Connect with us

Gulf

ചരിത്ര സ്ഥലങ്ങളില്‍ കുടുംബ സൗഹാര്‍ദ്ദ പരിപാടികളും സംവേദനാത്മക ശില്‍പശാലകളും സംഘടിപ്പിക്കും

Published

|

Last Updated

അബുദാബി | സാംസ്‌കാരിക, ടൂറിസം വകുപ്പ് ഡിസിടി ചരിത്ര പ്രധാന സ്ഥലങ്ങളില്‍ കുടുംബ സൗഹാര്‍ദ്ദ പരിപാടികളും സംവേദനാത്മക ശില്‍പശാലകളും സംഘടിപ്പിക്കുന്നു. അല്‍ ജഹിലി കോട്ട, അല്‍ ഖത്താര ആര്‍ട്‌സ് സെന്റര്‍, അല്‍ ഐന്‍ പാലസ് മ്യൂസിയം, കസ്ര്‍ അല്‍ മുവൈജി, അല്‍ ഐന്‍ ഒയാസിസ് എന്നിവിടങ്ങളില്‍ ഡിസംബറില്‍ നടക്കുന്ന പരിപാടികള്‍ എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന രീതിയില്‍ പൈതൃകം, നാടോടിക്കഥകള്‍, കലാപരവും സാംസ്‌കാരികവുമായ പരിപാടികള്‍ എന്നിവ ഉള്‍പെടുത്തിയിട്ടുണ്ടെന്ന് ഡി സി ടി അബുദാബി അറിയിച്ചു.

ഖസ്ര്‍ അല്‍ മുവൈജി

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ജന്മസ്ഥലമായ ഖസ്ര്‍ അല്‍ മുവായിജിയില്‍ പുരാതന കായിക പാരമ്പര്യങ്ങള്‍ ആഘോഷിക്കുന്നതിനായി ഡിസംബര്‍ 6 ന് പ്രദേശത്തിന്റെ കുടുംബ സൗഹൃദ ഫാല്‍ക്കണ്‍റി പരിപാടി സംഘടിപ്പിക്കും. യുനെസ്‌കോ പ്രതിനിധി പട്ടികയില്‍ അദൃശ്യമായ സാംസ്‌കാരിക പൈതൃകത്തില്‍ ഈ പരിപാടി രേഖപ്പെടുത്തിയിട്ടുണ്ട്. എമിറേറ്റുകളില്‍ വ്യാപകമായി നടക്കുന്ന കുടുംബ സൗഹൃദ ഫാല്‍ക്കണ്‍റി പരിപാടിയില്‍ സംവേദനാത്മക വര്‍ക്ക്‌ഷോപ്പുകളും പരിശീലന സെഷനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഫാല്‍ക്കണ്‍റിയുടെ തത്വങ്ങളെക്കുറിച്ചും യുഎഇയിലും വിശാലമായ ഗള്‍ഫ് മേഖലയിലും അതിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യത്തെക്കുറിച്ചും പഠിപ്പിക്കുന്നു. ബെയ്ത് അല്‍ ഊദുമായി സഹകരിച്ച് ഡിസംബര്‍ 12 ന് നടത്തുന്ന സംഗീത ഷോയില്‍ ഇമാറാത്തി സമൂഹത്തിലെ അംഗങ്ങള്‍ക്കിടയില്‍ സഹിഷ്ണുതയുടെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ ശക്തിപ്പെടുത്തും.

അല്‍ ഐന്‍ പാലസ് മ്യൂസിയം

സഹിഷ്ണുതയുടെ മൂല്യം ആഘോഷിക്കുന്നതിനായി, ഡിസംബര്‍ 1415 ദിവസങ്ങളില്‍ അല്‍ ഐന്‍ പാലസ് മ്യൂസിയം കള്‍ച്ചറല്‍ കണക്ഷന്‍” പരിപാടി നടത്തും. യുഎഇയില്‍ പ്രകടമാകുന്ന സമാധാനപരമായ സാംസ്‌കാരിക സഹവര്‍ത്തിത്വത്തെ ഉയര്‍ത്തിക്കാട്ടുകയും ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്നുള്ള സാംസ്‌കാരിക ആചാരങ്ങളും പാരമ്പര്യങ്ങളും പരിപാടിയില്‍ അവതരിപ്പിക്കും. കുട്ടികള്‍ക്കായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത വര്‍ക്ക് ഷോപ്പുകളും വിവിധ രാജ്യങ്ങളിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന സാംസകാരിക പരിപാടികളും ഉണ്ടായിരിക്കും. ദേശീയ സ്വത്വത്തിലും ഇമറാത്തി പൈതൃകത്തിലും അഭിമാനം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഡിസംബര്‍ 22 മുതല്‍ 26 വരെ അല്‍ ഐന്‍ പാലസ് മ്യൂസിയം ശീതകാല ക്യാമ്പ് സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികളുടെ ജീവിത നൈപുണ്യങ്ങള്‍ വികസിപ്പിക്കുകയും അല്‍ ഐന്റെ സാംസ്‌കാരിക സ്ഥലങ്ങളെ പരിചയപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

അല്‍ ജാഹിലി കോട്ട

യുഎഇയുടെ 48ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 2 ന് അല്‍ ജാഹിലി ഫോര്‍ട്ടില്‍ വിവിധ പരിപാടികള്‍ നടക്കും. ദേശീയ സ്വത്വത്തില്‍ ആഴത്തില്‍ വേരൂന്നി ശ്രേഷ്ഠ മൂല്യങ്ങള്‍ ആഘോഷിക്കുന്ന വിവിധ കലാപരിപാടികളാണ് നടക്കുക. ഇമറാത്തി സംസ്‌കാരത്തിന്റെ ഏറ്റവും മികച്ചത് ആഘോഷിക്കുന്ന പരിപാടിയില്‍ പൈതൃക വര്‍ക്ക്‌ഷോപ്പുകള്‍, കലാപരിപാടികള്‍, പരമ്പരാഗത ഭക്ഷണം, കായികം, ഗെയിമുകള്‍ എന്നിവ സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാന്‍ കഴിയും. അബുദാബി ആംഡ് ഫോഴ്‌സ് മ്യൂസിയത്തില്‍ നിന്നും മിലിട്ടറി ഹിസ്റ്ററി സെന്ററില്‍ നിന്നും കൊണ്ടുവന്ന 1950 വര്‍ഷം പഴക്കമുള്ള പുരാവസ്തുക്കളുടെ പ്രദര്‍ശനമായ ട്രൂഷ്യല്‍ സ്‌കൗട്ട് കോട്ടയില്‍ ആതിഥേയത്വം വഹിക്കും. ഡിസംബര്‍ 8 മുതല്‍ 29 വരെ നടക്കുന്ന ഷോയില്‍ പ്രദര്‍ശിപ്പിക്കുന്ന ഇനങ്ങള്‍ അല്‍ ജഹിലി കോട്ടയിലെ ട്രൂഷ്യല്‍ സ്‌കൗട്ട് കാലഘട്ടത്തെ വിവരിക്കും. പുരാതന കാലത്ത് ഈ മേഖലയിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ പരിശ്രമിച്ച സൈനിക സേനയുടെ ആസ്ഥാനമായിരുന്നു ട്രൂഷ്യല്‍ സ്‌കൗട്ട്. ഓരോ ശനിയാഴ്ചയും നടക്കുന്ന പരിപാടികളിലും ടൂറുകളിലും അക്കാലത്ത് സേവനമനുഷ്ഠിച്ച സൈനിക ഉദ്യോഗസ്ഥരുമായുള്ള നിരവധി ചര്‍ച്ചകളും നടക്കും. സഹിഷ്ണുതയുടെയും സൗന്ദര്യത്തിന്റെയും മൂല്യങ്ങള്‍ കേന്ദ്രീകരിക്കുന്ന എമിറാത്തി നാടകം “മജറീഹ്” ഡിസംബര്‍ 27 ന് ഷാര്‍ജ നാഷണല്‍ തിയറ്റര്‍ കമ്പനി പ്രദര്‍ശിപ്പിക്കും.

അല്‍ ഖത്തറ ആര്‍ട്‌സ് സെന്റര്‍

അല്‍ ഖത്തറ ആര്‍ട്‌സ് സെന്ററില്‍ ഡിസംബര്‍ 13 ന് അല്‍ ഖത്തറ സിനിമാ പ്രോഗ്രാം ആതിഥേയത്വം വഹിക്കും. അബ്ദുള്‍ റഹ്മാന്‍ അല്‍ മദാനിയുടെ “നാരങ്ങ” എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനവും തുടര്‍ന്ന് നജൂം അല്‍ഗനേം സംവിധാനം ചെയ്ത “ഹമാമ” എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും. ഫാഷനും ആഭരണങ്ങളും ലോകത്തെ പരിചയപ്പെടുത്തുന്ന “മഖവീര്‍” ആദ്യ പതിപ്പ് ഡിസംബര്‍ 28 ന് കേന്ദ്രത്തില്‍ നടക്കും. പരമ്പരാഗത ഫാഷന്‍ സ്‌പെഷ്യലിസ്റ്റായ ഷംസ അല്‍ മുഹൈരി, പരമ്പരാഗത ജ്വല്ലറി സ്‌പെഷ്യലിസ്റ്റ് ആയിഷ അല്‍ ജാബ്രി, ഇമറാത്തി അബയ സ്‌പെഷ്യലിസ്റ്റ് മോനാ അല്‍ മുഹൈരി ഉള്‍പ്പെടെ നിരവധി വിദഗ്ധ ഡിസൈനര്‍മാര്‍ പരിപാടിയില്‍ പങ്കെടുക്കും. ഫാഷന്‍ സ്‌റ്റൈലുകളിലേക്കും ട്രെന്‍ഡുകളിലേക്കും സന്ദര്‍ശകരെ പരിചയപ്പെടുത്തുന്നതിനാണ് പരിപാടി ലക്ഷ്യമിടുന്നു.

അല്‍ ഐന്‍ ഒയാസിസ്

അല്‍ ഐന്‍ ഒയാസിസിന്റെ യുനെസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് ഡിസംബര്‍ 14 ന് ഞങ്ങളുടെ പാരമ്പര്യങ്ങളിലൂടെ സഞ്ചരിക്കുക എന്ന പരിപാടി നടക്കും. പങ്കെടുക്കുന്നവര്‍ക്ക് സമ്പന്നമായ സാംസ്‌കാരിക അനുഭവം ആസ്വദിക്കാനുള്ള അവസരമുണ്ട്. കൂടാതെ പ്രാദേശിക ആചാരങ്ങളെ പരിചയപ്പെടുത്തുന്ന പരിപാടികളും നടക്കും. യുഎഇയില്‍ സാധനങ്ങള്‍ വില്‍ക്കുന്നതും വാങ്ങുന്നതുമുള്ള പാരമ്പര്യങ്ങള്‍ രീതികള്‍ കൂടാതെ പഴയ വിപണികളുടെ വ്യതിരിക്തമായ ശൈലിയും നഗര സ്വഭാവവും സന്ദര്‍ശകര്‍ക്ക് കാണാന്‍ കഴിയും. വാരാന്ത്യങ്ങള്‍ മരുപ്പച്ചയില്‍ എന്ന പരിപാടി ഡിസംബര്‍ 19 മുതല്‍ 21 വരെ നടക്കും. കര്‍ഷക വിപണി, പരമ്പരാഗത ഒയാസിസ്പ്രചോദിത കരകകൗശല വസ്തുക്കള്‍, ഇമറാത്തി പാചക പ്രകടനങ്ങള്‍, സംവേദനാത്മക ഗെയിമുകള്‍, കുതിരസവാരി, മരുപ്പച്ചയിലൂടെ സൈക്കിള്‍ ടൂറുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഫലാജിനെക്കുറിച്ചുള്ള വിദ്യാഭ്യാസ ശില്പശാലയും എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന വിവിധ കലാ കരകൗ ശല ശില്പശാലകളും നടക്കും. അല്‍ ഐന്‍ കള്‍ച്ചറല്‍ പ്രോഗ്രാമിലെ എല്ലാ പരിപാടികളും വര്‍ക്ക് ഷോപ്പുകളും പൊതുജനങ്ങള്‍ക്ക് സൗജന്യമായി പങ്കെടുക്കാന്‍ കഴിയും.

ഖസ്ര്‍ അല്‍ ഹോസ്ന്‍

അബുദാബിയിലെ ഏറ്റവും പഴയ പൈതൃക സ്ഥലം ഖസ്ര്‍ അല്‍ ഹോസ്ന്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. യു എ ഇ യുടെ രൂപീകരണത്തിനും ഏകീകരണത്തിനും സാക്ഷിയായ ഖസ്ര്‍ അല്‍ ഹോസ്ന്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു യാത്രയാണ് സമ്മാനിക്കുന്നത്. ഒരു ദശാബ്ദക്കാലത്തെ നിര്‍മ്മാണത്തിനും നവീകരണത്തിനും ശേഷം കഴിഞ്ഞ ഡിസംബറിലാണ് ഖസ്ര്‍ അല്‍ ഹോസ്ന്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഭരണകുടുംബത്തിന്റെ ഭവനം, ജീവിതശൈലി, പാരമ്പര്യങ്ങള്‍, ആചാരങ്ങള്‍, തൊഴില്‍, യുദ്ധം മുതലായവയെക്കുറിച്ച് ഖസ്ര്‍ അല്‍ ഹോസ്ന്‍ വിവരിക്കുന്നു.

സംസ്‌കാരത്തിന്റെ വിശാലമായ നിര്‍വചനത്തില്‍ വാസ്തുവിദ്യ ഒരു പ്രധാന ഘടകമാണ്. പൈതൃക സ്ഥലങ്ങള്‍ സംരക്ഷിക്കുന്നതില്‍ വലിയ പ്രാധാന്യം യു എ ഇ നല്‍കിയിട്ടുണ്ട്. വിലമതിക്കപ്പെടാത്ത ആധുനിക വാസ്തുവിദ്യയെ രേഖപ്പെടുത്തുകയും പരിപാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഭാവി തലമുറകളുടെ പ്രയോജനത്തിനായി രാജ്യത്തിന്റെ വാസ്തുവിദ്യാ പൈതൃകം രേഖപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ ഉത്തരവിനും പുതിയ തന്ത്രപരമായ ലക്ഷ്യങ്ങള്‍ക്കും അനുസൃതമായിട്ടാണ് യുഎഇ വാസ്തുവിദ്യാ പദ്ധതി മുന്നോട്ട് പോകുന്നത് കലാപൈതൃക മേഖല അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ശൈഖ് സലിം അല്‍ കാസിമി പറഞ്ഞു. സമഗ്രമായ വാസ്തുവിദ്യാ ആര്‍ക്കൈവ് യുഎഇ വാസ്തുവിദ്യാ സൂചിക ഉയര്‍ത്തും. ഇത് ഗവേഷണ റഫറന്‍സിനും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പ്രയോജനം ചെയ്യും അദ്ദേഹം വിശദീകരിച്ചു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest