കോടിയേരി അവധിയില്‍ പോകുന്നു; സിപിഎമ്മിന് പുതിയ സംസ്ഥാന സെക്രട്ടറി വരും

Posted on: December 4, 2019 9:36 pm | Last updated: December 5, 2019 at 12:05 pm

തിരുവനന്തപുരം | സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചികിത്സാ ആവശ്യാര്‍ഥം അവധിയില്‍ പേകുന്നു. ഇതിനായി അദ്ദേഹം അപേക്ഷ നല്‍കി. ആറു മാസത്തെ അവധിയാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് പുതിയ സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കും. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

ആരോഗ്യപരമായ കാരണങ്ങളാല്‍ കഴിഞ്ഞ ആഴ്ചകളായി കോടിയേരി സജീവ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇതിനിടിയില്‍ ചികിത്സക്കായി അദ്ദേഹം വിദേശത്തും പോയിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തില്‍ പാര്‍ട്ടി സെന്ററാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് എംഎ ബേബി സംസ്ഥാന സെക്രട്ടറിയാകുമെന്ന് സൂചനയുണ്ട്. ഇപി ജയരാജന്‍, എം വി ഗോവിന്ദന്‍, എ വിജയരാഘവന്‍ തുടങ്ങിയ പേരുകളും കേള്‍ക്കുന്നുണ്ട്. മന്ത്രിമാരില്‍ ആരെങ്കിലും സെക്രട്ടറിയായാല്‍ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകാനും സാധ്യതയുണ്ട്.