് പോലെ ഇടക്കിടെ ഇത് മാറുകയും ചെയ്യും. ആത്മാര്‍ഥ പ്രണയങ്ങളുടെ കാലമൊക്കെ തീര്‍ന്നു. സദാചാരബോധം അല്‍പ്പമെങ്കിലും അവശേഷിക്കുന്നവരുണ്ടെങ്കില്‍ ഇത്തരം ബന്ധങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കുകയാണ് അഭികാമ്യം.